അതിഥിയെന്ന വ്യാജേന വിവാഹ നിശ്ചയത്തിനെത്തി; 4.5 ലക്ഷവുമായി കള്ളന് മുങ്ങി
|മകന്റെ വിവാഹ നിശ്ചയ ചടങ്ങിൽ അതിഥി വേഷത്തിലാണ് പ്രതി എത്തിയതെന്ന് കേസിലെ പരാതിക്കാരനായ ഇന്ദ്രേഷ് കുമാർ ത്യാഗി പറഞ്ഞു
ബെഹ്റാംപൂർ: ഗാസിയാബാദ്, ക്രോസിംഗ്സ് റിപ്പബ്ലിക്കിലെ ബെഹ്റാംപൂരിലെ ഒരു ഫാംഹൗസിൽ നടന്ന വിവാഹ നിശ്ചയ ചടങ്ങിനെത്തിയ പ്രായപൂർത്തിയാകാത്ത ആളെന്ന് സംശയിക്കുന്ന അജ്ഞാതൻ നാലര ലക്ഷം രൂപ വില വരുന്ന ആഭരണങ്ങളും പണവും അടങ്ങിയ ബാഗ് മോഷ്ടിച്ചു. അതിഥിയെന്ന വ്യാജേനെ ചടങ്ങിനെത്തിയാണ് മോഷണം നടത്തിയത്.
ജനുവരി 25നായിരുന്നു സംഭവം. മകന്റെ വിവാഹ നിശ്ചയ ചടങ്ങിൽ അതിഥി വേഷത്തിലാണ് പ്രതി എത്തിയതെന്ന് കേസിലെ പരാതിക്കാരനായ ഇന്ദ്രേഷ് കുമാർ ത്യാഗി പറഞ്ഞു.''വേദിയില്‍ നിന്നും എഴുന്നേല്‍ക്കേണ്ടി വന്നപ്പോള്‍ ഷൂ അഴിക്കാനായി വിലപിടിപ്പുള്ള സാധനങ്ങളും പണവും അടങ്ങിയ ബാഗ് ഞാന്‍ താഴെ വെച്ചു.എന്നാൽ ഷൂ അഴിച്ചു കഴിഞ്ഞപ്പോൾ ബാഗ് കാണാനില്ലായിരുന്നു.ഫാംഹൗസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഞാൻ ഷൂ അഴിക്കുന്നതിനിടയിൽ എന്റെ പുറകിൽ നിന്നിരുന്ന ഒരു അജ്ഞാതൻ ബാഗ് എടുത്ത് പുറത്തേക്ക് നടന്നുവെന്ന് മനസിലായി'' ത്യാഗി പൊലീസിനു നല്കിയ പരാതിയില്‍ പറയുന്നു. ജനുവരി 29നാണ് പരാതി രജിസ്റ്റർ ചെയ്തത്. പൊലീസ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.