India
Porsche crash,Pune police,Maharashtra,Pune accident, Porsche accident,latest national news,പോര്‍ഷെ കാറപകടം,പൂനെ ആഡംബര കാര്‍ അപകടം,
India

പോർഷെ കാറിടിച്ച് ടെക്കികള്‍ മരിച്ച സംഭവം: അപകടത്തിന് മുമ്പ് 17 കാരൻ ഒരു പബ്ബിൽ ചെലവഴിച്ചത് 48,000 രൂപ, മദ്യപിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്ത്

Web Desk
|
22 May 2024 4:49 AM GMT

കൂട്ടുകാർക്കൊപ്പം രണ്ടു പബ്ബുകളിലെ മദ്യസൽക്കാരം കഴിഞ്ഞ് മടങ്ങുന്ന വഴിയാണ് അപകടമുണ്ടായത്

പൂനെ: പൂനെയിലെ പ്രമുഖ ബിൽഡറുടെ 17 വയസ്സുള്ള മകൻ ഓടിച്ച പോർഷെ കാറിടിച്ച് യുവ ടെക്കികൾ മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഞായറാഴ്ച പുലർച്ചെയാണ് അപകടമുണ്ടായത്. അപകടത്തിന് മുമ്പ് 17 കാരൻ പ്ലസ് ടു വിജയച്ചതിന്റെ പാർട്ടി നടത്താനായി കൂട്ടുകാർക്കൊപ്പം രണ്ടു പബ്ബുകളിലാണ് ചെലവഴിച്ചത്. അതിലൊരു പബ്ബിൽ ഒന്നരമണിക്കൂറിന് 48,000 രൂപ ചെവഴിച്ചതായി പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രി 10.40 ന് കൗമാരക്കാരനും സുഹൃത്തുക്കളും സന്ദർശിച്ച ആദ്യത്തെ പബ്ബായ കോസിയിൽ 48,000 രൂപ ബില്ല് അടച്ചതായി പൂനെ പൊലീസ് കമ്മീഷണർ അമിതേഷ് കുമാർ പറഞ്ഞു.

'ഈ പബ്ബിന്റെ സമയം കഴിഞ്ഞതിനാൽ 12.10 ന് അവർ രണ്ടാമത്തെ പബ്ബായ ബ്ലാക് മാരിയോട്ടിലേക്ക് പോയി. 17 കാരൻ അടച്ച 48,000 രൂപയുടെ ബിൽ ഞങ്ങൾക്ക് ലഭിച്ചു. ബില്ലിൽ പബ്ബിൽ വിളമ്പിയ മദ്യത്തിന്റെ വിലയും ഉൾപ്പെടുന്നതായി പൊലീസ് കമ്മീഷണർ പറഞ്ഞു. 17 കാരനും കൂട്ടുകാരും പബ്ബുകൾ സന്ദർശിക്കുകയും കാർ ഓടിക്കുന്നതിന് മുമ്പ് മദ്യം കഴിക്കുകയും ചെയ്തിരുന്നു. ഇവർ മദ്യം കഴിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഞങ്ങളുടെ പക്കലുണ്ട്.ഇവരുടെ രക്തസാമ്പിൾ പരിശോധനക്ക് അയച്ചിരിക്കുകയാണെന്നും അതിന്റെ ഫലത്തിനായി കാത്തിരിക്കുകയാണ്'..എ.സി.പി മനോജ് പാട്ടീൽ പറഞ്ഞു.

സാഹചര്യങ്ങളുടെയും ഇതുവരെ ശേഖരിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ, 17 കാരനെതിരെ പൂനെ പൊലീസ് മദ്യപിച്ച് വണ്ടിയോടിച്ചതിന് കേസെടുത്തിരുന്നു. സംഭവത്തിൽ കൗമാരക്കാരന്റെ പിതാവിനെയും മദ്യം വിളമ്പിയ രണ്ട് ബാറുകളുടെ ഉടമകളും പിടിയിലായിരുന്നു. കാറിന്റെ ഉടമയും പ്രമുഖ ബിൽഡറും റിയൽ എസ്റ്റേറ്റ് ഡെവലപ്പറുമായ വിഷാൽ അഗർവാളിനെ മഹാരാഷ്ട്രയിലെ ഔറംഗബാദിലെ ഛത്രപതി സംഭാജിനഗർ പ്രദേശത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

