പ്രണബ് മുഖർജിയുടെ മകനും മുൻ എംപിയുമായ അഭിജിത് തൃണമൂൽ കോൺഗ്രസിൽ ചേർന്നു
|ബി.ജെ.പിയുടെ വർഗീയ അജണ്ടയെ തുരത്താൻ മമത ബാനർജി സ്വീകരിച്ച വഴി താൻ പിന്തുടരുന്നുവെന്ന് അഭിജിത്
ഏറെ നാളത്തെ അഭ്യൂഹങ്ങൾക്കൊടുവിൽ മുൻ രാഷ്ട്രപതിയും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്ന പ്രണബ് മുഖർജിയുടെ മകൻ അഭിജിത് മുഖർജി തൃണമൂൽ കോൺഗ്രസിൽ ചേർന്നു. ജംഗിപൂർ മണ്ഡലത്തിൽ നിന്നും കോൺഗ്രസ് എം.പിയും നൽഹട്ടിയിൽ നിന്നും എം.എൽ.എയുമായിരുന്നു അഭിജിത്.
''ബി.ജെ.പിയുടെ വർഗീയ അജണ്ടയെ തുരത്താൻ മമത ബാനർജി സ്വീകരിച്ച വഴി ഞാൻ പിന്തുടരുന്നു. എല്ലാവരുടെയും പിന്തുണയോടെ രാജ്യത്ത് മൊത്തം ബി.ജെ.പിക്കെതിരെ പൊരുതാൻ മമതക്കാകും''- തൃണമൂൽ പ്രവേശനത്തിന് ശേഷം അഭിജിത് പറഞ്ഞു.
നേരത്തെ കൊല്‍ക്കത്തയില്‍ വിവാദമായ വ്യാജ വാക്സിനേഷന് ക്യാമ്പുമായി ബന്ധപ്പെട്ട് അഭിജിത് മുഖര്‍ജി ട്വിറ്ററിലൂടെ മമത ബാനര്‍ജിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്നു. ജംഗിപൂർ നിയസഭ മണ്ഡലത്തിൽ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ അഭിജിത് തൃണമൂൽ സ്ഥാനാർഥിയായേക്കും. പ്രണബ് മുഖർജിയുടെ തട്ടകമായ ജംഗിപൂർ മണ്ഡലത്തിൽ നിന്നും രണ്ടുപ്രാവശ്യമാണ് അഭിജിത് കോൺഗ്രസ് എം.പിയായി തെരഞ്ഞെടുക്കപ്പെട്ടത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ടി.എം.സി നേതൃത്വവുമായി അഭിജിത് ചര്‍ച്ച നടത്തിവരികയായിരുന്നു. തൃണമൂല്ജനറല് സെക്രട്ടറി അഭിഷേക് ബാനര്‍ജിയെ കഴിഞ്ഞ മാസം സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഭ്യൂഹങ്ങളും ഉടലെടുത്തത്. അതേസമയം അഭ്യൂഹങ്ങൾ അഭിജിത് നിഷേധിച്ചിരുന്നു.