'ഒഴിഞ്ഞുപോയില്ലെങ്കില്‍ കുടിലുകള്‍ക്കു തീയിടും'; ഗുരുഗ്രാമിലെ മുസ്‌ലിം വിരുദ്ധ പോസ്റ്ററുകൾക്കെതിരെ കേസെടുത്തു
|കഴിഞ്ഞ ദിവസമാണ് ചേരികളിൽ നിന്നടക്കം മുസ്‌ലിംകള്‍ ഒഴിഞ്ഞുപോകണമെന്നാണ് ഭീഷണിപ്പെടുത്തി ബജ്റങ്ദളിന്‍റെയും വി.എച്ച്.പിയുടെയും പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്
ഗുരുഗ്രാം: മുസ്‌ലിംകള്‍ ഒഴിഞ്ഞുപോകണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ ഗുരുഗ്രാമില്‍ പോസ്റ്ററുകൾ പതിച്ചതിനെതിരെ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാനായി അന്വേഷണം ആരംഭിച്ചതായി ഗുരുഗ്രാം പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ചേരികളിൽ നിന്നടക്കം മുസ്‌ലിംകള്‍ ഒഴിഞ്ഞുപോകണമെന്നാണ് ഭീഷണിപ്പെടുത്തി ബജ്റങ്ദളിന്‍റെയും വി.എച്ച്.പിയുടെയും പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഒഴിഞ്ഞുപോയില്ലെങ്കിൽ കുടിലുകൾക്കു തീയിടുമെന്നും ജീവൻ നഷ്ടമാകുമെന്നുമായിരുന്നു പോസ്റ്ററുകളില്‍ ഭീഷണി. നൂഹിൽ ഇന്നലെ നടത്തുമെന്നു പ്രഖ്യാപിച്ചിരുന്ന ബ്രിജ്‍മണ്ഡല്‍ യാത്രയ്ക്കു മുന്നോടിയായി ഒഴിയണമെന്നായിരുന്നു ആവശ്യം. “രണ്ടു ദിവസത്തിനകം ചേരികൾ ഒഴിയുക, അല്ലാത്തപക്ഷം ഞങ്ങൾ അവ തീയിടും. നിങ്ങളുടെ മരണത്തിനു നിങ്ങള്‍ തന്നെയായിരിക്കും ഉത്തരവാദികള്‍”- പോസ്റ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതേസമയം, വി.എച്ച്.പിയുടെ ജലാഭിഷേക് യാത്ര ഇന്നലെ മാറ്റിവച്ചിരുന്നു. സുരക്ഷാ നിയന്ത്രണങ്ങളെ തുടര്‍ന്നായിരുന്നു നടപടി. മേഖലയിലെ ക്ഷേത്രങ്ങളില്‍ പൂജ നടത്തി പിരിയുകയായിരുന്നു പ്രവര്‍ത്തകര്‍ ഇന്നലെ ചെയ്തത്. യാത്രയ്ക്കു ജില്ലാ ഭരണകൂടവും പൊലീസും അനുമതി നിഷേധിച്ചെങ്കിലും യാത്ര നടത്തുമെന്നു തന്നെയാണു സംഘാടകർ നേരത്തെ വ്യക്തമാക്കിയിരുന്നത്.
Summary: The police have registered a case against the posters put up in Haryana's Gurugram warning Muslims to leave the slums