മാവോയിസ്റ്റ് ആക്രമണങ്ങള്‍ക്കിടയിൽ ഛത്തിസ്ഗഢിലും മിസോറാമിലും വോട്ടെടുപ്പ് പൂർത്തിയായി
|ഛത്തീസ്ഗഡിലെ വിവിധയിടങ്ങളിൽ നടന്ന മാവോയിസ്റ്റ് ആക്രമണങ്ങളിൽ 4 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
ഛത്തിസ്ഗഢിലെ 20 മണ്ഡലങ്ങളിലും മിസോറാമിലും വോട്ടെടുപ്പ് പൂർത്തിയായി. മിസോറാമിൽ അഞ്ച് മണി വരെ 75.68 ഉം ഒന്നാംഘട്ട വോട്ടെടുപ്പ് നടന്ന ഛത്തീസ്ഗഡിൽ 70.87 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്.
അതേ സമയം ഛത്തീസ്ഗഡിലെ വിവിധയിടങ്ങളിൽ നടന്ന മാവോയിസ്റ്റ്, നക്സലൈറ്റ് ആക്രമണങ്ങളിൽ 4 സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
സുരക്ഷാ സേനയുടെ കനത്ത കാവലിലും മൂന്ന് തവണയാണ് ഛത്തീസ്ഗഡിലെ സുഖ്മ ജില്ലയിൽ മാവോയിസ്റ്റ് ആക്രമണം ഉണ്ടായത്. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഉള്ള മാവോയിസ്റ്റ് ഭീഷണി മറികടക്കാൻ അരലക്ഷത്തിലേറെ സുരക്ഷാ ഉദ്യോഗസ്ഥരെ സുഖ്മ ജില്ലയിൽ വിന്യസിച്ചിരുന്നു.
പോളിംഗിൻ്റെ ആദ്യ മണിക്കൂറിൽ നടന്ന ആക്രമണത്തിൽ ഒരു സിആർപിഎഫ് ജവാന് പരുക്കേറ്റു. രണ്ടാം തവണ ബന്ദയിലെ പോളിംഗ് സ്റ്റേഷന് നേരെ ഉണ്ടായ ആക്രമണം സുരക്ഷാ സേന പ്രതിരോധിച്ചു. നാരായൺപൂരിൽ സുരക്ഷാ സേന നടത്തിയ ഏറ്റുമുട്ടലിൽ നക്സൽ പ്രവർത്തകർ തോറ്റ് പിന്മാറി. ഇവിടെ നിന്ന് ആയുധങ്ങൾ ഉൾപ്പടെ കണ്ടെത്തി. സുഖ്മ ജില്ലയിൽ വൈകീട്ട് നടന്ന ഏറ്റുമുട്ടലിൽ 3 പാരാമിലിട്ടറി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
ഈ ആശങ്കകൾക്ക് ഇടയിലാണ് ആദ്യഘട്ടത്തിൽ ജനവിധി എഴുതിയ ഛത്തീസ്ഗഡിലെ 20 മണ്ഡലങ്ങൾ മികച്ച പോളിംഗ് രേഖപ്പെടുത്തിയത്. ഭീഷണികൾ ഭയക്കാതെ ജനങ്ങൾ വോട്ട് ചെയ്യാൻ എത്തണമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തു.
രാവിലെ 7 മണിക്ക് പോളിംഗ് ആരംഭിച്ച 10 മണ്ഡലങ്ങളിൽ വൈകീട്ട് 3 മണിക്കും 8 മണിക്ക് പോളിംഗ് ആരംഭിച്ച മണ്ഡലങ്ങളിൽ വൈകീട്ട് 5 മണിക്കും പോളിംഗ് അവസാനിച്ചു. മാവോയിസ്റ്റ് നക്സൽ ഭീഷണി ശക്തമായ മണ്ഡലങ്ങളിൽ മാത്രമാണ് പോളിംഗ് ശതമാനം കുറഞ്ഞത്. ത്രികോണ മത്സരത്തിന് കളമൊരുങ്ങിയ മിസോറാമിലും ശക്തമായ പോളിംഗ് രേഖപ്പെടുത്തി. മിസോറാം നിയമസഭാ തെരഞ്ഞെടുപ്പിൽ 40 മണ്ഡലങ്ങളിലും പോളിംഗ് ആരംഭിച്ച ആദ്യ മണിക്കൂറുകളിൽ തന്നെ നിരവധി പേര് തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിക്കാൻ എത്തിയിരുന്നു.