ട്രെയിനിലെ തീവെപ്പ്: തെളിവെടുപ്പിനായി ഷാരൂഖ് സെയ്ഫിയുമായി പൊലീസ് ഷൊർണൂരിലേക്ക്
|ആക്രമണം നടത്തിയ ദിവസം 15 മണിക്കൂറോളം സെയ്ഫി ഷോർണൂരിൽ ചെലവഴിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.
കോഴിക്കോട്: എലത്തൂർ ട്രെയിനിലെ തീവെപ്പ് കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയുമായി അന്വഷണ സംഘം ഷൊർണൂരിലേക്ക് പുറപ്പെട്ടു. തെളിവെടുപ്പിനായാണ് സംഘം പ്രതിയുമായി ഷോർണൂരിലേക്ക് പുറപ്പെട്ടത്. അതീവ സുരക്ഷയിലാണ് യാത്ര. ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് അന്വേഷണ സംഘം ഇയാളുമായി ഷോർണൂരിലേക്ക് തിരിച്ചത്.
വൈകീട്ട് നാലോടെ ഷോർണൂരിലെത്തുമെന്നാണ് പ്രതീക്ഷ. പ്രതിയെ ബുധനാഴ്ച കണ്ണൂരിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. അന്നും വൻ സുരക്ഷാ സന്നാഹങ്ങളുടെ അകമ്പടിയോടെയായിരുന്നു ഇയാളുമായുള്ള യാത്ര. കേസിലെ ഏറ്റവും നിർണായക തെളിവെടുപ്പാണ് ഷോർണൂരിൽ നടക്കുക.
ആക്രമണം നടത്തിയ ദിവസം 15 മണിക്കൂറോളം സെയ്ഫി ഷോർണൂരിൽ ചെലവഴിച്ചിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ഈ സമയത്ത് ഇയാൾക്ക് ഇവിടെ നിന്ന് ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിച്ചിട്ടുണ്ടോ എന്നും ഏതൊക്കെ ആളുകളുമായി ഇയാൾ സംസാരിച്ചിട്ടുണ്ട് തുടങ്ങിയ നിരവധി ചോദ്യങ്ങൾക്കാണ് ഉത്തരം ലഭിക്കേണ്ടത്. പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം.
ഷോർണൂർ റെയിൽവേ സ്റ്റേഷന് ഒരു കി.മീ അകലെയുള്ള പമ്പിൽ നിന്നാണ് ഇയാൾ പെട്രോൾ വാങ്ങിയത്. ഇവിടെയെത്തിച്ചും തെളിവെടുക്കും. ട്രെയിനിലെ സഹയാത്രികരായ രണ്ടു സാക്ഷികളെ കണ്ണൂരിൽ നിന്നെത്തിച്ച് ഇന്ന് തിരിച്ചറിയൽ പരേഡ് നടത്തിയിരുന്നു. ഇതിനു ശേഷമാണ് തുടർ തെളിവെടുപ്പിനായി പ്രതിയുമായി അന്വേഷണ സംഘം ഷോർണൂരിലേക്ക് പോവുന്നത്.