ജി7 ഉച്ചകോടി; പ്രധാനമന്ത്രി നരേന്ദ്ര മോദി ജർമനിയിൽ
|ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ പ്രത്യേക ക്ഷണിതാവായാണ് ജി7 അംഗമല്ലാത്ത ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്.
ജർമനിയിൽ ജി7 ഉച്ചകോടി ആരംഭിച്ചു. ഉച്ചകോടിയിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജർമനിയിലെത്തി. റഷ്യ-യുക്രൈൻ യുദ്ധമാണ് ഉച്ചകോടിയുടെ ആദ്യദിനം ചർച്ചയായത്. അതിനിടെ ഉച്ചകോടി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് യുക്രൈനിൽ റഷ്യ വ്യോമാക്രമണം നടത്തി.
ജർമൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ പ്രത്യേക ക്ഷണിതാവായാണ് ജി7 അംഗമല്ലാത്ത ഇന്ത്യ ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. വലിയ സ്വീകരണമാണ് മോദിക്ക് വിമാനത്താവളത്തിൽ ഒരുക്കിയത്. പരിസ്ഥിതി, ഊർജം, കാലാവസ്ഥ തുടങ്ങിയ വിവിധ വിഷയങ്ങളിൽ രണ്ട് സെഷനുകളിൽ മോദി സംസാരിക്കും. ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളായി മോദി കൂടിക്കാഴ്ച നടത്തും.
ഉച്ചകോടി ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് യുക്രൈൻ തലസ്ഥാനമായ ക്വീവിൽ റഷ്യ മിസൈലാക്രമണം ആരംഭിച്ചത്. റഷ്യൻ ആക്രമണത്തെ കാടത്തം എന്ന് വിളിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ സ്വർണത്തിന് ഉപരോധം ഏർപ്പെടുത്തുമെന്നും സ്വർണ ഇറക്കുമതി ജി7 രാഷ്ട്രങ്ങൾ ഉപരോധിക്കുമെന്നും പറഞ്ഞു. റഷ്യക്കെതിരെ ഒന്നിച്ചു നിന്ന ലോകരാജ്യങ്ങളെ അഭിനന്ദിക്കാനും ബൈഡൻ മറന്നില്ല. യുക്രൈന് കൂടുതൽ സഹായങ്ങൾ നൽകുമെന്ന് ബ്രിട്ടൻ പ്രധാനമന്ത്രി ബോറിസ് ജോൺസണും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും പറഞ്ഞു.