ഇൻഡ്യ മുന്നണി സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കാൻ കോൺഗ്രസിന് മേൽ സമ്മർദമേറുന്നു
|ജാർഖണ്ഡിൽ കൂടുതൽ സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട് ഇടത് പാർട്ടികൾ ഉൾപ്പടെ രംഗത്ത് എത്തിയിട്ടുണ്ട്.
ന്യൂഡല്‍ഹി: ' ഇന്‍ഡ്യ' മുന്നണി സീറ്റ് വിഭജന ചർച്ചകൾ വേഗത്തിലാക്കാൻ കോൺഗ്രസിന് മേൽ സമ്മർദ്ദമേറുന്നു. ബിഹാറിലെ സീറ്റ് വിഭജന ചർച്ചകൾ അതിവേഗം പൂർത്തിയാക്കണമെന്ന് ജെ.ഡി.യു കോൺഗ്രസിനോട് ആവശ്യപ്പെട്ടു. ജാർഖണ്ഡിൽ കൂടുതൽ സീറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ട് ഇടത് പാർട്ടികൾ ഉൾപ്പടെ രംഗത്ത് എത്തിയിട്ടുണ്ട്.
ഓരോ ദിവസവും ഇന്‍ഡ്യ മുന്നണിയിലെ വിവിധ പാർട്ടികളുമായി കോൺഗ്രസ് സഖ്യ സമിതി ചർച്ചകൾ നടത്തി വരികയാണ്. എന്നാൽ ചർച്ചകൾക്ക് പ്രതീക്ഷിച്ച വേഗവും ഫലപ്രാപ്തിയും ഉണ്ടായിട്ടില്ല എന്നാണ് മുന്നണിക്കുള്ളിൽ നിന്ന് തന്നെ ഉയരുന്ന ആക്ഷേപം. സീറ്റ് വിഭജനം പൂർത്തിയാക്കി പ്രഖ്യാപനം ഉണ്ടാകാൻ വൈകുന്നത് തങ്ങളെ വേദനിപ്പിക്കുന്നു എന്നാണ് ജെ.ഡി.യു നിലപാട്.
മുന്നണിയായി മുന്നോട്ട് പോകുമ്പോഴും സീറ്റുകൾ വിട്ട് നൽകാൻ കോൺഗ്രസ് ഉൾപ്പടെ മുന്നണിയിലുള്ള പാർട്ടികൾ തയ്യാറാകുന്നില്ല. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ഉള്ള മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ സീറ്റ് വിഭജനം സംബന്ധിച്ച് ആദ്യഘട്ട ചർച്ചകൾ മാത്രമാണ് പൂർത്തിയായത്. ജാർഖണ്ഡ് ഉൾപ്പടെയുള്ള പല സംസ്ഥാനങ്ങളിലും പ്രാദേശിക പാർട്ടികൾ കൂടുതൽ പരിഗണന ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടുതൽ സീറ്റുകളിൽ ഇടത് പാർട്ടികളും അവകാശവാദം ഉന്നയിക്കുന്നുണ്ട്. എന്നാൽ സഖ്യസമിതി ചർച്ചയിൽ കൂടുതൽ പൊട്ടിത്തെറി ഉണ്ടാകുന്നില്ല എന്നതാണ് കോൺഗ്രസ് നേട്ടമായി കണക്കാക്കുന്നത്. സീറ്റ് വിഭജനം പൂർത്തിയാക്കാൻ കഴിയുമെന്ന ആത്മവിശ്വാസം കോൺഗ്രസ് പ്രകടിപ്പിക്കുന്നുണ്ട്.