India
മരിച്ചെന്ന് കരുതി വീട്ടുകാര്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു; 12 വര്‍ഷങ്ങള്‍ക്ക് ശേഷം പാക് ജയിലില്‍ നിന്നും  ബിഹാര്‍ സ്വദേശിയുടെ കത്ത്
India

മരിച്ചെന്ന് കരുതി വീട്ടുകാര്‍ അന്ത്യകര്‍മ്മങ്ങള്‍ ചെയ്തു; 12 വര്‍ഷങ്ങള്‍ക്ക് ശേഷം പാക് ജയിലില്‍ നിന്നും ബിഹാര്‍ സ്വദേശിയുടെ കത്ത്

Web Desk
|
18 Dec 2021 5:11 AM GMT

ഖിലാഫത്പൂർ നിവാസിയായ ഛവിയെയാണ് ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബിഹാറിലെ ബക്സര്‍ ജില്ലയില്‍ നിന്നും കാണാതായ 30കാരന്‍ പാകിസ്താനിലെ ജയിലില്‍. മരിച്ചെന്ന് വീട്ടുകാര്‍ കരുതിയിരിക്കുമ്പോഴാണ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇയാളുടെ കത്ത് വരുന്നത്. ഖിലാഫത്പൂർ നിവാസിയായ ഛവിയെയാണ് ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തിയത്.

ഛവിയെ 18 വയസുള്ളപ്പോഴാണ് കാണാതാകുന്നത്. തുടര്‍ന്ന് തിരച്ചിലുകള്‍ നടത്തിയെങ്കിലും ഒരു തുമ്പ് പോലും അവശേഷിപ്പിക്കാതെ അപ്രത്യക്ഷനാവുകയായിരുന്നു. കാണാതായ സമയത്ത് ഛവി മാനസികമായി തകർന്നിരുന്നതായി കുടുംബാംഗങ്ങൾ പറയുന്നു. ഛവിയുടെ തിരോധാനത്തെ തുടര്‍ന്ന് പൊലീസില്‍ പരാതിയെങ്കിലും ഫലമുണ്ടായില്ല. ഛവിയെ കണ്ടെത്തുമെന്ന് വീട്ടുകാർ പ്രതീക്ഷിച്ചെങ്കിലും അവരുടെ പ്രാർത്ഥനയ്ക്ക് ഫലമുണ്ടായില്ല. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാതായപ്പോള്‍ മരിച്ചുവെന്ന് കരുതി ഛവിയുടെ അന്ത്യകര്‍മ്മങ്ങള്‍ വീട്ടുകാര്‍ നടത്തുകയും ചെയ്തു.

ഈയിടെ ഛവിയുടേതെന്ന പേരില്‍ ഒരു കത്ത് പാകിസ്താനിലെ ജയിലില്‍ നിന്നും ലഭിച്ചതായി വീട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ഛവി ജീവിച്ചിരിപ്പുണ്ടെന്ന് അറിഞ്ഞ വീട്ടുകാര്‍ അദ്ദേഹത്തിന്‍റെ വരവിനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ബിഹാറിലെ വീട്ടിൽ നിന്ന് അപ്രത്യക്ഷനായതിന് ശേഷം അദ്ദേഹം എങ്ങനെ അതിർത്തി കടന്ന് പാകിസ്താനിലെത്തി എന്ന സംശയവും വീട്ടുകാര്‍ പങ്കുവയ്ക്കുന്നുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ചിൽ നിന്നാണ് കത്ത് എത്തിയതെന്നും ഛാവിയെ പാകിസ്‌താൻ എവിടെയാണ് തടവിലാക്കിയിരിക്കുന്നതെന്ന് കൃത്യമായി പറയുന്നില്ലെന്നും പൊലീസ് പറഞ്ഞു. 12 വര്‍ഷത്തിനിടയില്‍ ഛവിയുടെ പിതാവ് മരിച്ചു. ഛവിയുടെ ഐഡന്‍റിറ്റി പോലീസിൽ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സുരക്ഷിതമായി വീട്ടിലേക്ക് മടങ്ങാൻ പ്രാർത്ഥിക്കുകയാണെന്നും അമ്മയും സഹോദരനും സഹോദരിയും പറഞ്ഞു.

Similar Posts