രാഷ്ട്രപതി തെരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ നാമനിർദേശപത്രിക സമർപ്പിച്ചു
|പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർഥിയായാണ് യശ്വന്ത് സിന്‍ഹ. രാഹുൽ ഗാന്ധിയും സീതാറാം യെച്ചൂരിയുമടക്കമുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പത്രിക സമര്‍പ്പണം.
യശ്വന്ത് സിൻഹ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പിച്ചു. പ്രതിപക്ഷത്തിന്‍റെ സംയുക്ത സ്ഥാനാർഥിയായാണ് യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, എൻ.സി.പി നേതാവ് ശരദ് പവാർ, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവ്, ആർ.എൽ.ഡി തലവൻ ജയന്ത് ചൗധരി, മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്ന സിൻഹയുടെ പത്രിക സമര്‍പ്പണം.
പ്രതിപക്ഷ ഐക്യത്തിന്‍റെ വേദികൂടിയായി മാറുകയായിരുന്നു രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള പത്രിക സമർപ്പണം. രാവിലെ യശ്വന്ത് സിൻഹക്ക് തെലങ്കാന രാഷ്ട്ര സമിതി (ടി.ആർ.എസ്) പിന്തുണ പ്രഖ്യാപിച്ചിരുന്നു. ടി.എം.സി, കോൺഗ്രസ്, സി.പി.ഐ, സി.പി.എം, ശിവസേന, എൻ.സി.പി, എസ്.പി, ഡി.എം.കെ, ആർ.ജെ.ഡി, നാഷനൽ കോൺഫറൻസ്, പി.ഡി.പി, എ.ഐ.എം.ഐ.എം തുടങ്ങിയ പാർട്ടികളുടെ പിന്തുണയോടെയാണ് സിൻഹ രാഷ്ട്രപതി തെരഞ്ഞെടുപ്പിന് മത്സരിക്കുന്നത്.
തെരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ എൻ.ഡി.എ സ്ഥാനാർഥി ദ്രൗപതി മുർമുവിനേക്കാൾ ഭരണഘടനയെ കൂടുതൽ ചേർത്തുപിടിച്ച് പ്രവർത്തിക്കുമെന്ന് യശ്വന്ത് സിൻഹ പറഞ്ഞു. തെരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണെന്നും ദ്രൗപതി മുർമുവുമായി വ്യക്തിപരമായ പ്രശ്നങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈമാസം 29 ആണ് പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. തെരഞ്ഞെടുപ്പ് ജൂലൈ 18നും. അതേസമയം ബിഎസ്.പി, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ദ്രൗപദി മുര്‍മുവിനെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എൻ.ഡി.എ സ്ഥാനാർഥിയായി ദ്രൗപതി മുർമു കഴിഞ്ഞദിവസമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമെത്തി പത്രിക സമർപ്പിച്ചത്.