പി.പി.ഇ കിറ്റ് അഴിമതി: ഹിമാചൽ മുൻ ഹെൽത്ത് സർവീസ് ഡയറക്ടർ അറസ്റ്റിൽ
|പിപിഇ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി 5 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു
ഷിംല: പിപിഇ കിറ്റ് അഴിമതിക്കേസിൽ ഹിമാചൽ പ്രദേശ് മുൻ ഹെൽത്ത് സർവീസ് ഡയറക്ടർ ഡോ. അജയ് ഗുപ്തയെ സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ അറസ്റ്റ് ചെയ്തു. കോവിഡ് മഹാമാരിക്കാലത്ത് പിപിഇ കിറ്റ് വാങ്ങുന്നതിൽ അഴിമതി ആരോപണം ഉയർന്നിരുന്നു. കേസെടുത്തിന് പിന്നാലെ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
2020 മെയ് 20 ന് പിപിഇ കിറ്റുകൾ വിതരണം ചെയ്യുന്നതിനായി 5 ലക്ഷം രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നതിനെ തുടർന്ന് അഴിമതി വിരുദ്ധ ബ്യൂറോ ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അന്വേഷണത്തിൽ ആർട്ടീരിയൽ ബ്ലഡ് ഗ്യാസ് (എബിജി) മെഷീനുകൾക്കായി ഗുപ്ത 4.25 ലക്ഷം രൂപ ആവശ്യപ്പെട്ടതായി പറയുന്ന മറ്റൊരു റെക്കോർഡ് വിജിലൻസ് ഉദ്യോഗസ്ഥർ കണ്ടെത്തി. ഈ കേസുമായി ബന്ധപ്പെട്ട് ഇപ്പോൾ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടർന്ന് കോടതിയിൽ കീഴടങ്ങിയ ഗുപ്തയെ ഫെബ്രുവരി 4 വരെ പൊലീസ് റിമാൻഡ് ചെയ്തു.
2020 മെയ് 20 ന് പഞ്ചാബിലെ മെഡിക്കൽ ഉപകരണ വിതരണക്കാരന്റെ പ്രതിനിധിയായ പൃഥ്വി സിംഗും ഡോ. ഗുപ്തയും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.ഇതിന് ശേഷമാണ് തട്ടിപ്പ് പുറത്തുവന്നത്. 43 സെക്കൻഡ് ദൈർഘ്യമുള്ള ഓഡിയോ ക്ലിപ്പിൽ കരാർ ഒപ്പിടാൻ ഡോ. ഗുപ്ത പൃഥ്വിയോട് 5 ലക്ഷം രൂപ കൈക്കൂലി ചോദിക്കുന്നതും വ്യക്തമാണ്. ഒരു കോടി രൂപയുടെ പിപിഇ കിറ്റ് ഓർഡറിന് 3 ലക്ഷം രൂപ കൈക്കൂലി നൽകാൻ പൃഥ്വി സിംഗ് തയ്യാറാണെന്നും അറിയിച്ചു. ഈ സംഭാഷണം റെക്കോർഡ് ചെയ്ത് പൃഥ്വി സിംഗ് തന്നെയാണ് ഡോക്ടർ ഗുപ്തയ്ക്ക് അയച്ചുകൊടുത്തത്. തുടർന്ന് ഈ സംഭവം രാഷ്ട്രീയ വിഷയമായി മാറി. അഴിമതിയിലേക്ക് തന്റെ പേര് വലിച്ചിഴച്ചതിനെത്തുടർന്ന് 2020 മെയ് 28 ന് മുൻ ബി.ജെ.പി മേധാവി രാജീവ് ബിന്ദൽ രാജിവെച്ചിരുന്നു.