ജനാധിപത്യവിരുദ്ധം, ആശങ്കാജനകം: ജമ്മുകശ്മീരിൽ അംഗങ്ങളെ നാമനിർദേശം ചെയ്യാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ കോൺഗ്രസ്
|സർക്കാർ രൂപീകരണത്തിന് മുമ്പ് അഞ്ച് എംഎൽഎമാരെ നാമനിർദ്ദേശം ചെയ്യാനുള്ള നീക്കം ബിജെപിയുടെ തന്ത്രമാണെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും കോണ്‍ഗ്രസ്
ശ്രീനഗർ: സർക്കാർ രൂപീകരണത്തിന് മുൻപ് ജമ്മുകശ്മീർ നിയമസഭയിലേക്ക് ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ മുഖേന അഞ്ച് അംഗങ്ങളെ നിർദേശിക്കാനുള്ള ബിജെപിയുടെ നീക്കത്തിനെതിരെ കോൺഗ്രസ് രംഗത്ത്.
നീക്കത്തെ ജനാധിപത്യ വിരുദ്ധമെന്നാണ് വിശേഷിപ്പിച്ച കോണ്‍ഗ്രസ്, ഗവർണർ മുഖേന അഞ്ച് എംഎൽഎമാരെ ബിജെപിക്ക് നിർദ്ദേശിക്കാനാകുമെന്നത് ആശങ്കാജനകമാണെന്നും ജമ്മു കശ്മീർ പ്രദേശ് കോൺഗ്രസ് കമ്മിറ്റി (ജെ.കെ.പി.സി.സി) വെെസ് പ്രസിഡൻ്റ് രവീന്ദർ ശർമ്മ പറഞ്ഞു.
ജമ്മുകശ്മീരിൽ 90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കവെയാണ് ബിജെപിയുടെ നീക്കം.
സർക്കാർ രൂപീകരണത്തിന് മുമ്പ് അഞ്ച് എംഎൽഎമാരെ നാമനിർദ്ദേശം ചെയ്യാനുള്ള നീക്കം ബിജെപിയുടെ തന്ത്രമാണെന്നും ഇത് ജനാധിപത്യ വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം സുഖമായി ഭൂരിപക്ഷം നേടുമെങ്കിലും ബിജെപി ഈ നീക്കവുമായി മുന്നോട്ട് പോയാൽ അത് ജനവിധിയെ പരാജയപ്പെടുത്താനുള്ള ശ്രമമാകുമെന്നും അഞ്ച് അംഗങ്ങളെ നിയോഗിക്കാനുള്ള അധികാരം പുതിയ സർക്കാരിന് നൽകണമെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
പത്തു വർഷത്തിന് ശേഷം തെരഞ്ഞെടുപ്പ് നടന്ന ജമ്മു കശ്മീരിൽ ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ഇത്തവണ ഇന്‍ഡ്യ മുന്നണിക്ക് മുൻതൂക്കം പ്രവചിക്കപ്പെട്ടിരുന്നു. എക്സിറ്റ്പോള്‍ ഫലങ്ങളിലും ഇന്‍ഡ്യ മുന്നണിക്ക് തന്നെയാണ് മൂന്‍തൂക്കമെങ്കിലും കേവല ഭൂരിപക്ഷം പ്രവചിക്കുന്നില്ല.
90 അംഗ നിയമസഭയിൽ അഞ്ചുപേർ കൂടിയെത്തുന്നതോടെ അംഗബലം 95 ആകും. കേവല ഭൂരിപക്ഷത്തിന് 48 സീറ്റുകളാണ് വേണ്ടത്. ജനവിധിയിലൂടെ 43 സീറ്റുകളിൽ വിജയിച്ചാൽപ്പോലും അഞ്ച് അഗങ്ങളിലൂടെ ജനവിധി അട്ടിമറിച്ച് ബിജെപിക്ക് കേവലഭൂരിപക്ഷം നേടാനാകും.