പ്രാർഥന ശരിയായി ചൊല്ലാത്തതിനും സംസ്കൃതം അറിയാത്തതിനും വിദ്യാർഥികളെ മർദിച്ച പ്രിൻസിപ്പൽ അറസ്റ്റിൽ
|ഒന്നും മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന 20 വിദ്യാർഥികളെ പ്രിൻസിപ്പൽ ശാരീരികമായി ഉപദ്രവിച്ചു.
ഇറ്റാനഗർ: പ്രാർഥന ശരിയായി ചൊല്ലാത്തതിനും സംസ്കൃതം നന്നായി അറിയാത്തതിനും വിദ്യാർഥികളെ മർദിച്ച പ്രിൻസിപ്പൽ അറസ്റ്റിൽ. അരുണാചൽ പ്രദേശിലെ പക്കെ കെസാങ് ജില്ലയിലെ പതഞ്ജലി യോഗപീഠം ട്രസ്റ്റിന് കീഴിലെ സ്കൂളിലെ പ്രിൻസിപ്പലാണ് അറസ്റ്റിലായത്. ആരോപണങ്ങൾ ഉയർന്നതിനു പിന്നാലെ പ്രിൻസിപ്പലിനെ പുറത്താക്കിയതായി സ്കൂൾ അധികൃതർ പറഞ്ഞു.
ഉത്തർപ്രദേശിലെ ഫത്തേപൂർ ജില്ലയിൽ നിന്നാണ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തതെന്ന് പക്കെ കെസാങ് പൊലീസ് സൂപ്രണ്ട് താസി ദരംഗ് പറഞ്ഞു. ഒന്നാം ക്ലാസ് വിദ്യാർഥിയുടെ ശരീരത്തിലെ ചതവുകൾ രക്ഷിതാക്കളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് ശാരീരിക പീഡനം പുറത്തറിയുന്നത്. ഇതേത്തുടർന്ന് ഡിസംബർ 10ന് സെയ്ജോസ പൊലീസ് സ്റ്റേഷനിൽ ഇവർ പരാതി നൽകിയതായും അദ്ദേഹം പറഞ്ഞു.
പരാതിയിൽ ഐപിസി 342, 323 എന്നീ വകുപ്പുകൾ പ്രകാരവും ജുവനൈൽ ജസ്റ്റിസ് ആക്‌ട് സെക്ഷൻ 75 പ്രകാരം കുട്ടികളോട് ക്രൂരത കാണിച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഒന്നും മുതൽ നാലു വരെ ക്ലാസുകളിൽ പഠിക്കുന്ന 20 വിദ്യാർഥികളെ പ്രിൻസിപ്പലായ സ്ത്രീ ശാരീരികമായി ഉപദ്രവിച്ചു. പീഡനങ്ങൾ രക്ഷിതാക്കളെ അറിയിച്ചാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് വിദ്യാർഥികളെ ഇവർ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം വിശദമാക്കി.
"സ്‌കൂൾ പ്രാർഥന ശരിയായി ചൊല്ലാത്തതിന് പ്രിൻസിപ്പൽ നിരവധി വിദ്യാർഥികളെ ശാരീരികമായി ഉപദ്രവിച്ചു. ചിലർ സംസ്‌കൃതത്തിൽ പ്രാവീണ്യം ഇല്ലായ്മയുടെ പേരിൽ മർദിക്കപ്പെട്ടു"- എസ്പി കൂട്ടിച്ചേർത്തു. 2019 മുതൽ രജിസ്ട്രേഷൻ ഇല്ലാതെയാണ് സ്കൂൾ പ്രവർത്തിക്കുന്നതെന്ന് അരുണാചൽ പ്രദേശ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം, പ്രിൻസിപ്പലിന്റെയും സ്കൂളിന്റേയും പേര് പുറത്തുവിടാൻ പൊലീസ് തയാറായില്ല.