''ചാണക്യന്മാർ ഇന്ന് ലഡു തിന്നേക്കാം, എന്നാൽ ജനങ്ങൾ നിങ്ങൾക്കൊപ്പമാണ്''; ഉദ്ധവിന് പിന്തുണയുമായി പ്രകാശ് രാജ്
|''മഹാരാഷ്ട്രക്ക് വേണ്ടി നിങ്ങൾ ചെയ്ത കാര്യങ്ങൾ മുൻ നിർത്തി ജനങ്ങൾ നിങ്ങൾക്കൊപ്പമേ നിൽക്കൂ എന്ന് എനിക്കുറപ്പുണ്ട്''
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധികളിൽ ഉദ്ധവ് താക്കറേക്ക് പിന്തുണയുമായി പ്രമുഖ നടൻ പ്രകാശ് രാജ്. ഉദ്ധവ് രാജി വച്ച് ഏക്‌നാഥ് ഷിൻഡേ അധികാരത്തിലേറിയതിന് പിറകേയാണ് താരത്തിന്‍റെ പ്രതികരണം. മഹാരാഷ്ട്രയിലെ ജനങ്ങൾ ഉദ്ധവിനൊപ്പമാണെന്നും ഉദ്ധവ് ചെയ്തത് മഹത്തായ കാര്യമാണെന്നും പ്രകാശ് രാജ് പറഞ്ഞു.
"നിങ്ങൾ ചെയ്തത് മഹത്തായ കാര്യമാണ് സർ. മഹാരാഷ്ട്രക്ക് വേണ്ടി നിങ്ങൾ ചെയ്ത കാര്യങ്ങൾ മുൻ നിർത്തി ജനങ്ങൾ നിങ്ങൾക്കൊപ്പമേ നിൽക്കൂ എന്ന് എനിക്കുറപ്പുണ്ട് . ചാണക്യന്മാർ ഇന്ന് ലഡു കഴിച്ചേക്കാം.. എന്നാല്‍ നിങ്ങളുടെ ആത്മാർത്ഥ എക്കാലവും നിലനിൽക്കും" പ്രകാശ് രാജ് ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് വിമത ശിവസേനാ നേതാവ് ഏക്നാഥ് ഷിൻഡെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായും ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തത്. മുംബൈയിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ദേവേന്ദ്ര ഫഡ്നാവിസ് ഷിൻഡെയെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു. ദേവേന്ദ്ര ഫഡ്‌നവിസ് മഹാരാഷ്ട്രാ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നായിരുന്നു നേരത്തെ പുറത്തു വന്ന വിവരം.
ഉദ്ധവ് താക്കറെ രാജിവെച്ചതോടെയാണ് ശിവസേനാ വിമത വിഭാഗവുമായി ചേർന്ന് ബി.ജെ.പി അധികാരത്തിലേറിയത്. 16 എംഎൽഎമാരുടെ അയോഗ്യതാ നടപടി സുപ്രിംകോടതിയുടെ പരിഗണിക്കുന്ന സാഹചര്യത്തിലാണ് സത്യപ്രതിജ്ഞ നടന്നത്.
ബിജെപി ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങളിൽ താമസിച്ച് ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടന്ന വിമത നീക്കത്തിനൊടുവിലാണ് ഉദ്ദവ് സര്‍ക്കാര്‍ വീണത്.അധികാര മോഹമല്ല, ആശയപ്രതിബദ്ധതയാണ് തങ്ങളെ മാറി ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് വിമത വക്താവ് ദീപക് കേസർകർ പറഞ്ഞു. ശിവസേനയിൽ ആരും താക്കറെ കുടുംബത്തിന് എതിരല്ലെന്നും ഉദ്ധവിനെ ഇപ്പോഴും ബഹുമാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.