'ജയിലിലെ പ്രസവം അമ്മയെയും കുഞ്ഞിനെയും ബാധിക്കും'; ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ഗർഭിണിക്ക് ജാമ്യം അനുവദിച്ച് കോടതി
|കുറ്റവാളികൾക്കും ആത്മാഭിമാനം ഉണ്ടെന്നും ജയിലിൽ പ്രസവിച്ചാൽ അത് കുഞ്ഞിന് ദോഷം ചെയ്യുമെന്നും ജഡ്ജി
മുംബൈ: മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ യുവതിക്ക് പ്രസവത്തിനായി ജാമ്യം അനുവദിച്ച് കോടതി. ബോംബെ ഹാക്കോടതിയുടെ നാഗ്പൂർ ബെഞ്ച് ആണ് സുരഭി സോണി എന്ന യുവതിയെ ജാമ്യത്തിൽ വിട്ടത്. ജയിലിൽ പ്രസവിക്കുന്നത് അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷം ചെയ്യും എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ജസ്റ്റിസ് ഊർമിള ജോഷി ഫാൽക്കെ അധ്യക്ഷയായ ബെഞ്ച് ആണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. കുറ്റവാളികൾക്കും ആത്മാഭിമാനം ഉണ്ടെന്നും ജയിലിൽ പ്രസവിച്ചാൽ അത് കുഞ്ഞിന് ദോഷം ചെയ്യുമെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ഏപ്രിലിൽ ട്രെയിനിൽ നടത്തിയ ഒരു റെയ്ഡിലാണ് സുരഭി ഉൾപ്പടെ അഞ്ച് പേർ പിടിയിലാകുന്നത്. ഇവരിൽ നിന്ന് 33 കിലോ കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതിൽ സുരഭിയുടെ ബാഗിൽ മാത്രം 7 കിലോ കഞ്ചാവാണുണ്ടായിരുന്നത്. പിടിക്കപ്പെടുന്ന സമയം രണ്ട് മാസം ഗർഭിണി ആയിരുന്നു യുവതി. തുടർന്ന് മാനുഷിക പരിഗണന വെച്ച് ജാമ്യം അനുവദിക്കണമെന്ന് കാട്ടി സുരഭി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സുരഭിയുടെ പക്കൽ നിന്ന് വലിയ അളവിൽ മയക്കുമരുന്ന് പിടിച്ചതിനാൽ ജാമ്യം അനുവദിക്കരുതെന്നും പ്രസവത്തിന് വേണ്ട സൗകര്യം ജയിലിൽ ഒരുക്കാമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. കസ്റ്റഡിയിലുള്ള സമയം വിദഗ്ധ ചികിത്സ ഉറപ്പാക്കാമെന്നും പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.
എന്നാൽ കുഞ്ഞിന് ജനിക്കാൻ വേണ്ട സാഹചര്യമല്ല ജയിലുകളിൽ എന്നാണ് കോടതി നിരീക്ഷിച്ചത്. കുറ്റവാളിയാണെങ്കിലും മാനുഷിക പരിഗണന നൽകണമെന്നും കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് സുരഭിക്ക് ആറ് മാസത്തെ താല്ക്കാലി ജാമ്യം കോടതി അനുവദിച്ചത്. അന്വേഷണം പൂർത്തിയായി കുറ്റപത്രവും സമർപ്പിച്ചതിനാൽ തുടർനടപടികൾക്ക് ജാമ്യം തടസ്സമാവില്ല.