India
Prajwal Revanna faces fresh case of sexual harassment
India

അറസ്റ്റിലായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ വീണ്ടും ലൈം​ഗികാതിക്രമ കേസ്

Web Desk
|
25 Jun 2024 9:40 AM GMT

മെയ് 31ന് അറസ്റ്റിലായ പ്രജ്വൽ രേവണ്ണയെ തിങ്കളാഴ്ച ബെം​ഗളൂരു കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു.

ബെം​ഗളൂരു: ലൈം​ഗിക പീഡനക്കേസിൽ അറസ്റ്റിലായ ജെഡിഎസ് നേതാവും മുൻ എം.പിയുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ വീണ്ടും കേസ്. ലൈം​ഗികാതിക്രമം, ഭീഷണിപ്പെടുത്തൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പ്രജ്വലിനെതിരെ സിഐഡി നാലാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഇയാൾക്കൊപ്പം ഹാസനിൽ നിന്നുള്ള മുൻ ബിജെപി എംഎൽഎ പ്രീതം ഗൗഡയ്ക്കും മറ്റ് രണ്ട് പേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഐപിസി 354 എബിഡി, ഐടി ആക്ട് 66ഇ വകുപ്പുകൾ അടക്കം ചുമത്തിയാണ് പ്രജ്വലിനെതിരെ കേസെടുത്തിരിക്കുന്നത്.

നിരവധി സ്ത്രീകളെ ലൈം​ഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്ത കേസിൽ മെയ് 31ന് അറസ്റ്റിലായ പ്രജ്വൽ രേവണ്ണയെ തിങ്കളാഴ്ച ബെം​ഗളൂരു കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരുന്നു. കേസ് അന്വേഷിക്കുന്ന എസ്ഐടിയുടെ കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചതോടെയാണ് ഇയാളെ ജൂലൈ എട്ട് വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹാസൻ ലോക്സഭാ മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിച്ച പ്രജ്വൽ പരാജയപ്പെട്ടിരുന്നു. മുൻ കേസുകളിൽ 34 ദിവസം വിദേശത്ത് ഒളിവിൽ കഴിഞ്ഞതിന് ശേഷം തിരിച്ചെത്തിയ പ്രജ്വലിനെ വിമാനത്താവളത്തിൽ വച്ചുതന്നെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ജർമനിയിൽ നിന്ന് ബംഗളൂരു വിമാനത്താവളത്തിലെത്തിയ പ്രജ്വലിനെ വനിതാ ഐ.പി.എസ് ഓഫീസർമാരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അറസ്റ്റ് ചെയ്തത്.

ഏപ്രിൽ 26ന് നടന്ന കർണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകൾ വ്യാപകമായി പ്രചരിച്ചത്. ഇതിനു പിന്നാലെ അന്നു രാത്രി പ്രജ്വൽ രാജ്യം വിട്ടു. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകൻ കൂടിയായ പ്രജ്വൽ തന്നെ റെക്കോർഡ് ചെയ്തതെന്നായിരുന്നു റിപ്പോർട്ടുകൾ.

ഇത് ചോർന്നതോടെ വൻ ജനരോഷത്തിന് കാരണമാവുകയും കർണാടക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും എൻഡിഎ മുന്നണി പ്രതിരോധത്തിലാവുകയും ചെയ്തു. വിഷയത്തിൽ ദേശീയ വനിതാ കമ്മീഷൻ കൂടി ഇടപെട്ടതോടെ കേസന്വേഷിക്കാൻ സർക്കാർ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പിടികൂടാൻ എസ്ഐടി ലുക്കൗട്ട് നോട്ടീസും ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

പിന്നീട് പാർട്ടിയിൽ നിന്നടക്കം സമ്മർദം ശക്തമായതോടെയാണ് ഇയാൾ നാട്ടിലെത്തിയതും പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തതും. നേരത്തെ, ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങി വിവിധ കുറ്റങ്ങളിലായി മൂന്ന് എഫ്.ഐ.ആറുകളാണ് പ്രജ്വലിനെതിരെ രജിസ്റ്റർ ചെയ്തിരുന്നത്.

അതേസമയം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡന കേസിൽ ജെഡിഎസ് എംഎൽസിയും പ്രജ്വലിന്റെ സഹോദരനുമായ സൂരജ് രേവണ്ണയും കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ജോലിക്കു സഹായം തേടി സമീപിച്ച 27കാരനെ പീഡിപ്പിച്ചെന്ന കേസിൽ ഞായറാഴ്ച ഹാസനിൽ നിന്നാണ് ഇയാൾ പിടിയിലായത്. നേരത്തെ, ലൈംഗിക പീഡനക്കേസിലെ അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണയ്ക്കും അമ്മ ഭവാനി രേവണ്ണക്കുമെതിരെയും പൊലീസ് കേസെടുത്തിരുന്നു.



Similar Posts