പ്രധാനമന്ത്രിയല്ല രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടത്: രാഹുൽ ഗാന്ധി
|സവർക്കറുടെ ജന്മദിനമായ മെയ് 28-നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്.
ന്യൂഡൽഹി: പ്രധാനമന്ത്രിയല്ല രാഷ്ട്രപതിയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യേണ്ടതെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും കഴിഞ്ഞ ദിവസം ഇതേ ആവശ്യമുന്നയിച്ചിരുന്നു. രാജ്യത്തിന്റെ പൊതുസ്വത്തായ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രിയുടെ സംഭാവനയെന്ന രീതിയിലാണ് ബി.ജെ.പി അവതരിപ്പിക്കുന്നത്. എന്നാൽ രാഷ്ട്രത്തിന്റെ മേധാവിയായ രാഷ്ട്രപതിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്യേണ്ടത് എന്ന നിലപാടാണ് കോൺഗ്രസ് മുന്നോട്ടുവെക്കുന്നത്.
नए संसद भवन का उद्घाटन राष्ट्रपति जी को ही करना चाहिए, प्रधानमंत्री को नहीं!
— Rahul Gandhi (@RahulGandhi) May 21, 2023
മെയ് 28-നാണ് പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്നത്. മറ്റു പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളും മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ രംഗത്തുവന്നിരുന്നു. സഭയുടെ നാഥനല്ല, സർക്കാരിന്റെ തലവൻ മാത്രമാണ് പ്രധാനമന്ത്രി എന്ന വിമർശനമാണ് പ്രതിപക്ഷം പ്രധാനമായും ഉന്നയിക്കുന്നത്. ലോക്‌സഭാ സ്പീക്കറോ രാജ്യസഭാ ചെയർമാനോ മന്ദിരം ഉദ്ഘാടനം ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് അസദുദ്ദീൻ ഉവൈസി ചോദിച്ചിരുന്നു.
സവർക്കറുടെ ജന്മദിനമായ മെയ് 28-ന് ഉദ്ഘാടനം നടത്തുന്നതിനെതിരെ തൃണമൂൽ കോൺഗ്രസും രംഗത്തെത്തിയിരുന്നു. സവർക്കറുടെ ജന്മദിനത്തിൽ തന്നെയാണ് പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നതെന്ന് ബി.ജെ.പി ഐ.ടി സെൽ മേധാവിയായ അമിത് മാളവ്യ ട്വീറ്റ് ചെയ്തിരുന്നു.