ഹൈക്കോടതി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതി ജാർഖണ്ഡിൽ
|പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതിയെ ക്ഷണിക്കാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തുന്നതിനിടെയാണ് സന്ദർശനം
റാഞ്ചി: പുതിയ പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്യാൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ ക്ഷണിക്കാത്തതിനെതിരെ പ്രതിപക്ഷം പ്രതിഷേധമുയർത്തുന്നതിനിടെ ഹൈക്കോടതിയുടെ പുതിയ കെട്ടിട സമുച്ചയം തുറന്നുകൊടുക്കാൻ അവർ ജാർഖണ്ഡിലെത്തി. മൂന്നു ദിവസത്തെ സന്ദർശനത്തിനായി ബുധനാഴ്ചയാണ് അവർ റാഞ്ചിയിലെത്തിയത്. സന്ദർശനത്തിനിടെ അവർ 12 ജ്യോതിർലിംഗങ്ങളിലൊന്നായ ബാബ ബൈദ്യനാഥ് ധാം ക്ഷേത്രം സന്ദർശിച്ചു.. ജാർഖണ്ഡ് ഹൈക്കോടതി കെട്ടിട സമുച്ചയ ഉദ്ഘാടനം, ഐഐഐടി റാഞ്ചി രണ്ടാം കോൺവെക്കേഷൻ, ഖുൻഡിയിലെ മറ്റൊരു ചടങ്ങ് എന്നിവയിൽ രാഷ്ട്രപതി പങ്കെടുക്കുമെന്ന് അധികൃതർ അറിയിച്ചു. രാഷ്ട്രപതിയായ ശേഷം രണ്ടാം വട്ടമാണ് മുർമു സംസ്ഥാനത്തെത്തുന്നത്.
അതേസമയം, പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുന്ന ചടങ്ങ് കോൺഗ്രസ്, ഇടതുപക്ഷം, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ് എന്നിവയുൾപ്പെടെ 19 പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിക്കും. പുതിയ പാർലമെന്റിന്റെ ഉദ്ഘാടനം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ് പ്രധാനമന്ത്രി നിർവഹിക്കുക. പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനിടെ തീരുമാനവുമായി ബിജെപി സർക്കാർ മുന്നോട്ടുപോകുകയാണ്.
970 കോടി രൂപ ചെലവിലാണ് പുതിയ പാർലമെൻറ് മന്ദിരം നിർമിച്ചിരിക്കുന്നത്.മോദി സർക്കാർ അധികാരത്തിലെത്തിയിട്ട് ഒൻപത് വർഷം പൂർത്തിയാകുന്ന വേളയിലാണ് പുതിയ പാർലമെൻറ് മന്ദിരം രാജ്യത്തിന് സമർപ്പിക്കുന്നത്. നാലു നിലകളുള്ള മന്ദിരത്തിന് വിശാലമായ കോൺസ്റ്റ്റ്റിയൂഷൻ ഹാൾ, എംപിമാർക്കായി പ്രത്യേക ലോഞ്ച്, വിപുലമായ ലൈബ്രറി, സമ്മേളനമുറികൾ, ഡൈനിങ് ഏരിയ,വിശാലമായ പാർക്കിങ് സൗകര്യം എന്നിവയുണ്ടാകും. 93 വർഷം പഴക്കമുള്ള നിലവിലെ മന്ദിരം പാർലമെൻറുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് ഉപയോഗിക്കും. ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിനാണ് നിർമാണ കരാർ.
പാർലമെൻറ് ഹൗസ് എസ്റ്റേറ്റിലെ നൂറ്റി എട്ടാം പ്ലോട്ടിലാണ് 64,000 ചതുരശ്ര മീറ്റർ ഉള്ള പുതിയ മന്ദിരം നിർമിച്ചിരിക്കുന്നത്. ലോക്സഭയിൽ 888 ഉം രാജ്യസഭയിൽ 384 ഉം ഇരിപ്പിടം ഒരുക്കും. 2020 ഡിസംബറിലാണ് പ്രധാനമന്ത്രി പുതിയ പാർലമെൻറ് മന്ദിരത്തിന്റെ ശിലാസ്ഥാപനവും ഭൂമി പൂജയും നിർവഹിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (NIFT) രൂപകൽപന ചെയ്ത പുതിയ യൂണിഫോമായിരിക്കും ഇരുസഭകളിലെയും ജീവനക്കാർ ധരിക്കുക. പുതിയ ഘടനയിൽ മൂന്ന് വാതിലുകളാണുള്ളത് - ഗ്യാൻ ദ്വാർ, ശക്തി ദ്വാർ, കർമ്മ ദ്വാർ, കൂടാതെ എംപിമാർക്കും വിഐപികൾക്കും സന്ദർശകർക്കും പ്രത്യേക എൻട്രികളും ഉണ്ടായിരിക്കും.
President Droupadi Murmu will inaugurate the High Court complex in Jharkhand