India
Principal, teacher, priest, nun booked after MP schoolgirls complain of assault, molestation
India

വിദ്യാർഥിനികളുടെ പീഡന പരാതി; വൈദികൻ, കന്യാസ്ത്രീ, ടീച്ചർ, പ്രിൻസിപ്പൽ എന്നിവർക്കെതിരെ കേസ്

Web Desk
|
5 March 2023 8:27 AM GMT

റോമൻ കാത്തലിക് ജബൽപൂർ രൂപതാ വിദ്യാഭ്യാസ സൊസൈറ്റി (ജെ.ഡി.ഇ.എസ്)യുടെ കീഴിലുള്ള സ്കൂളിലാണ് സംഭവം.

ഭോപ്പാൽ: പീഡിപ്പിക്കുകയും മർദിക്കുകയും ചെയ്തെന്ന വിദ്യാർഥികളുടെ പരാതിയിൽ സ്കൂൾ പ്രിൻസിപ്പൽ, ഗെസ്റ്റ് ടീച്ചർ, വൈദികൻ, കന്യാസ്ത്രീ എന്നിവർക്കെതിരെ കേസ്. മധ്യപ്രദേശിലെ ഡിൻഡോരി ജില്ലയിലെ ജുൻവാനിയിലെ റോമൻ കാത്തലിക് ജബൽപൂർ രൂപതാ വിദ്യാഭ്യാസ സൊസൈറ്റി (ജെ.ഡി.ഇ.എസ്)യുടെ കീഴിലുള്ള സ്കൂളിലാണ് സംഭവം.

'സംഭവത്തിൽ 40കാരനായ പ്രിൻസിപ്പൽ, 35 വയസുള്ള ​ഗെസ്റ്റ് ടീച്ചർ എന്നിവർക്കെതിരെ ഐപിസി 354 (സ്ത്രീകൾക്കെതിരായ അതിക്രമം) ഉം പോക്സോ നിയമം, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരവും ശനിയാഴ്ച രാത്രി കേസെടുത്തു'- ഡിൻഡോരി പൊലീസ് സൂപ്രണ്ട് സഞ്ജയ് സിങ് പറഞ്ഞു.

'ഇവരെ കൂടാതെ, സ്കൂൾ കെയർടേക്കറായ 40കാരനായ വൈദികൻ, സ്കൂളിലെ ഒരു കന്യാസ്ത്രീ എന്നിവർക്കെതിരെയും കേസെടുത്തിട്ടുണ്ട്. പെൺകുട്ടികളെ മർദിച്ചതിനാണ് കന്യാസ്ത്രീക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസിൽ പ്രിൻസിപ്പലിനെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്'- അദ്ദേഹം കൂട്ടിച്ചേർത്തു.

മധ്യപ്രദേശ് ശിശു സംരക്ഷണ വകുപ്പ് അംഗങ്ങളും ഉദ്യോഗസ്ഥരും സ്‌കൂൾ സന്ദർശിച്ച ശേഷമാണ് നടപടി സ്വീകരിച്ചതെന്ന് എസ്.പി അറിയിച്ചു. അതേസമയം, സംഭവത്തിൽ ജബൽപൂർ ആർ.സി രൂപത ബിഷപ്പ് ജെറാൾഡ് അൽമേദ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Similar Posts