ശിവജിയുടെ പ്രതിമ തകർന്ന സംഭവം: തലകുനിച്ച് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി
|മാസങ്ങൾക്ക് മുമ്പ് മോദിയാണ് പ്രതിമ അനാച്ഛാദനം ചെയ്തത്
മുംബൈ: മഹാരാഷ്ട്രയിൽ ശിവജിയുടെ പ്രതിമ തകർന്ന സംഭവത്തിൽ മാപ്പ് ചോദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഛത്രപതി ശിവജി മഹാരാജ് നമുക്ക് വെറുമൊരു നാമമല്ല. ഇന്ന് ഞാൻ എന്റെ ദൈവമായ ഛത്രപതി ശിവജി മഹാരാജിനോട് തലകുനിച്ച് മാപ്പ് ചോദിക്കുന്നു’ -മഹാരാഷ്ട്രയിലെ പൽഘാറിൽ വെള്ളിയാഴ്ച നടന്ന ചടങ്ങിൽ മോദി പറഞ്ഞു.
ഛത്രപതി ശിവജി മഹാരാജിന്റെ ഭക്തരുടെ വേദന തനിക്ക് മനസ്സിലായെന്നും പ്രതിമ തകർന്നതിൽ ഖേദമുണ്ടെന്നും മോദി വ്യക്തമാക്കി. ‘ഛത്രപതി ശിവജി മഹാരാജിനെ തങ്ങളുടെ ദൈവമായി കണക്കാക്കിയവരോടും ആഴത്തിൽ മുറിവേറ്റവരോടും തലകുനിച്ച് ക്ഷമ ചോദിക്കുന്നു. നമ്മുടെ മൂല്യങ്ങൾ വ്യത്യസ്തമാണ്. നമ്മെ സംബന്ധിച്ചിടത്തോളം നമ്മുടെ ദൈവത്തേക്കാൾ വലുതായി ഒന്നുമില്ല’ -മോദി പറഞ്ഞു.
ഹിന്ദുത്വ നേതാവ് വീർസവർക്കറെയും അദ്ദേഹത്തിന്റെ ആശയത്തെയും ആക്രമിക്കുന്ന കോൺഗ്രസടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയും പ്രസംഗത്തിനിടെ പ്രധാനമന്ത്രി വിമർശിച്ചു. ‘ഭാരതമാതാവിന്റെ മഹാനായ പുത്രനെ, ഈ മണ്ണിന്റെ കൂടി പുത്രനായ വീർ സവർക്കെറെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവരല്ല ഞങ്ങൾ. പ്രതിപക്ഷം ഇതിൽ മാപ്പ് പറയാൻ തയ്യാറല്ല. കോടതിയിൽ പോകാനും പോരാടനും അവർ തയ്യാറാണ്’ -മോദി പറഞ്ഞു.
നിരവധി വികസന പ്രവർത്തനങ്ങളാണ് വെള്ളിയാഴ്ച മോദി മഹാരാഷ്ട്രയിൽ ഉദ്ഘാടനം ചെയ്തത്. പൽഘറിൽ നടന്ന ചടങ്ങിൽ വദ്‍വാൻ തുറമുഖത്തിന് മോദി തറക്കല്ലിട്ടു. 76,000 കോടി രൂപ ചെലവിലാണ് തുറമുഖം നിർമിക്കുന്നത്. വ്യാപ്തിയുടെ കാര്യത്തിൽ ഇന്ത്യയിൽ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും വലിയ തുറമുഖമായിരിക്കുമിതെന്ന് മോദി പറഞ്ഞു. രാജ്യത്തെ മറ്റു ഏത് തുറമുഖത്തേക്കാളും അധികം കണ്ടയ്നറുകൾ വഹിക്കാൻ ഈ തുറമുഖത്തിന് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘പൽഘറിലെ ജനങ്ങളെയും രാജ്യത്തെ മൊത്തമായും ഞാൻ അഭിനന്ദിക്കുകയാണ്. ഈയിടെ നമ്മൾ ദിഗി തുറമുഖത്തിന് അനുമതി നൽകി. ഇത് മഹാരാഷ്ട്രയിലെ ജനങ്ങൾക്ക് ഇരട്ടി സന്തോഷമുള്ള വാർത്തയാണ്. ഈ പദ്ധതി വഴി മാത്രം ലക്ഷക്കണക്കിന് കോടി രൂപയുടെ നിക്ഷേപം ഇവിടെ എത്തുമെന്നാണ് കണക്കാക്കുന്നത്. ഏകദേശം 12 ലക്ഷം തൊഴിൽ സാധ്യതകൾ സൃഷ്ടിക്കപ്പെടും’ -മോദി പറഞ്ഞു.
