പ്രവാചക നിന്ദ: നുപൂർ ശർമയുടെ അറസ്റ്റ് ആവശ്യപ്പെട്ട് ഗുജറാത്തിൽ പോസ്റ്റർ
|ആരാണ് പോസ്റ്റർ പതിച്ചതെന്ന് കണ്ടെത്തിയിട്ടില്ലെന്നും സിസിടിവി ഫൂട്ടേജുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ്
ചാനൽ ചർച്ചയിൽ ബിജെപി വക്തവായി സംസാരിക്കവേ പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിച്ച നുപൂർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിൽ പോസ്റ്റർ. ഇപ്പോൾ സസ്‌പെൻഷനിലുള്ള നുപൂർ ശർമയുടെ അറസ്റ്റ് ആവശ്യപ്പെട്ട് സൂറത്തിലെ ജിലാനി പാലത്തിലാണ് പോസ്റ്റർ പതിച്ചത്. ആരാണ് പോസ്റ്റർ പതിച്ചതെന്ന് കണ്ടെത്തിയിട്ടില്ലെന്നും സിസിടിവി ഫൂട്ടേജുകൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ബി.ജെ.പി നേതാക്കൾ നടത്തിയ പ്രവാചകനിന്ദയിൽ പ്രതികരിച്ച് ഐക്യരാഷ്ട്ര സഭയടക്കം രംഗത്ത് വന്നിരുന്നു. പ്രവാചകനിന്ദ സംബന്ധിച്ച റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടുവെന്നും എല്ലാ മതങ്ങളോടും ആദരവും സഹിഷ്ണുതയും കാട്ടുന്നതിനെ യു.എൻ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുവെന്നും യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റീഫൻ ദുജാറിക് പറഞ്ഞു. പ്രവാചകനിന്ദയെ ഇതിനകം നിരവധി രാജ്യങ്ങളാണ് അപലപിച്ചത്. സൗദി അറേബ്യ, യു.എ.ഇ, ജോർഡൻ, ബഹ്‌റൈൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ, മാലദ്വീപ്, ഇന്തോനേഷ്യ, കുവൈത്ത്, ഖത്തർ, ഇറാൻ, ഒമാൻ, ഇറാഖ്, ലിബിയ എന്നിവ ഇക്കൂട്ടത്തിൽപെടുന്നു. ഇസ്‌ലാമിക രാജ്യങ്ങളുടെ സഹകരണ കൂട്ടായ്മയായ ഒ.ഐ.സിയും ഈജിപ്ത് കേന്ദ്രമായുള്ള അറബ് പാർലമെന്റും പ്രവാചകനിന്ദയെ അപലപിക്കുകയും ഉത്തരവാദികൾക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു.
എന്നാൽ, മോദിസർക്കാറിന്റെ ഭാഗത്തുനിന്ന് കുറ്റക്കാർക്കെതിരെ നടപടിയൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല. നുപൂർ ശർമ, നവീൻകുമാർ ജിൻഡാൽ എന്നിവർക്കെതിരെ പാർട്ടിതല അച്ചടക്ക നടപടി സ്വീകരിച്ചത് മാത്രമാണ് ബി.ജെ.പി ചെയ്തിരിക്കുന്നത്. പ്രതിപക്ഷ സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ നുപൂർ ശർമക്കെതിരെ കേസെടുത്തിട്ടുണ്ട്. അതേസമയം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലീസ് നിയമനടപടി സ്വീകരിച്ചിട്ടില്ല. വധഭീഷണിയുണ്ടെന്ന നുപൂർ ശർമയുടെ പരാതി മുൻനിർത്തി ഡൽഹി പൊലീസ് സംരക്ഷണം ഏർപ്പെടുത്തി. മേയ് 28ന് നൽകിയ പരാതി പ്രകാരം ക്രിമിനൽ പീഡനം, ഭീഷണി തുടങ്ങിയ കുറ്റങ്ങൾ മുൻനിർത്തിയാണ് 'അജ്ഞാതർ'ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. സമൂഹ ഇടങ്ങളിലെ ഭീഷണി മുൻനിർത്തി ട്വിറ്ററിനും നോട്ടീസ് നൽകിയിട്ടുണ്ട്.
