ദൈവമല്ല,പുരോഹിതന്‍മാരാണ് ജാതിയും വിഭാഗങ്ങളും സൃഷ്ടിച്ചതെന്ന് മോഹന്‍ ഭാഗവത്
|ഞായറാഴ്ച രവീന്ദ്ര നാട്യ മന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
മുംബൈ: ദൈവമല്ല,പുരോഹിതന്‍മാരാണ് ജാതിയും വിഭാഗങ്ങളും സൃഷ്ടിച്ചതെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. വര്‍ണ സമ്പ്രദായത്തെ അപലപിച്ച ഭാഗവത് ദൈവത്തിന്‍റെ മുന്നില്‍ എല്ലാവരും തുല്യരാണെന്നും കൂട്ടിച്ചേര്‍ത്തു. ജാതികളും വിഭാഗങ്ങളും സൃഷ്ടിക്കുന്നതിൽ പുരോഹിതന്‍മാരാണ് ഉത്തരവാദികളാണെന്നും അദ്ദേഹം പറഞ്ഞു.ശിരോമണി രോഹിദാസിന്റെ 647-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഞായറാഴ്ച രവീന്ദ്ര നാട്യ മന്ദിർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മള്‍ ഉപജീവനത്തിനായി സമ്പാദിക്കുമ്പോള്‍ നമുക്ക് സമൂഹത്തോട് ഉത്തരവാദിത്തമുണ്ട്. ഓരോ ജോലിയും സമൂഹത്തിന് വേണ്ടിയാകുമ്പോൾ, ഏത് ജോലിയും എങ്ങനെ വലുതോ ചെറുതോ വ്യത്യസ്തമോ ആകും? നമ്മുടെ സൃഷ്ടാവിന് എല്ലാവരും തുല്യരാണ്. ജാതിയോ വിഭാഗമോ ഇല്ല. പുരോഹിതന്മാരാണ് ഈ വ്യത്യാസങ്ങൾ സൃഷ്ടിച്ചത്, അത് തെറ്റാണ്," അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്ത് മനസ്സാക്ഷിയും ബോധവും ഒരുപോലെയാണെന്നും അഭിപ്രായങ്ങൾ മാത്രമാണ് വ്യത്യസ്തമെന്നും ഭാഗവത് പറഞ്ഞു. തുളസീദാസ്, കബീർ, സൂർദാസ് എന്നിവരെക്കാൾ വലിയവനാണ് രോഹിദാസെന്നും അതിനാലാണ് അദ്ദേഹത്തെ വിശുദ്ധ ശിരോമണിയായി കണക്കാക്കുന്നതെന്നും ആർ.എസ്.എസ് മേധാവി പറഞ്ഞു.ശാസ്ത്രത്തിൽ ബ്രാഹ്മണരെ ജയിക്കാൻ കഴിഞ്ഞില്ലെങ്കിലും, നിരവധി ഹൃദയങ്ങളെ സ്പർശിക്കാനും അവരെ ദൈവത്തിൽ വിശ്വസിപ്പിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
നിങ്ങളുടെ ജോലി ചെയ്യുക. സമൂഹത്തെ ഒന്നിപ്പിക്കുക, അതിന്‍റെ പുരോഗതിക്കായി പ്രവർത്തിക്കുക, മതം എന്നാല്‍ ഇതാണ്. അത്തരം ചിന്തകളും ഉന്നതമായ ആദർശങ്ങളും ഉള്ളതുകൊണ്ടാണ് പല പ്രമുഖരും രോഹിദാസിന്റെ ശിഷ്യരായത്. സത്യം, അനുകമ്പ, ആന്തരിക വിശുദ്ധി, നിരന്തരമായ കഠിനാധ്വാനവും പരിശ്രമവും എന്നീ നാലു മന്ത്രങ്ങള്‍ രോഹിദാസ് സമൂഹത്തിന് നല്‍കി. നിങ്ങൾക്ക് ചുറ്റും സംഭവിക്കുന്ന എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുക, എന്നാൽ ഒരു സാഹചര്യത്തിലും നിങ്ങള്‍ മതം ഉപേക്ഷിക്കരുത്.മതപരമായ സന്ദേശങ്ങൾ കൈമാറുന്ന രീതി വ്യത്യസ്തമാണെങ്കിലും, സന്ദേശങ്ങൾ എല്ലാം ഒന്നുതന്നെയാണ്.മറ്റ് മതങ്ങളോട് വിദ്വേഷം പുലര്‍ത്താതെ സ്വന്തം മതത്തിന്‍റെ ആചാരങ്ങള്‍ പിന്തുടരണമെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.