രാമക്ഷേത്ര പ്രതിഷ്ഠാ ദിനം എല്ലാവരും വീടുകളിൽ ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി
|രാമക്ഷേത്ര ഉദ്ഘടന ദിനത്തിനായി ലോകം കാത്തിരിക്കുകയാന്നെന്നും മോദി അവകാശപ്പെട്ടു.
ലഖ്നൗ: അയോധ്യയിൽ ബാബരി മസ്ജിദ് പൊളിച്ചയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം വീടുകളിൽ ആഘോഷിക്കാൻ ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയുടെ വികസനയാത്രയ്ക്ക് അയോധ്യ ഊർജം നൽകുമെന്ന് മോദി പറഞ്ഞു. വികസനവും പാരമ്പര്യവും ഇന്ത്യയെ മുന്നോട്ടു നയിക്കും. അയോധ്യയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാമൻ രാജ്യത്തിനാകെ അവകാശപ്പെട്ടതാണ്. രാമക്ഷേത്ര ഉദ്ഘടന ദിനത്തിനായി ലോകം കാത്തിരിക്കുകയാന്നെന്നും മോദി അവകാശപ്പെട്ടു. രാമക്ഷേത്ര ഉദ്ഘാടനത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി അയോധ്യയിലെത്തിയത്.
അയോധ്യയിലെത്തിയ പ്രധാനമന്ത്രി 16 കിലോമിറ്റർ റോഡ് ഷോ നടത്തിയാണ് നവീകരിച്ച അയോധ്യ ധാം റെയില്‍വേ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യാൻ എത്തിയത്. രണ്ട് അമൃത് ഭാരത്, ആറ് വന്ദേഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും മോദി നിർവഹിച്ചു.
ശേഷം പുതിയ വിമാനത്താവളത്തിന്റെ ഉദ്ഘാടനവും മോദി നിർവഹിച്ചു. അയോധ്യയിൽ 15,700 കോടി രൂപയുടെ നിരവധി വികസന പദ്ധതികൾക്കും മോദി തുടക്കമിട്ടു. രാമക്ഷേത്രം മുഖ്യ വിഷയമാക്കിയുള്ള ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൂടിയാണ് മോദി തുടക്കമിട്ടത്.