ശിവാജിയെക്കുറിച്ച് പരാമർശം: ഗോവയിൽ ക്രിസ്ത്യൻ പുരോഹിതനെതിരെ കേസെടുത്തു
|ശിവാജിയെ ദൈവമായി കാണാൻ പറ്റില്ലെന്നു പള്ളിയില്‍ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകളുടെ പരാതിയിൽ കേസെടുത്തത്
പനാജി: 17-ാം നൂറ്റാണ്ടിൽ മറാഠാ രാജാവായിരുന്ന ശിവാജിയെക്കുറിച്ചുള്ള പരാമർശത്തിന് ഗോവയിൽ ക്രിസ്ത്യൻ പുരോഹിതനെതിരെ കേസ്. ഫാ. ബോൽമാക്സ് പെരേരയ്ക്ക് എതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കേസെടുത്തിരിക്കുന്നത്. പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിലാണു നടപടി.
വാസ്കോ പൊലീസ് ആണ് പുരോഹിതനെതിരെ കേസെടുത്തത്. നഗരത്തിനടുത്തുള്ള ചിക്കാലിമിലെ കത്തോലിക്കാ പള്ളിയില്‍ ചർച്ചിൽ നടത്തിയ പ്രസംഗത്തിലായിരുന്നു വിവാദമായ പരാമർശം നടത്തിയത്. ശിവാജിയെ ദൈവമായി കാണാൻ പറ്റില്ലെന്നു പള്ളിയില്‍ പ്രസംഗിച്ചെന്ന് ആരോപിച്ചാണ് ഹിന്ദുത്വ സംഘടനകൾ വിവാദമാക്കിയത്. ദക്ഷിണ ഗോവയിലെ കുൻകോലിം, കനാകോണ എന്നിവിടങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും പെരേരയ്ക്കെതിരെ പരാതി രജിസ്റ്റർ ചെയ്തു.
പരാമർശം വിവാദമായതിനു പിന്നാലെ അദ്ദേഹം മാപ്പുപറഞ്ഞു. വിവാദ പരാമർശങ്ങൾ സാഹചര്യത്തിൽനിന്ന് അടർത്തിമാറ്റിയതും ദുർവാഖ്യാനം ചെയ്തതുമാണെന്ന് ഫാ. ബോൽമാക്സ പെരേര വിശദീകരിച്ചു. മത, ജാതി, ഭാഷാ വ്യത്യാസമില്ലാതെ രാജ്യത്തും വിദേശത്തുമെല്ലാം ആദരിക്കപ്പെടുന്ന വ്യക്തിയാണ് ശിവാജിയെന്ന് വിശ്വാസികളോട് വിശദീകരിക്കുകയായിരുന്നു പ്രസംഗത്തിലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഇതിനുശേഷവും പുരോഹിതനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബജ്രങ്ദൾ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ രംഗത്തെത്തി. വാസ്കോ പൊലീസ് സ്റ്റേഷനിലേക്ക് നൂറുകണക്കിനു പ്രവർത്തകരുമായി ബജ്രങ്ദൾ മാർച്ച് നടത്തി. പെരേരയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനു കത്തെഴുതുകയും ചെയ്തിരുന്നു.
Summary: Catholic priest booked over remarks on Shivaji in Goa