വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെ അഗ്‌നിപഥിനൊരുങ്ങി സ്വകാര്യ സൈനിക പരിശീലന കേന്ദ്രങ്ങൾ
|പദ്ധതിക്ക് എതിരെ നടന്ന പ്രക്ഷോഭങ്ങളിൽ സൈനിക പരിശീലന കേന്ദ്രങ്ങൾക്ക് നേരെ അന്വേഷണം ശക്തം
ഡൽഹി: അഗ്‌നിപഥ് പദ്ധതിയ്ക്കായി ഒരുങ്ങി രാജ്യത്തെ സ്വകാര്യ സൈനിക പരിശീലന കേന്ദ്രങ്ങൾ. മൂന്ന് സേനാ വിഭാഗങ്ങളും വിജ്ഞാപനം പുറപ്പെടുവിച്ചതിന് പിന്നാലെയാണ് നീക്കം. അതേസമയം, പദ്ധതിക്ക് എതിരെ നടന്ന പ്രക്ഷോഭങ്ങളിൽ പരിശീലന കേന്ദ്രങ്ങൾക്കുള്ള പങ്ക് സംബന്ധിച്ചുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കി.
ഉദ്യോഗാർഥികൾക്ക് ഒപ്പം പരിശീലകരും അഗ്‌നിപഥ് പദ്ധതി പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞിരുന്നത്. പ്രക്ഷോഭങ്ങളിൽ ഉദ്യോഗാർഥികൾക്ക് ഒപ്പം സ്വകാര്യ സൈനിക പരിശീലന കേന്ദ്രത്തിലെ പരിശീലകരും സമരത്തിന് ഇറങ്ങിയിരുന്നു. എന്നാൽ നിലപാട് മാറ്റില്ലെന്ന കേന്ദ്ര സർക്കാരിന്റെയും സൈന്യത്തിന്റെയും തീരുമാനം വന്നതോടെ അഗ്‌നിപഥ് പ്രവേശനത്തിനായി ഉദ്യോഗാർഥികളെ സജ്ജരാക്കുകയാണ് പരിശീലകർ. കഴിഞ്ഞ പല വർഷങ്ങളായി ബീഹാറിൽ പരിശീലന കേന്ദ്രം നടത്തുന്ന മാർക്കോസ് മറ്റ് അർദ്ധ സൈനിക വിഭാഗങ്ങളിലെ സാധ്യതകൾ ചൂണ്ടിക്കാട്ടുന്നു.
അഗ്‌നിപഥ് പദ്ധതി ഏറെ ഗുണം ചെയ്യും. ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി തുടങ്ങിയ അർധ സൈനിക വിഭാഗങ്ങളിൽ കൂടുതൽ അവസരം ലഭിക്കും. സേവനം കഴിഞ്ഞ് പുറത്ത് ഇറങ്ങുന്നവർ ജീവിതം ചിട്ടയോടെ ജീവിക്കാൻ പരിശീലിക്കുമെന്നും ഇവർ പറയുന്നു.
അതേസമയം, പ്രതിഷേധങ്ങൾ,കലാപങ്ങൾ എന്നിവയിൽ പരിശീലന കേന്ദ്രങ്ങളുടെ പങ്ക് അന്വേഷിക്കുകയാണ് വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനകൾ. സെക്കന്തരാബാദിൽ ട്രെയിനിന് തീ വെയ്ക്കാൻ വാട്‌സ്ആപ് ഗ്രൂപ്പ് വഴി പരിശീലന കേന്ദ്രങ്ങൾ നിർദേശം നൽകിയതായി പൊലീസ് സമർപ്പിച്ച റിപ്പോർട്ടിൽ ആരോപിക്കുന്നുണ്ട്. അക്രമം നടത്തിയവർക്ക് ധന സഹായവും ഇത്തരം കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ചതായി ആരോപണം ഉണ്ട്. കൂടുതൽ കേന്ദ്രങ്ങളെ നിരീക്ഷണത്തിലാക്കിയാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.