‘മഹാരാഷ്ട്രയുടെ ഈ വികസനത്തിൽ ആർക്കാണ് എതിർപ്പുള്ളത്? മഹാരാഷ്ട്രയിലെ യുവാക്കൾക്ക് തൊഴിൽ ലഭിക്കാൻ ആഗ്രഹമില്ലാത്ത കൂട്ടർ ആരായിരുന്നു. മഹാരാഷ്ട്രയെ പിന്നിൽ നിർത്താൻ ആഗ്രഹിക്കുന്ന ആളുകളെ വോട്ടർമാർ മറക്കരുത്’ -പ്രതിപക്ഷത്തെ വിമർശിച്ചുകൊണ്ട് മോദി പറഞ്ഞു. 1560 കോടി രൂപയുടെ മത്സ്യബന്ധന പദ്ധതികളുടെ ഉദ്‍ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിച്ചു.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുകയാണ്. ഇതിന് മുന്നോടിയായിട്ടാണ് നിരവധി പദ്ധതികളുടെ ഉദ്ഘാടനങ്ങൾ വെള്ളിയാഴ്ച നടന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് സിന്ദുദർഗിലെ ശിവജിയുടെ പ്രതിമ മോദി ഉദ്ഘാടനം ചെയ്യുന്നത്. ആഗസ്റ്റ് 26ന് ഇത് തകർന്നുവീഴുകയായിരുന്നു. കോടികൾ ചെലവിട്ട് 35 അടിയിൽ നിർമിച്ച പ്രതിമയാണ് പൂർണമായും തകർന്നുവീണത്. കഴിഞ്ഞ വർഷം ഡിസംബർ നാലിന് നാവികദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു ശിവജി പ്രതിമയുടെ അനാച്ഛാദനം നടന്നത്.
പ്രതിമ തകർന്ന് വീണതിന് പിന്നാലെ മഹാരാഷ്ട്രയിലെ മഹായുതി സർക്കാറിനെതിരെ പ്രതിപക്ഷ കക്ഷികളടക്കം വലിയ പ്രതിഷേധമാണ് ഉയർത്തിയത്. കൂടാതെ സർക്കാറിനൊപ്പമുള്ള അജിത് പവാർ പക്ഷം എൻ.സി.പിയിൽനിന്നും ഏക്നാഥ് ഷിൻഡെ സർക്കാർ പ്രതിഷേധം നേരിടേണ്ടി വന്നു. ഉപമുഖ്യമന്ത്രി അജിത് പവാറും സംസ്ഥാനത്തുടനീളമുള്ള പാർട്ടി പ്രവർത്തകരും പ്രതിമ തകർന്നതിനെ അപലപിച്ചു.
ശക്തമായ കാറ്റാണ് പ്രതിമ തകരാൻ കാരണമെന്നും ഛത്രപതി ശിവജി മഹാരാജിന്റെ പാദങ്ങളിൽ 100 തവണ തൊടാനും മാപ്പ് പറയാനും മടിക്കില്ലെന്നും പറഞ്ഞ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ രംഗത്തുവരികയുണ്ടായി. ഇതിന് പിന്നാലെയാണ് ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി പരസ്യമായി മാപ്പ് പറഞ്ഞത്.