പൂനെയിലെ കൊറേഗാവ് പാർക്കിനടുത്ത് ഞായറാഴ്ച പുലർച്ചെ പോര്‍ഷെ കാറിടിച്ച് ഇരുചക്ര വാഹനയാത്രികരായ യുവതിക്കും യുവാവിനുമാണ് ജീവൻ നഷ്ടമായത്. കാറോടിച്ചതാകട്ടെ 17 കാരനും. പ്രശസ്ത ബിൽഡറുടെ മകനായ 17കാരൻ ഓടിച്ചിരുന്ന പോർഷെ ഇവർ സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.മധ്യപ്രദേശ് സ്വദേശികളും എൻജിനീയർമാരുമായ അനീഷ് അവാധ്യ, അശ്വിനി കോസ്റ്റ എന്നിവരാണ് മരിച്ചത്.

അതേസമയം, സംഭവത്തിൽ കൗമാരക്കാരനെ രക്ഷിക്കാനായി പൊലീസ് ഒത്തുകളിച്ചെന്ന ആരോപണത്തിലും പൊലീസ് കമ്മീഷണർ പ്രതികരിച്ചു. ഇക്കാര്യത്തിൽ ഏതെങ്കിലും തരത്തിലുള്ള പ്രീണനത്തിന്റെയോ രാഷ്ട്രീയ സമ്മർദത്തിന്റെയോ കാര്യമില്ലെന്നും ഞങ്ങൾ തുടക്കം മുതൽ നിയമപരമായി തന്നെ മുന്നോട്ട് പോയെന്നും കമ്മീഷണർ പറഞ്ഞു. അപകടത്തിന് പിന്നാലെ പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയായ കൗമാരക്കാരന് പിസയും ബർഗറും ബിരിയാണിയും വിളമ്പിക്കൊടുത്തുവെന്ന ആരോപണവുമായി കഴിഞ്ഞദിവസം പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തിയിരുന്നു. അതിനിടെ സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി.

മദ്യപിച്ച് ലക്കുകെട്ട് രണ്ട് പേരെ കൊലപ്പെടുത്തിയതിന് 17 വയസുകാരന് എന്തിനാണ് പ്രത്യേക മുൻഗണന നൽകിയിരിക്കുന്നതെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. സമ്പന്ന കുടുംബത്തിലെ കൗമാരക്കാരൻ മദ്യപിച്ച് പോർഷെ കാറുപയോഗിച്ച് രണ്ടുപേരെ കൊന്നിട്ട് അവനോട് ഉപന്യാസം എഴുതാനാണ് പറയുന്നത്. എന്തുകൊണ്ടാണ് അപകടമുണ്ടായ ശേഷം ബസ്, ട്രക്ക് ഓട്ടോറിക്ഷ ഡ്രൈവർമാരോടോ മറ്റോ ഇത്തരം ഉപന്യാസങ്ങൾ എഴുതാൻ ആവശ്യപ്പെടാത്തതെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

300 വാക്കിൽ ഉപന്യാസമെഴുതണം എന്ന വിചിത്ര ഉപാധിയോടെയാണ് അമിതവേഗത്തിൽ പോർഷെ കാറോടിച്ച കൗമാരക്കാരന് ജുവനൈൽ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിക്കാൻ പര്യാപ്തമായ കുറ്റകൃത്യമല്ലെന്ന് കണ്ടെത്തിയാണ് കോടതി ജാമ്യം അനുവദിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറയുന്നു. അപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതുക, 15 ദിവസം യെരവാഡയിലെ ട്രാഫിക് പൊലീസിനൊപ്പം നിൽക്കുക, മദ്യപാനം ഉപേക്ഷിക്കാൻ ചികിത്സ നേടുക, മാനസികാരോഗ്യ കൗൺസിലിങ്ങിന് വിധേയമാവുക എന്നിവയാണ് കൗമാരക്കാരന്റെ ജാമ്യ വ്യവസ്ഥകൾ.

Similar Posts