നുപൂർ ശർമയുടെ പ്രസ്താവനയിൽ ബിജെപി നേരത്തെ വിശദീകരണ കുറിപ്പിറക്കിയിരുന്നു. എല്ലാ മതങ്ങളെയും പാർട്ടി ബഹുമാനിക്കുന്നുണ്ടെന്നും ഏതു മതനേതാക്കൾക്കെതിരായ അവഹേളനങ്ങളെയും ശക്തമായി തള്ളിപ്പറയുന്നുവെന്നുമായിരുന്നു ബി.ജെ.പി വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കിയത്. നുപൂർ ശർമയുടെ വിവാദ പ്രസ്താവന അറബ് ലോകത്തടക്കം കോളിളക്കം സൃഷ്ടിച്ചതോടെയായിരുന്നു ബി.ജെ.പിയുടെ പ്രതികരണവും നടപടിയും.ദിവസങ്ങൾക്കുമുൻപാണ് ദേശീയ മാധ്യമമായ 'ടൈംസ് നൗ'വിൽ ഗ്യാൻവാപി മസ്ജിദ് വിഷയത്തിൽ നടന്ന ചർച്ചയിൽ നുപൂർ ശർമ വിവാദ പ്രസ്താവന നടത്തിയത്. ചർച്ചയ്ക്കിടെ പ്രവാചകൻ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ ഭാര്യയെയും സംബന്ധിച്ചായിരുന്നു അപകീർത്തി പരാമർശം. സംഭവത്തിൽ നുപൂറിനെതിരെ മുംബൈ പൊലീസ് കേസെടുത്തിരുന്നു. പരാമർശം മതവികാരം വ്രണപ്പെടുത്തുന്നതും മതസ്പർധയുണ്ടാക്കുന്നതുമാണെന്ന് ആരോപിച്ച് റസാ അക്കാദമി മുംബൈ ഘടകം ജോയിന്റ് സെക്രട്ടറി ഇർഫാൻ ശൈഖ് പൈദോനി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലായിരുന്നു നടപടി. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നുപുർ ശർമയ്ക്കെതിരെ കേസെടുത്തത്.
മുഹമ്മദ് നബിക്കെതിരെ ബിജെപി വക്താക്കൾ വിവാദ പരാമർശം നടത്തിയ സംഭവത്തിൽ പ്രതിഷേധിച്ച 800 ലേറെ പേർക്കെതിരെ രാജ്യസുരക്ഷാ നിയമപ്രകാരം ഉത്തർപ്രദേശ് പൊലീസ് കേസെടുത്തിരുന്നു. മാധ്യമപ്രവർത്തകയായ റാണാ അയ്യൂബാണ് ട്വിറ്ററിൽ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. അറബ് ലോകത്ത് സാമ്പത്തിക ബഹിഷ്‌കരണമുയർന്നതോടെയാണ് വിവാദ പ്രസ്താവന നടത്തിയ വക്താക്കളെ ബിജെപി പുറത്താക്കിയതെന്നും അവർ കുറിച്ചു. ചാനൽ ചർച്ചയിൽ വിവാദ പരാമർശം നടത്തിയ പാർട്ടി വക്താവ് നുപുർ ശർമയെയും ട്വിറ്ററിൽ കുറിപ്പിട്ട ഡൽഹി ഘടകം മീഡിയ തലവൻ നവീൻ കുമാർ ജിൻഡലിനെയും ബിജെപി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ വാർത്തയുടെ സ്‌ക്രീൻ ഷോട്ട് സഹിതമായിരുന്നു വിമർശനം.
വിവാദ പ്രസ്താവനക്കെതിരെ ആദ്യം പ്രതിഷേധമുയർന്ന കാൺപൂരിൽ 1000 ത്തിലേറെ പേരടക്കം സംസ്ഥാനത്ത് നിരവധി പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കാൺപൂരിൽ പ്രതിഷേധിച്ചവരുടെ ഫോട്ടോയും പൊലീസ് സ്റ്റേഷൻ നമ്പറുമടക്കം ഹോർഡിങുകൾ സ്ഥാപിക്കാനൊരുങ്ങുകയാണ് പൊലീസ്. സിസി ടിവി ദൃശ്യങ്ങൾ വഴി പ്രതിഷേധിച്ചവരെ കുടുക്കുകയാണ് പൊലീസ് ചെയ്യുന്നത്. 100ലേറെ പേരെ തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നുണ്ട്. ഇരുകൂട്ടർക്കിടയിൽ നടന്ന സംഘർഷത്തിൽ പൊലീസ് തിരിച്ചറിഞ്ഞ 55 പ്രതികളിൽ എല്ലാവരും മുസ്ലിംകളാണ്. 38പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാദ പരാമർശം നടത്തിയ നുപുർ ശർമക്കെതിരെ ഭീഷണി മുഴക്കിയതിന് തിരിച്ചറിയപ്പെടാത്ത ആളുകൾക്കെതിരെ ഡൽഹി പൊലീസ് കേസെടുത്തിട്ടുണ്ട്.
Poster in Gujarat demanding the arrest of Nupur Sharma, who insulted the Prophet Muhammad.