'ബഹുഭാര്യത്വം നിരോധിക്കും'; ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് ബിൽ അടുത്ത ആഴ്ചയോടെ
|ബഹുഭാര്യത്വ നിരോധനം, ലിവിങ് ടുഗതറിന് രജിസ്‌ട്രേഷൻ, പാരമ്പര്യ സ്വത്തിൽ ആണിനും പെണ്ണിനും തുല്യ വിഹിതം തുടങ്ങിയ വ്യവസ്ഥകൾ ബില്ലിലുണ്ടാവുമെന്നാണ് റിപ്പോർട്ട്.
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽകോഡ് ബിൽ അടുത്ത ആഴ്ചയോടെ നിയമസഭയിൽ അവതരിപ്പിക്കും. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് ബിൽ അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. വിഷയം പഠിക്കാനായി സുപ്രിംകോടതി മുൻ ജഡ്ജി രഞ്ജന ദേശായിയുടെ നേതൃത്വത്തിൽ സർക്കാർ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. സമിതിയുടെ നിർദേശപ്രകാരമാണ് സർക്കാർ ബിൽ തയ്യാറാക്കുന്നത്.
ബഹുഭാര്യത്വ നിരോധനം, ലിവിങ് ടുഗതറിന് രജിസ്‌ട്രേഷൻ, പാരമ്പര്യ സ്വത്തിൽ ആണിനും പെണ്ണിനും തുല്യ വിഹിതം തുടങ്ങിയ വ്യവസ്ഥകൾ ബില്ലിലുണ്ടാവുമെന്നാണ് റിപ്പോർട്ട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉത്തരാഖണ്ഡാണ് ഏകീകൃത സിവിൽകോഡ് നടപ്പാക്കാൻ ആദ്യം രംഗത്തുവന്നിരിക്കുന്നത്. ഉത്തരാഖണ്ഡിൽ ബി.ജെ.പിയുടെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഏകീകൃത സിവിൽകോഡ്.
കഴിഞ്ഞ വർഷമാണ് ഏകീകൃത സിവിൽകോഡിനെക്കുറിച്ച് പഠിക്കാൻ ഉത്തരാഖണ്ഡ് സർക്കാർ സമിതിയെ നിയോഗിച്ചത്. ഗോത്ര വിഭാഗക്കാർ, വിവിധ സംഘടനകൾ, വിഭാഗങ്ങൾ തുടങ്ങി 2.33 ലക്ഷം ആളുകളിൽനിന്ന് വിവരശേഖരണം നടത്തിയതായി സമിതി അധ്യക്ഷൻ പറഞ്ഞു.