'ആക്രമണങ്ങൾക്ക് പിന്നിൽ കേന്ദ്ര സർക്കാരുമായി ബന്ധമുള്ളവർ'; ക്രിസ്ത്യൻ സംഘടനകൾ സുപ്രിംകോടതിയിൽ
|ആക്രമിക്കുന്നത് ബജ്‌റംഗദൾ, വി.എച്ച്.പി ഉൾപ്പെടെയുള്ള സംഘടനയിൽപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരാണ് പ്രവർത്തകരാണെന്ന് ആർച്ച് ബിഷപ്പ് പിറ്റർ മച്ചാഡോ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു.
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രിംകോടതിയിൽ ക്രിസ്ത്യൻ സംഘടനകളുടെ സത്യവാങ്മൂലം. ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾക്ക് പിന്നിൽ കേന്ദ്ര സർക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. ആക്രമിക്കുന്നത് ബജ്‌റംഗദൾ, വി.എച്ച്.പി ഉൾപ്പെടെയുള്ള സംഘടനയിൽപ്പെട്ട ആർ.എസ്.എസ് പ്രവർത്തകരാണ്. അക്രമത്തിനിരയായവരെ ജയിലിലടക്കുകയാണ് പൊലീസ് ചെയ്യുന്നത്. അക്രമികൾക്കെതിരെ എഫ്.ഐ.ആർ പോലും ഇടുന്നില്ലെന്നും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. കേന്ദ്രം സമർപ്പിച്ച സത്യവാങ്മൂലത്തിനുള്ള മറുപടിയിലാണ് കുറ്റപ്പെടുത്തൽ.
ഇത്തരം സംഘടനകൾ വിദ്വേഷപ്രചാരണവും അക്രമവും നടത്തുമ്പോൾ അത് തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ ഭരണകൂടം പൂർണമായും പരാജയപ്പെട്ടിരിക്കുകയാണ്. 2021 മുതലാണ് വിവിധ സംസ്ഥാനങ്ങളിൽ ക്രിസ്ത്യാനികൾക്കെതിരായ ആക്രമണം വ്യാപകമായത്. യു.പി, മധ്യപ്രദേശ്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം പാസാക്കിയതിന് പിന്നാലെയാണ് അക്രമങ്ങൾ വർധിച്ചത്. ഇത്തരം അക്രമങ്ങൾ യാദൃച്ഛികമായി സംഭവിക്കുന്നതല്ലെന്നും കൃത്യമായ ആസൂത്രണത്തിന്റെ ഭാഗമാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.
രാജ്യത്ത് ക്രിസ്ത്യാനികൾക്കെതിരെ വർധിച്ചുവരുന്ന അക്രമങ്ങൾ നിയന്ത്രിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക് ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവർ സുപ്രിംകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തിരുന്നു. ഇതിനെതിരെ കേന്ദ്രം സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിൽ ആരോപണങ്ങൾ പൂർണമായും തള്ളുകയായിരുന്നു. അടിസ്ഥാനരഹിതവും യാതൊരു തെളിവുകളുമില്ലാത്തതുമായ ആരോപണങ്ങളാണ് ഹരജിക്കാൻ ഉന്നയിക്കുന്നതെന്നാണ് സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നത്. വ്യക്തിപരമായ ചില പ്രശ്‌നങ്ങളെ ഹരജിക്കാൻ വർഗീയ കുറ്റകൃത്യങ്ങളായി വ്യാഖ്യാനിക്കുകയാണെന്നും സർക്കാർ കുറ്റപ്പെടുത്തിയിരുന്നു.