India
തീപ്പെട്ടിയുടെ വില വരെ കൂട്ടി; വില വര്‍ധന 14 വര്‍ഷത്തിനു ശേഷം
India

തീപ്പെട്ടിയുടെ വില വരെ കൂട്ടി; വില വര്‍ധന 14 വര്‍ഷത്തിനു ശേഷം

Web Desk
|
24 Oct 2021 6:49 AM GMT

അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വര്‍ധനവ് കാരണമാണ് തീപ്പെട്ടി നിര്‍മാതാക്കള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്.

രാജ്യത്ത് ഇന്ധനവില എല്ലാ ദിവസവും വര്‍ധിപ്പിക്കുകയാണ്. ഒപ്പം അവശ്യവസ്തുക്കളുടെ വിലയും കുതിക്കുന്നു. ഏറ്റവും ഒടുവിലായി വില കൂടിയത് തീപ്പെട്ടിക്കാണ്. ഒരു രൂപയില്‍ നിന്ന് രണ്ട് രൂപയാക്കിയാണ് വില വര്‍ധിപ്പിച്ചത്. നീണ്ട 14 വര്‍ഷത്തിന് ശേഷമാണ് വിലവര്‍ധന. ഡിസംബര്‍ 1 മുതലാണ് വില വര്‍ധന പ്രാബല്യത്തില്‍ വരിക.

അസംസ്‌കൃത വസ്തുക്കളുടെ വിലയിലെ വര്‍ധനവ് കാരണമാണ് തീപ്പെട്ടി നിര്‍മാതാക്കള്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ശിവകാശിയില്‍ ചേര്‍ന്ന തീപ്പെട്ടി കമ്പനികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. 2007ലാണ് അവസാനമായി തീപ്പെട്ടിക്ക് വില വര്‍ധിപ്പിച്ചത്. അന്ന് 50 പൈസയില്‍ നിന്ന് വില ഒരു രൂപയാക്കുകയായിരുന്നു. അതിനുമുന്‍പ് 1995ലാണ് വില 25 പൈസയില്‍ നിന്ന് 50 പൈസയാക്കിയത്.

തീപ്പെട്ടി നിര്‍മ്മിക്കാന്‍ 14 അസംസ്‌കൃത വസ്തുക്കള്‍ ആവശ്യമാണ്. എല്ലാ അസംസ്കൃത വസ്തുക്കളുടെയും വില കൂട്ടി. ഒരു കിലോഗ്രാം റെഡ് ഫോസ്ഫറസിന്റെ വില 425 രൂപയില്‍ നിന്ന് 810 രൂപയായി. വാക്‌സ് വില 58 രൂപയായിരുന്നത് 80 ആയി വര്‍ധിച്ചു. ഔട്ടര്‍ ബോക്സ് ബോര്‍ഡിന്‍റേത് 36 രൂപയില്‍ നിന്ന് 55 രൂപയും ഇന്നര്‍ ബോക്സ് ബോര്‍ഡിന്‍റേതാവട്ടെ 32ല്‍ നിന്നും 58 രൂപയുമായി വര്‍ധിച്ചു.

തീപ്പെട്ടിക്ക് 1 രൂപ 50 പൈസയായി വര്‍ധിപ്പിക്കാനാണ് ആദ്യം ധാരണയായത്. എന്നാല്‍ 50 പൈസ തിരികെ നല്‍കാനുള്ള കടയുടമകളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് 1 രൂപ വര്‍ധിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

Related Tags :
Similar Posts