India
രാഷ്ട്രീയം എന്നത് അധികാര രാഷ്ട്രീയം മാത്രമായിമാറി: നിതിൻ ഗഡ്കരി
India

'രാഷ്ട്രീയം എന്നത് അധികാര രാഷ്ട്രീയം മാത്രമായിമാറി': നിതിൻ ഗഡ്കരി

Web Desk
|
27 Sep 2024 1:55 PM GMT

ഭരണാധികാരികൾക്ക് വിമർശനങ്ങളെ സഹിഷ്ണുതയോടെ ഉൾക്കൊള്ളാൻ കഴിയണമെന്ന് ഗഡ്കരി പറഞ്ഞിരുന്നു

ന്യൂഡൽഹി: രാഷ്ട്രീയം എന്നത് അധികാര രാഷ്ട്രീയം മാത്രമായി മാറിയെന്ന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. രാഷ്ട്രീയം യഥാർത്ഥത്തിൽ സാമൂഹ്യസേവനം, രാഷ്ട്രനിർമാണം, വികസനം എന്നിവയുടെ പര്യായമാണെങ്കിലും ഇന്നത്തെ കാലത്ത് അത് അധികാര രാഷ്ട്രീയം മാത്രമാണെന്നാണ് ബിജെപി നേതാവും കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിയുമായ നിതിൻ ഗഡ്കരിയുടെ പ്രസ്താവന.

രാജസ്ഥാനിലെ ഒരു ചടങ്ങിനിടെയായിരുന്നു ഗഡ്കരിയുടെ പ്രതികരണം. രാഷ്ട്രീയം അഭിമുഖീകരിക്കുന്നത് അഭിപ്രായവ്യത്യാസ പ്രശ്‌നങ്ങളല്ല. മറിച്ച് ആശയങ്ങളുടെ അഭാവമാണ്. രാഷ്ട്രീയത്തിന്റെ അർഥം സാമൂഹ്യ സേവനം, രാഷ്ട്ര നിർമാണം, വികസനം എന്നിവയാണ്. എന്നാൽ ഇന്ന് രാഷ്ട്രീയം എന്നതിന്റെ നിർവചനം അധികാര രാഷ്ട്രീയം എന്ന് മാത്രമായി മാറിയിരിക്കുന്നു- ഗഡ്കരി പറഞ്ഞു. പാർട്ടിയിൽ നിന്ന് ഒന്നും കിട്ടിയില്ലെങ്കിലും നന്നായി പെരുമാറുന്നവനാണ് നല്ല പാർട്ടി പ്രവർത്തകനെന്നും ഗഡ്കരി പറഞ്ഞു.

അതേസമയം മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മുതിർന്ന ബിജെപി നേതാക്കളും കഴിഞ്ഞ ദിവസം വിളിച്ചു ചേർത്ത യോഗത്തിൽ ഗഡ്കരി പങ്കെടുത്തിരുന്നില്ല. ഇത് പുതിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിവെച്ചത്. നാഗ്പൂർ സ്വദേശിയും സ്ഥലം എംപിയുമായ ഗഡ്കരിയുടെ പ്രവർത്തനമികവ് തെരഞ്ഞെടുപ്പിലെ മുഖമുദ്രയാക്കാനാണ് പാർട്ടി തീരുമാനം എന്നിരിക്കെയാണ് മുതിർന്ന നേതാവായ ഗഡ്കരി യോഗത്തിലെത്താതിരുന്നത്. കൂടാതെ മഹാരാഷ്ട്രയിലെ വർധയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പരിപാടിയിലും ​ഗഡ്കരി ഉണ്ടായിരുന്നില്ല. എന്നാൽ ഇതിന് പിന്നാലെ പുണെയിൽ നടന്ന ഒരു ചടങ്ങിനിടെ ഭരണാധികാരികൾക്ക് വിമർശനങ്ങളെ സഹിഷ്ണുതയോടെ ഉൾക്കൊള്ളാൻ കഴിയണമെന്ന പ്രസ്താവനയും നടത്തിയിരുന്നു ഗഡ്കരി. എഴുത്തുകാരും ചിന്തകരുമെല്ലാം ഭയമില്ലാതെ അഭിപ്രായങ്ങൾ പറയണമെന്നും വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടാൻ ഭരണാധികാരികൾക്ക് കഴിയണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.


Similar Posts