പ്രജ്വൽ രേവണ്ണ മൂന്നാംഘട്ട വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും; യുഎഇയിലേക്ക് കടന്നതായി സൂചന
|പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് ധനസഹായം നൽകുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു.
ഡൽഹി: ലൈംഗിക പീഡന കേസുകളിൽ പ്രതിയായ ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണ മൂന്നാംഘട്ട വോട്ടെടുപ്പിന് ശേഷം കീഴടങ്ങിയേക്കും. പ്രജ്വൽ നിലവിൽ യുഎഇയില്‍ ഉണ്ടെന്നാണ് സൂചന. മുൻകൂർ ജാമ്യഹരജി കോടതി തള്ളിയതോടെ ഇന്ത്യയിൽ എത്തിയാലുടനെ പ്രജ്വലിനെ അറസ്റ്റ് ചെയ്തേക്കും.
പ്രജ്വല്‍ കീഴടങ്ങി നിയമനടപടിക്കു വിധേയനാകണമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എച്ച്.ഡി കുമാര സ്വാമിയുടെ അധ്യക്ഷതയിൽ ചേർന്ന ജെഡിഎസ് യോഗം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പ്രജ്വലിന്റെ മടക്കം.
ജെഡിഎസ് നേതാവും മുൻ മന്ത്രിയുമായ സി.എസ്.പുട്ടരാജുവാണ് പ്രജ്വൽ ഉടൻ കീഴടങ്ങുമെന്ന് അന്വേഷണസംഘത്തെ അറിയിച്ചത്. അതിനിടെ, പ്രജ്വലിനെ കണ്ടെത്താൻ ബ്ലൂ കോർണർ നോട്ടിസ് പുറത്തിറക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഇന്റർപോളിനെ സമീപിച്ചതായി കർണാടക ആഭ്യന്തരമന്ത്രി ജി.പരമേശ്വര അറിയിച്ചു.
പ്രജ്വലിന്റെ പീഡനത്തിനിരയായ അതിജീവിതയെ തട്ടിക്കൊണ്ടുപോയെന്ന കേസിലാണ് പിതാവ് എച്ച്.ഡി.രേവണ്ണയെ അറസ്റ്റ് ചെയ്തത്. അതിജീവിതയെ രേവണ്ണയുടെ അനുയായി രാജശേഖറിന്റെ ഹുൻസൂരിലെ ഫാംഹൗസിൽനിന്നു മോചിപ്പിച്ചു. ഫാമിലെ സഹായിയെയും കസ്റ്റഡിയിലെടുത്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.
നേരത്തെ രേവണ്ണയുടെ സഹായിയായ സതീഷ് ബാബണ്ണയെയും അറസ്റ്റ് ചെയ്തിരുന്നു. കേസിൽ രേവണ്ണയുടെ ഭാര്യ ഭവാനി രേവണ്ണയെയും ചോദ്യംചെയ്തേക്കും. അതേസമയം, പ്രജ്വൽ രേവണ്ണയുടെ ലൈംഗികാതിക്രമത്തിന് ഇരയായവർക്ക് ധനസഹായം നൽകുമെന്ന് കർണാടക സർക്കാർ പ്രഖ്യാപിച്ചു.