ഒന്‍പതാം ക്ലാസ് തോറ്റയാള്‍ എങ്ങനെ ഒരു സംസ്ഥാനത്തെ നയിക്കും? തേജസ്വി യാദവിനെ പരിഹസിച്ച് പ്രശാന്ത് കിഷോര്‍
|സാഹചര്യങ്ങള്‍ മൂലം ആര്‍ക്കെങ്കിലും വിദ്യാഭ്യാസം നേടാനായില്ലെങ്കിൽ, അത് മനസ്സിലാക്കാം
പറ്റ്ന: ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെ പരിഹസിച്ച് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ജന്‍ സൂരജ് പാര്‍ട്ടി അധ്യക്ഷനുമായ പ്രശാന്ത് കിഷോര്‍. ഒന്‍പതാം ക്ലാസ് തോറ്റയാള്‍ക്ക് എങ്ങനെ ഒരു സംസ്ഥാനത്തെ വികസനത്തിലേക്ക് നയിക്കാന്‍ സാധിക്കുമെന്ന് കിഷോര്‍ ചോദിച്ചു. ബിഹാറിലെ ഭോജ്പൂരിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
''സാഹചര്യങ്ങള്‍ മൂലം ആര്‍ക്കെങ്കിലും വിദ്യാഭ്യാസം നേടാനായില്ലെങ്കിൽ, അത് മനസ്സിലാക്കാം.എന്നാൽ മാതാപിതാക്കൾ മുഖ്യമന്ത്രിയായിരിക്കുകയും അയാൾക്ക് പത്താം ക്ലാസ് പാസാകാൻ കഴിയാതെ വരികയും ചെയ്താൽ അത് അവരുടെ വിദ്യാഭ്യാസത്തോടുള്ള സമീപനത്തെയാണ് കാണിക്കുന്നത്'' ആര്‍ജെഡി നേതാവിൻ്റെ വിദ്യാഭ്യാസ പശ്ചാത്തലത്തെ പരിഹസിച്ച് പ്രശാന്ത് കിഷോർ പറഞ്ഞു. ''ഒന്‍പതാം ക്ലാസില്‍ പരാജയപ്പെട്ട ആള്‍ ബിഹാറിന് വികസനത്തിലേക്കുള്ള വഴി കാണിക്കുന്നത്. ജിഡിപിയും ജിഡിപി വളർച്ചയും തമ്മിലുള്ള വ്യത്യാസം അദ്ദേഹത്തിന് (തേജസ്വി യാദവ്) അറിയില്ല, ബിഹാർ എങ്ങനെ മെച്ചപ്പെടുമെന്ന് അദ്ദേഹത്തിന് പറയാന്‍ സാധിക്കുമോ? കിഷോര്‍ ചോദിച്ചു.
ബിഹാർ മുൻ മുഖ്യമന്ത്രിയെന്ന നിലയിൽ പിതാവ് ലാലു പ്രസാദ് യാദവിൻ്റെ പാരമ്പര്യത്തെ ആശ്രയിക്കുന്ന തേജസ്വി യാദവിനെ വിമര്‍ശിച്ച പ്രശാന്ത് കിഷോര്‍ യോഗ്യതയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന് നേതാവാകാനുള്ള അര്‍ഹതയില്ലെന്ന് ചൂണ്ടിക്കാട്ടി. നേരത്തെ തയ്യാറാക്കിയ പ്രസംഗം കടലാസില്‍ നോക്കി പറയാനല്ലാതെ അഞ്ച് മിനിറ്റ് സോഷ്യലിസത്തെക്കുറിച്ച് സംസാരിക്കാന്‍ തേജസ്വിക്ക് സാധിക്കുമോ എന്നു ചോദിച്ചു.
തേജസ്വിയെ വിമർശിച്ചപ്പോൾ, 2025ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ തൻ്റെ പാർട്ടി എങ്ങനെയായിരിക്കുമെന്ന ആത്മവിശ്വാസവും കിഷോർ പ്രകടിപ്പിച്ചു."2025-ൽ ജാൻ സൂരജിൻ്റെ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യും, ജൻ സൂരജിൻ്റെ സർക്കാർ അധികാരത്തിൽ വരും'' അദ്ദേഹം പറഞ്ഞു. ജനാധിപത്യത്തിൽ അഭിപ്രായം പറയാൻ കിഷോറിന് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു തേജസ്വിയുടെ പ്രതികരണം.
അതസമയം വരുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ മുസ്‍ലിംകള്‍ക്ക് നല്‍കുമെന്ന് കിഷോര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സംസ്ഥാന ജനസംഖ്യയിൽ 19 ശതമാനമുള്ള മുസ്ലിം വിഭാഗത്തിന് ബിഹാർ നിയമസഭയിലെ പ്രാതിനിധ്യം 19 എംഎൽഎമാർ മാത്രമാണ്. ജൻ സൂരജിന് നേതൃത്വം നൽകുന്ന 25 പേരിൽ അഞ്ചോളം പേർ മുസ്‍ലിംങ്ങളാണെന്നും പ്രശാന്ത് കിഷോർ ചൂണ്ടിക്കാട്ടി. മുസ്‍ലിം വോട്ട് വാങ്ങുന്ന ജെ.ഡി.യുവും ആർ.ജെ.ഡിയും കോൺഗ്രസും മതിയായ പ്രാതിനിധ്യമോ വികസനമോ അവർക്ക് നൽകുന്നില്ല. തെരഞ്ഞെടുപ്പിൽ ടിക്കറ്റ് വിതരണത്തിൽ മാത്രമല്ല സർക്കാറിലും മതിയായ മുസ്‍ലിം പ്രാതിനിധ്യം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.