India
Priest in Uttar Pradesh molests minor, arrested
India

ക്ഷേത്രത്തിന് സമീപം ഏഴ് വയസുകാരിയെ പീഡിപ്പിച്ചു; യു.പിയിൽ പൂജാരി അറസ്റ്റിൽ

Web Desk
|
3 Sep 2024 12:25 PM GMT

പീഡനവിവരം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെ ഇവരും നാട്ടുകാരും ചേർന്ന് ഇയാളെ മർദിച്ചു.

ലഖ്നൗ: ഉത്തർപ്രദേശിൽ ഏഴ് വയസുകാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. ഹാപൂരിലെ ഒരു ​ഗ്രാമത്തിലാണ് സംഭവം. രണ്ട് തവണയാണ് ഇയാൾ പെൺകുട്ടിക്കു നേരെ ലൈം​ഗികാതിക്രമം നടത്തിയത്.

ആഗസ്റ്റ് 26ന് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ ഇയാൾ ഏഴ് വയസുകാരിക്കു നേരെ ലൈം​ഗികാതിക്രമം നടത്തിയതായി പരാതി ഉയർന്നിരുന്നു. സംഭവം നാട്ടുകാരിൽ വ്യാപക പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ക്ഷേത്രത്തിനു സമീപമിരുന്ന് കളിക്കുകയായിരുന്ന പെൺകുട്ടിയെ ഇയാൾ പ്രസാദം നൽകി വശീകരിച്ച ശേഷം വീണ്ടും പീ‍ഡിപ്പിക്കുകയായിരുന്നു.

പീഡനവിവരം കുട്ടി വീട്ടുകാരോട് പറഞ്ഞതോടെ ഇവരും നാട്ടുകാരും ചേർന്ന് ഇയാളെ മർദിച്ചു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. നാട്ടുകാർ ഇയാളെ ചോദ്യം ചെയ്യുകയും മർദിക്കുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ഇയാൾ നാട്ടുകാരോട് മാപ്പ് പറയുന്നതും വീഡിയോയിൽ കാണാം.

സംഭവത്തിൽ മാതാപിതാക്കളുടെ പരാതിയിൽ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്ത പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ 15 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ജൂലൈയിൽ, മഹാരാഷ്ട്രയിൽ 30കാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ക്ഷേത്ര പൂജാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിലായിരുന്നു. ക്ഷേത്രത്തിലെത്തിയ യുവതിക്ക് ചായയിൽ ലഹരിമരുന്ന് കലർത്തി നൽകിയായിരുന്നു കൂട്ടബലാത്സംഘം. നവി മുംബൈയിലെ ബേലാപൂരിൽനിന്ന് കാണാതായ 30കാരിയാണ് കൊല്ലപ്പെട്ടത്.

ഭർത്താവിനോടും ഭർതൃമാതാവിനോടും പിണങ്ങി ഒറ്റയ്ക്ക് മലമുകളിലെ ക്ഷേത്രത്തിൽ എത്തിയ യുവതിയുമായി പ്രതികൾ സൗഹൃദം സ്ഥാപിച്ചു. ചായയിൽ ഭാങ്ക് കലക്കി നൽകി ബോധരഹിതയാക്കിയ ശേഷം ക്ഷേത്രത്തിലെ സ്റ്റോർ റൂമിൽ എത്തിച്ചായിരുന്നു പീഡനം. അതിക്രൂര പീഡനത്തിനുശേഷം ബോധം തിരിച്ചുകിട്ടിയ പെൺകുട്ടി കരഞ്ഞ് ബഹളംവച്ചു.

ഇതോടെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. ഒരു ദിവസം മൃതദേഹം സ്റ്റോറൂമിൽ സൂക്ഷിച്ചു. ശേഷം മൃതദേഹം മലമുകളിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ കല്യാൺ ശിൽഫാതയിലെ ഘോൾ ഗണപതി ക്ഷേത്രത്തിലെ സഹ പൂജാരിയായ സന്തോഷ് കുമാർ രമ്യജ്ഞ മിശ്ര, സുഹൃത്ത് രാജ്കുമാർ റാംഫർ പാണ്ഡെ, ശ്യാംസുന്ദർ പ്യാർചന്ദ് ശർമ ഉൾപ്പെടെ മൂന്നു പേരാണ് അറസ്റ്റിലായത്.

Similar Posts