ഒമ്പതാം ക്ലാസ്സുകാരനായ മുഖ്യമന്ത്രി മോഹി; തേജസ്വി യാദവിനെതിരെ പ്രശാന്ത് കിഷോര്‍
|ജന്‍ സൂരജ് ക്യാമ്പയിനിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്ന കിഷോര്‍, വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ധനൗജി ഗ്രാമത്തില്‍ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയെക്കുറിച്ച് സ്ത്രീകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
പാറ്റ്ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരായ നിരന്തര ആക്രമണത്തിനു പിന്നാലെ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെയും തിരിഞ്ഞിരിക്കുകയാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ഒമ്പതാം ക്ലാസ്സുകാരനായ മുഖ്യമന്ത്രി മോഹിയെന്നാണ് തേജസ്വിയെ പ്രശാന്ത് വിശേഷിപ്പിച്ചത്.
ജന്‍ സൂരജ് ക്യാമ്പയിനിന്‍റെ ഭാഗമായി സംസ്ഥാനത്തുടനീളം പര്യടനം നടത്തുന്ന കിഷോര്‍, വെസ്റ്റ് ചമ്പാരന്‍ ജില്ലയിലെ ധനൗജി ഗ്രാമത്തില്‍ വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയെക്കുറിച്ച് സ്ത്രീകളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കേണ്ടതിന് വിദ്യാഭ്യാസ സമ്പ്രദായത്തില്‍ വലിയ മാറ്റം വരണമെന്ന് അദ്ദേഹം പറഞ്ഞു. 'ലാലുജിയുടെ മകന്‍ ഒമ്പതാം ക്ലാസ് വരെ പഠിച്ചു, അവന്‍ മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ മകന്‍ ഒന്‍പതാം ക്ലാസ് വരെ പഠിച്ചിട്ടുണ്ടെങ്കില്‍, അയാള്‍ക്ക് ഒരു പ്യൂണ്‍ ജോലി പോലും ലഭിക്കില്ല- അദ്ദേഹം പറഞ്ഞു. ഒരു എം.എല്‍.എക്കോ എം.പിക്കോ അവരുടെ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും നല്ല ജോലി ലഭിക്കാന്‍ സഹായിക്കാന്‍ കഴിയുമെങ്കിലും സാധാരണക്കാര്‍ വിധിയുടെ കാരുണ്യത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തേജസ്വിയെ വിമര്‍ശിച്ചത് ബോധപൂര്‍വമല്ലെങ്കിലും പിന്നീട് അതിനെക്കുറിച്ച് പ്രതികരിക്കാന്‍ കിഷോര്‍ തയ്യാറായില്ല. ''ഒരു പ്രമുഖ രാഷ്ട്രീയക്കാരന്‍റെ മകന് ശരിയായ വിദ്യാഭ്യാസം ഇല്ലെങ്കിലും ഉയർന്ന സ്ഥാനം നേടാനാകുമ്പോൾ നല്ല വിദ്യാഭ്യാസം കൊണ്ട് സാധാരണക്കാർ എന്താണ് അർത്ഥമാക്കേണ്ടതെന്ന് ജനങ്ങളോട് പറയുന്നതിന് സമാന്തരമായിട്ടാണ് തേജസ്വിയുടെ വിദ്യാഭ്യാസത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചതെന്ന്'' അദ്ദേഹത്തിന്‍റെ ടീമിലെ ഒരംഗം വ്യക്തമാക്കി. പദയാത്രക്കിടെ കുടിയേറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആളുകളില്‍ നിന്നും മികച്ച പ്രതികരണമാണ് കിഷോറിന് ലഭിക്കുന്നത്. ബിഹാറിലേക്ക് മടങ്ങാനും ജോലി ചെയ്യാനും ആഗ്രഹിക്കുന്നവർക്ക് സഹായം നല്‍കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. ഒക്ടോബർ രണ്ടിന് പടിഞ്ഞാറൻ ചമ്പാരനിലെ ഭീതിഹർവ ആശ്രമത്തിൽ നിന്നാണ് കിഷോർ പദയാത്ര ആരംഭിച്ചത്.