'എന്നോട് ക്ഷമിക്കില്ലെന്ന് മോദി പറഞ്ഞിരുന്നു': ബി.ജെ.പി സീറ്റ് നിഷേധിച്ചതിൽ വിശദീകരണവുമായി പ്രഗ്യാ താക്കൂർ
|മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്സെയെ ദേശസ്നേഹി എന്ന് വിളിച്ചത് വലിയ വിവാദമായിരുന്നു
ന്യൂഡൽഹി: വിവാദ പ്രസ്താവനയിലൂടെ ഏറെ വിമർശനങ്ങൾ വിധേയയായ ബി.ജെ.പി എം.പിയാണ് പ്രഗ്യാ സിങ് താക്കൂർ. മധ്യപ്രദേശിലെ ഭോപ്പാലിലാണ് പ്രഗ്യ കഴിഞ്ഞതവണ മത്സരിച്ചത്. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്ത് വന്നപ്പോൾ പ്രഗ്യാ സിങ്ങിന്റെ പേര് വെട്ടിയിരുന്നു. ഭോപ്പാലിൽ പ്രഗ്യക്ക് പകരം ഇത്തവണ മുൻ മേയറായ അലോക് ശർമ്മയാണ് മത്സരിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വിട്ട സ്ഥാനാർഥി പട്ടികയിൽ 34 ഓളം സിറ്റിങ് എം.പിമാർക്കും ബി.ജെ.പി സീറ്റ് നിഷേധിച്ചിരുന്നു.
ഇപ്പോഴിതാ സീറ്റ് നിഷേധിച്ചതിന് വിശദീകരണവുമായി എത്തിയിരിയിരിക്കുകയാണ് പ്രഗ്യാ സിങ്. 'മോദിക്ക് ഇഷ്ടപ്പെടാത്ത ചില വാക്കുകൾ ഞാൻ ഉപയോഗിച്ചിരിക്കാം..എന്നോട് ക്ഷമിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാൽ അക്കാര്യത്തിൽ ഞാൻ ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു...'..പ്രഗ്യാ സിങ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2008ൽ മാലേഗാവ് സ്ഫോടനക്കേസിൽ കുറ്റാരോപിതയാണ് പ്രഗ്യ. മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന നാഥുറാം ഗോഡ്സെയെ ദേശസ്നേഹി എന്ന് വിളിച്ചത് വലിയ വിവാദമായിരുന്നു. ഈ പരമാർശം ബി.ജെ.പിയെ വലിയ രീതിയിൽ പ്രതിരോധത്തിലാക്കിയിരുന്നു. പ്രഗ്യ നടത്തിയ പരമാർശങ്ങൾ മോശവും സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതുമാണെന്നായിരുന്നു മോദി ഇതിൽ പ്രതികരിച്ചത്.'
'മുമ്പും ഞാൻ ടിക്കറ്റ് ആവശ്യപ്പെട്ടിരുന്നില്ല.ഇപ്പോഴും ആവശ്യപ്പെട്ടിരുന്നില്ല.എന്തുകൊണ്ടാണ് ടിക്കറ്റ് നിഷേധിച്ചതെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ആവശ്യമില്ല'. പാർട്ടി തീരുമാനത്തെ അംഗീകരിക്കുന്നതായും അവർ ഇന്ത്യ ടുഡേയോട് പറഞ്ഞു. ബിജെപി വിടാൻ തനിക്ക് പദ്ധതിയില്ലെന്നും പാർട്ടിക്ക് ആവശ്യമുള്ളയിടത്തോളം ഞാൻ കൂടെയുണ്ടാകും. എന്നെ ഏൽപ്പിക്കുന്ന ഏത് ഉത്തരവാദിത്തവും നിറവേറ്റുമെന്നും അവർ പറഞ്ഞു.
അതേസമയം, പ്രഗ്യക്ക് ടിക്കറ്റ് നിഷേധിക്കുന്നത് പൊതുജീവിതത്തിൽ മര്യാദ നിലനിർത്തേണ്ടതുണ്ടെന്ന സന്ദേശമാണ് നൽകുന്നതെന്ന് ഒരു ബിജെപി നേതാവ് പറഞ്ഞതായി എന്.ഡി.ടി.വി റിപ്പോര്ട്ട് ചെയ്തു.