'അഹിന്ദുക്കൾക്ക് സ്ഥലം വിൽക്കരുത്'; ജയ്പൂരിൽ വീണ്ടും പോസ്റ്ററുകൾ
|പോസ്റ്ററുകൾ പ്രദേശവാസികൾ തന്നെ പതിപ്പിച്ചതാണെന്നാണ് പൊലീസ് നൽകുന്ന വിവരം
ജയ്പൂർ: അഹിന്ദുക്കൾക്ക് സ്ഥലം വിൽക്കുന്നത് വിലക്കി ജയ്പൂരിൽ വീണ്ടും പോസ്റ്റർ. ശിവജി നഗറിലെ ഭട്ടി ബസ്തിയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തേ ഫെബ്രുവരിയിലും ഇവിടെ വിവിധയിടങ്ങളിൽ പോസ്റ്ററുകൾ പതിപ്പിച്ചിരുന്നു.
പോസ്റ്ററുകൾ പ്രദേശവാസികൾ തന്നെ പതിപ്പിച്ചതാണെന്നാണ് പൊലീസ് നൽകുന്ന വിവരം. സംഭവത്തിൽ ഇതുവരെ ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്ന് ഭട്ടി ബസ്തി എസ്എച്ചഒ കൈലാഷ് വ്യക്തമാക്കിയിട്ടുമുണ്ട്.
സർവ ഹിന്ദു സമാജത്തിന്റെ പേരിലാണ് പോസ്റ്ററുകളുള്ളത്. പ്രദേശത്ത് നിന്ന് ഹിന്ദുക്കൾ ഒഴിഞ്ഞുപോകുന്നത് തടയാൻ സനാതനധർമികൾ നടപടി സ്വീകരിക്കണമെന്നാണ് പോസ്റ്ററിലെ അഭ്യർഥന. മറ്റ് മതക്കാർ വന്നാൽ പ്രദേശത്തെ സമാധാനം തകരുമെന്നാണ് പ്രദേശവാസികളിലൊരാൾ ഒരു പ്രാദേശിക ചാനലിന് നൽകിയ വിശദീകരണം.
സമാനരീതിയിൽ ഫെബ്രുവരിയിലും ജയ്പൂരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. മുസ്‌ലിംകൾക്ക് സ്ഥലമോ വീടോ വിൽക്കരുതെന്നായിരുന്നു അന്ന് പോസ്റ്ററുകളിൽ പ്രത്യേകം പ്രതിപാദിച്ചിരുന്നത്. വിഷയം ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസെത്തി പോസ്റ്ററുകൾ നീക്കം ചെയ്യുകയായിരുന്നു.