India
Prime Minister Modi,Narendra Modi,BJP ,BJP working committee meeting,BJP National Executive Committee meeting

പ്രധാനമന്ത്രി നരേന്ദ്രമോദി

India

'യുവാക്കളിൽ ബി.ജെ.പിയെപ്പറ്റി അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തണം'; നേതാക്കൾക്ക് നിർദേശവുമായി നരേന്ദ്ര മോദി

Web Desk
|
18 Jan 2023 1:42 AM GMT

''പാർട്ടി ജയിക്കണമെങ്കിൽ പ്രവർത്തകർ കഠിനാദ്ധ്വാനം ചെയ്യണം. മറിച്ച്, മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നാൽ ജയിക്കുമെന്ന മാനസിക നിലയോടെ പ്രവർത്തിക്കരുത്''

ന്യൂഡൽഹി: ലോകസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ബി.ജെ.പി ദേശിയ നിർവാഹക സമിതിയിൽ നേതാക്കൾക്കും അണികൾക്കും നിർദേശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെരഞ്ഞെടുപ്പ് പരിഗണനകളില്ലാതെ സമൂഹത്തിന്റെ എല്ലാ തുറകളിലും എത്തിച്ചേരണമെന്ന് നേതാക്കളോട് മോദി ആവശ്യപ്പെട്ടു. ബൊഹ്‌റ, പസ്മന്ത, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ സമൂഹത്തിന്റെ എല്ലാ തുറകളിലേക്കും നേതാക്കൾ എത്തിച്ചേരണമെന്നും യോഗത്തിൽ നിർദേശം നൽകി.

രണ്ട് ദിവസമായി ഡൽഹിയിൽ ചേർന്ന ദേശിയ നിർവാഹകസമതിയിൽ കേന്ദ്ര മന്ത്രിമാർ, വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള 350 മുതിർന്ന നേതാക്കളോടായിരുന്നു മോദിയുടെ നിർദേശങ്ങൾ.

വിവിധ സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ സംബന്ധിച്ചായിരുന്നു നിർവാഹക സമിതി യോഗത്തിന്റെ പ്രധാന അജണ്ട. പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യംവെച്ചുള്ള ഒൻപതിന പ്രമേയങ്ങളും യോഗത്തിൽ ചർച്ചയായി. പ്രചാരണത്തിന് മോദി വന്നാൽ ബി.ജെപി ജയിക്കുമെന്ന വിധത്തിലുള്ള അമിത ആത്മവിശ്വാസം പാടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. പാർട്ടി ജയിക്കണമെങ്കിൽ പ്രവർത്തകർ കഠിനാദ്ധ്വാനം ചെയ്യണം. മറിച്ച്, മോദി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നാൽ ജയിക്കുമെന്ന മാനസിക നിലയോടെ പ്രവർത്തിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

18-നും 25-നുമിടയിൽ പ്രായമുള്ള യുവാക്കളിൽ ബി.ജെ.പി.യെപ്പറ്റി അവബോധമുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും മോദി നിർദേശിച്ചു. ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിന് അവർ സാക്ഷികളായിട്ടില്ല. മുൻ സർക്കാരുകളുടെ കാലത്തുണ്ടായിരുന്ന അഴിമതികളെക്കുറിച്ചോ തെറ്റായ പ്രവർത്തനങ്ങളെക്കുറിച്ചോ അവർ ബോധവാന്മാരല്ല. അതുകൊണ്ട് ബി.ജെ.പി.യുടെ സദ്ഭരണത്തെക്കുറിച്ചുള്ള അവബോധം അവരിൽ സൃഷ്ടിക്കണമെന്നും മോദി പറഞ്ഞു. നിലവിലെ സംസ്ഥാന അധ്യക്ഷൻമാരുടെ കാലാവധി നീട്ടിയത് പാർട്ടി അധ്യക്ഷൻ ജെ.പി നദ്ദ ഉടൻ പ്രഖ്യാപിക്കും.


Similar Posts