ജോഷിമഠില്‍ ഭൂമി ഇടിയലിനു കാരണം എൻ.ടി.പി.സിയെന്ന് ആരോപണം; അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തരാഖണ്ഡ്
|എട്ട് ഇൻസ്റ്റിറ്റ്യൂട്ടുകള്‍ ചേർന്നായിരിക്കും അന്വേഷണം നടത്തുക
ജോഷിമഠ്: ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴ്ന്ന് കെട്ടിടങ്ങളിൽ വിള്ളലുണ്ടാകുന്നതിന് കാരണം എൻ.ടി.പി.സിയാണെന്ന ആരോപണത്തിൽ അന്വേഷണം നടത്താൻ ഉത്തരാഖണ്ഡ് സർക്കാർ തീരുമാനിച്ചു. ഇപ്പോഴത്തെ പ്രതിഭാസത്തിന്റെ കാരണം കണ്ടെത്തുന്നതിനൊപ്പമായിരിക്കും എൻ.ടി.പി.സിയുടെ നിർമ്മാണ പ്രവർത്തനങ്ങളും അന്വേഷിക്കുക. എട്ട് ഇൻസ്റ്റിറ്റ്യൂട്ടുകള്‍ ചേർന്നായിരിക്കും അന്വേഷണം നടത്തുക.
ജോഷിമഠിൽ നിന്ന് 12 കിലോമീറ്റർ അകലെയാണ് തപോവൻ - വിഷ്ണുഗഡ് ജലവൈദ്യുതി പദ്ധതി. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള നാഷനൽ തെർമൽ പവർ കോർപറേഷന്റെ നേതൃത്വത്തിൽ 2006 ആരംഭിച്ച പദ്ധതി 2013ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, ഇപ്പോഴും പദ്ധതിയുടെ നിർമാണം പൂർത്തിയായിട്ടില്ല. പദ്ധതിയുടെ ഭാഗമായി ഭൂമിക്കടിയിലൂടെ പാറ തുരന്ന് രണ്ട് തുരങ്കമാണ് നിര്‍മിക്കുന്നത്. ഒന്ന് തപോവനിലും മറ്റൊന്ന് സെലാങ്ങിലും.12 കിലോമിറ്ററുള്ള ഈ തുരങ്ക നിർമാണമാണ് ദുരിതങ്ങൾക്ക് മുഴുവൻ കാരണമെന്ന് ജോഷിമഠുകാർ വർഷങ്ങളായി ആരോപിക്കുന്നുണ്ട്.
ആരോപണം ശക്തമാക്കുകയും നാട്ടുകാർ പ്രതിഷേധവുമായി തെരുവിലിറങ്ങുകയും ചെയ്തത്തോടെയാണ് അന്വേഷണം നടത്താൻ മന്ത്രിസഭയോഗം തീരുമാനിച്ചത്.എന്നാൽ തുരങ്ക നിർമാണമല്ല ഭൂമി ഇടിഞ്ഞു താഴുന്നതായാൻ കാരണമെന്ന് എൻ.ടി.പി.സി. വൈദ്യുതി മന്ത്രാലയത്തോട് വ്യക്തമാക്കിയിരുന്നു.