നിതീഷ് കുമാറിന് ഭാരതരത്ന നൽകണമെന്ന് ജെഡിയു പോസ്റ്ററുകൾ; പ്രവർത്തകരുടെ സമനില നഷ്ടപ്പെട്ടെന്ന് ആർജെഡി
|നിതീഷ് കുമാറിന്റെ സാന്നിധ്യത്തിൽ ജെഡിയു സംസ്ഥാന നിർവാഹക സമിതി യോഗം ചേർന്ന ദിവസമാണു ബിഹാറിൽ പോസ്റ്ററുകൾ പതിച്ചത്
പറ്റ്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു ഭാരതരത്ന ബഹുമതി നല്‍കണമെന്ന് ആവശ്യപ്പെടുന്ന ജെഡിയു പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. വീർചന്ദ് പട്ടേൽ മാർഗിലെ ജെഡിയു സംസ്ഥാന കാര്യാലയത്തിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുമാണു പോസ്റ്ററുകൾ പതിച്ചത്.
നിതീഷ് കുമാറിന്റെ സാന്നിധ്യത്തിൽ ജെഡിയു സംസ്ഥാന നിർവാഹക സമിതി യോഗം ചേർന്ന ദിവസമാണു പോസ്റ്ററുകൾ പതിച്ചതെന്ന പ്രത്യേകതയുമുണ്ട്.
"ഭാരതരത്ന ആവശ്യപ്പെടുന്നത് ജെഡിയുവിന്റെ ഔദ്യോഗിക നിലപാടാണെന്ന് പറയുന്നില്ല. എന്നാൽ നിതീഷ് കുമാർ രാജ്യത്തെ ഏറ്റവും വലിയ ബഹുമതിക്ക് അർഹനാണെന്ന് എല്ലാ ജെഡിയു പ്രവർത്തകനും ഉള്ളിൽ തട്ടി തന്നെ വിശ്വസിക്കുന്നുണ്ട്''- പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്തൊരു നേതാവ് വ്യക്തമാക്കി.
2005 മുതൽ ബിഹാറിൽ മുഖ്യമന്ത്രിയായി തുടരുകയാണ് നിതീഷ് കുമാർ. ഇതിനിടെ ഏതാനും നാളുകളിൽ ജിതിൻ റാം മാഞ്ചി മുഖ്യമന്ത്രിയായിരുന്നുവെങ്കിലും നിതീഷ് തന്നെ മുഖ്യമന്ത്രിയായി തിരിച്ചെത്തുകയായിരുന്നു.
അതേസമയം പോസ്റ്ററുകള്‍ക്കെതിരെ ആര്‍ജെഡി രംഗത്ത് എത്തി. ജെഡിയു നിരാശയിലാണെന്നും പ്രവര്‍ത്തകരുടെ സമനില നഷ്ടപ്പെട്ടെന്നും ആർജെഡി വക്താവ് മൃത്യുഞ്ജയ് തിവാരി പറഞ്ഞു. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാൻ എൻഡിഎ സഖ്യത്തിനുള്ളിൽ, പ്രത്യേകിച്ച് ബിജെപിയിൽ നിന്ന് സമ്മർദ്ദമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്രസർക്കാരിൽ ജെഡിയുവിനുള്ള നിർണായക സ്വാധീനം പ്രകടമാക്കാനാണ് നിതീഷ് കുമാറിനെ ദേശീയ പ്രാധാന്യമുള്ള നേതാവായി ഉയർത്തിക്കാട്ടാനുള്ള ബോധപൂർവമായ ശ്രമമെന്നാണ് വിലയിരുത്തല്‍. നിതീഷ് കുമാർ വൈകാതെ പ്രധാനമന്ത്രി പദത്തിലെത്തുമെന്നു കഴിഞ്ഞ ദിവസം ജെഡിയു മന്ത്രി സാമാ ഖാൻ അവകാശപ്പെട്ടതു വിവാദമായിരുന്നു.