India
Poonch attack
India

പൂഞ്ചില്‍ ഭീകരരും സൈന്യവും തമ്മിൽ ഏറ്റമുട്ടൽ തുടരുന്നു; ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് സംഘടന

Web Desk
|
22 Dec 2023 7:55 AM GMT

ഉന്നത സൈനിക ഉദ്യോഗസ്ഥർ രജൗരി ജില്ലയിലേക്ക് എത്തും

ഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരും സൈന്യവും തമ്മിൽ ഏറ്റമുട്ടൽ തുടരുന്നു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലഷ്കർ ഇ-ത്വയ്ബ ഉപവിഭാഗം ഏറ്റെടുത്തെന്ന് സൈന്യം അറിയിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥർ രജൗരി ജില്ലയിലേക്ക് എത്തും. നാലു സൈനികരാണ് പൂഞ്ചിലെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ആഭ്യന്തര സുരക്ഷാ ക്രമീകരണങ്ങൾ പുനഃപരിശോധിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. പൂഞ്ചിലെ ആക്രമണത്തിന് പിന്നാലെ വ്യാപക തെരച്ചിലാണ് മേഖലയിൽ നടക്കുന്നത്. കൂടുതൽ സേനയെ പൂഞ്ചിൽ എത്തിച്ചിട്ടുണ്ട്.

പൂഞ്ചിലെ ദേരാകി ഖലിയിൽ നടന്ന ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച രണ്ട് സൈനികരുടെ മൃതദേഹങ്ങൾ വികൃതമാക്കി എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സൈനികരുടെ ആയുധങ്ങൾ കടത്തിയതായി സംശയമുണ്ട്. മഞ്ഞ് വീഴ്ചയുടെ മറവിൽ അതിർത്തി കടന്നെത്തിയ ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്ന് സൈന്യം പറഞ്ഞു. രജൗരി - പൂഞ്ച് മേഖലകളുടെ അതിർത്തിയാണിത്. വലിയ വളവും മോശം റോഡും ആയതിനാൽ സൈനിക വാഹനം വേഗത കുറയും എന്ന കണക്ക് കൂട്ടലിലാണ് ഭീകരർ ആക്രമിച്ചത്.

ആക്രമണത്തിന്‍റെ ഉത്തരവാദിത്തം പാകിസ്താന്‍ ആസ്ഥാനമായ പീപ്പിൾസ് ആന്‍റി ഫാസിസ്റ്റ് ഫ്രണ്ട് ഏറ്റെടുത്തു. ഭീകരസംഘടന ലഷ്കർ ഇ-ത്വയ്ബയുടെ വിഭാഗമാണ് പീപ്പിൾസ് ആന്റി ഫാസിസ്റ്റ് ഫ്രണ്ട്. ഉന്നത സൈനിക ഉദ്യോഗസ്ഥർ രജൗരി ജില്ലയിലേക്ക് പുറപ്പെട്ടു. ഭീകരാക്രമണം കോൺഗ്രസ് അപലപിച്ചു. സുരക്ഷാ സംവിധാനങ്ങൾ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കണമെന്നും അതിർത്തിയിൽ ചൈന കടന്നുകയറ്റം ശക്തമാകുന്നുവെന്നും കോൺഗ്രസ്‌ പറഞ്ഞു.

Related Tags :
Similar Posts