മമതയ്ക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ബിജെപി സ്ഥാനാർഥിയായ മുൻ ഹൈക്കോടതി ജഡ്ജിക്ക് തെര.കമ്മീഷൻ നോട്ടീസ്
|പരാമർശം അനുചിതവും മോശവും അന്തസിനെ ഹനിക്കുന്നതും ആണെന്നും മാതൃകാ പെരുമാറ്റച്ചട്ട വ്യവസ്ഥകൾ ലംഘിക്കുന്നതുമാണെന്നും കമ്മീഷൻ നോട്ടീസിൽ ചൂണ്ടിക്കാട്ടി.
ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരായ അശ്ലീല പരാമർശത്തിൽ കൽക്കട്ട ഹൈക്കോടതി മുൻ ജഡ്ജിയും ബിജെപി സ്ഥാനാർഥിയുമായ അഭിജിത് ഗംഗോപാധ്യായക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. ഗംഗോപാധ്യായയുടെ പരാമർശം അനുചിതവും എല്ലാ അർഥത്തിലും മോശവും അന്തസിനെ ഹനിക്കുന്നതും ആണെന്നും മാതൃകാ പെരുമാറ്റച്ചട്ട വ്യവസ്ഥകൾ ലംഘിക്കുന്നതുമാണെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചത്. മെയ് 20 വൈകീട്ട് അഞ്ചിനകം മറുപടി നൽകണമെന്നാണ് നോട്ടീസിലെ നിർദേശം.
ബുധനാഴ്ച ഹാൽദിയ ജില്ലയിൽ നടന്ന പൊതുയോഗത്തിലാണ് ബംഗാളിലെ തംലുക്ക് മണ്ഡലം ബിജെപി സ്ഥാനാർഥിയുടെ വിവാദ പരാമർശം. ബുധനാഴ്ച ഹാൽദിയ ജില്ലയിൽ നടന്ന പൊതുയോഗത്തിലാണ് ബംഗാളിലെ തംലുക്ക് മണ്ഡലം ബിജെപി സ്ഥാനാർഥിയുടെ വിവാദ പരാമർശം.
'രേഖാ പത്രയെ (ബിജെപി സന്ദേശ്ഖലി സ്ഥാനാർഥി) 2000 രൂപയ്ക്ക് വാങ്ങിയെന്ന് തൃണമൂൽ പറയുന്നു. അപ്പോൾ, മമതാ ബാനർജി, നിങ്ങളുടെ വില എന്താണ്. 10 ലക്ഷം രൂപ?'-എന്നായിരുന്നു ഇയാളുടെ പരാമർശം. അഭിജിത് ഗംഗോപാധ്യയുടെ പരാമർശങ്ങൾ സ്ത്രീവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് തെര. കമ്മീഷന് പരാതി നൽകുകയായിരുന്നു. എന്നാൽ വീഡിയോ വ്യാജമാണെന്നാണ് ബിജെപി വാദം.
തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ, ബിജെപി നേതാവിൻ്റെ പരാമർശം ഏറെ ലജ്ജാകരവും നിന്ദ്യവുമാണെന്നും സ്ഥാനാർഥിയുടെ സ്ത്രീവിരുദ്ധ മനോഭാവം കാണിക്കുന്നതാണെന്നും തൃണമൂൽ ചൂണ്ടിക്കാട്ടി. ഗംഗോപാധ്യായയുടെ അശ്ലീലവും അപരിഷ്‌കൃതവുമായ പരാമർശങ്ങൾ മര്യാദയുടെയും ധാർമികതയുടെയും അതിർവരമ്പുകൾ ലംഘിക്കുന്നതാണ്. മാത്രമല്ല, ഏക വനിതാ മുഖ്യമന്ത്രി മമത ബാനർജിയോടുള്ള നഗ്നമായ അവഹേളനമാണെന്നും പരാതിയിൽ പറയുന്നു.
ബിജെപി സ്ഥാനാർഥികൾ വോട്ട് നേടാനായി സ്ത്രീകൾക്കെതിരെ അപമര്യാദയായ പ്രസ്താവനകൾ നടത്തുകയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. ഗംഗോപാധ്യായയ്‌ക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാനും പൊതുയോഗങ്ങളിലും റാലികളിലും പങ്കെടുക്കുന്നതിൽ നിന്ന് വിലക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിടണമെന്ന് തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
വ്യക്തിപരമായി അധിക്ഷേപിക്കുന്നതും അപമാനിക്കുന്നതുമായ പരാമർശങ്ങൾ നടത്തരുതെന്ന് ബിജെപി സ്ഥാനാർഥികൾക്ക് നിർദേശം നൽകണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് 25നാണ് തംലുക്ക് മണ്ഡലത്തിലെ വോട്ടെടുപ്പ്. കൽക്കട്ട ഹൈക്കോടതി ജഡ്ജിയായിരുന്ന ഗംഗോപാധ്യായ മാർച്ച് അഞ്ചിനാണ് സ്ഥാനം രാജിവച്ചത്. ഏഴിന് ബിജെപിയിൽ ചേരുകയും ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി ഗംഗോപാധ്യായയെ സ്ഥാനാർഥിയാക്കുകയായിരുന്നു.