'മുസ്ലിം സമുദായമല്ല; ഖാർഗെയുടെ വീട് കത്തിച്ചതും അമ്മയുടെ ജീവനെടുത്തതും റസാക്കർമാര്'-യോഗിയോട് പ്രിയങ്ക് ഖാർഗെ
|'ഖാർഗെയെ തുല്യനായി കാണാനാത്ത, മനുഷ്യർക്കിടയിൽ വിവേചനം സൃഷ്ടിക്കുന്ന പ്രത്യയശാസ്ത്രമാണ് താങ്കളുടേത്. സ്വേച്ഛാധിപതികളിൽനിന്നും താങ്കളൊക്കെ കുത്തിവയ്ക്കുന്ന വിദ്വേഷത്തിൽനിന്നും ഭരണഘടനയെ സംരക്ഷിക്കാനാണ് ഈ 82-ാം വയസിലും ഖാർഗെ അക്ഷീണം പോരാടുന്നത്.'
ബംഗളൂരു: കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ ലക്ഷ്യമിട്ട് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി കർണാടക മന്ത്രിയും മകനുമായ പ്രിയങ്ക് ഖാർഗെ. സമൂഹത്തിൽ വിദ്വേഷ വിത്തുകൾ വിതക്കാതെ നരേന്ദ്ര മോദിയുടെ 'നേട്ടങ്ങൾ' ഉയർത്തി തെരഞ്ഞെടുപ്പ് ജയിക്കാൻ നോക്കൂവെന്ന് പ്രിയങ്ക് യോഗിയോട് ആവശ്യപ്പെട്ടു. റസാക്കർമാർ ഖാർഗെയുടെ കുടുംബത്തിനെതിരെ നടന്ന അതിക്രമങ്ങളുടെ പഴി മുസ്ലിം സമുദായത്തിന്റെ തലയിലിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈദരാബാദ് നൈസാമിനെ അനുകൂലിച്ചിരുന്ന റസാക്കർമാരാണ് താങ്കളുടെ നാട് ചുട്ടുചാമ്പലാക്കി അമ്മയെയും സഹോദരിയെയുമെല്ലാം കൊലപ്പെടുത്തിയതെന്നും പ്രീണനരാഷ്ട്രീയത്തിനു വേണ്ടി അതു മറച്ചുവയ്ക്കരുതെന്നുമായിരുന്നു യോഗി ഖാർഗെയെ ലക്ഷ്യമിട്ട് പറഞ്ഞത്. എന്നാൽ, റസാക്കർമാർ നടത്തിയ കുറ്റത്തിന് മുസ്ലിം സമുദായത്തെ ഒന്നാകെ മോശക്കാരാക്കരുതെന്നും വിദ്വേഷം മറ്റെവിടെയെങ്കിലും ചെലവാക്കൂവെന്നും പ്രിയങ്ക് സോഷ്യൽ മീഡിയയിലൂടെ തിരിച്ചടിച്ചു. സ്വന്തം ജീവിതത്തിൽ നേരിട്ട ദുരന്തം ഖാർഗെ ഒരിക്കലും ഇരവാദമായി ഉയർത്തി രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടി ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'1948ൽ റസാക്കർമാരാണ് മല്ലികാർജുൻ ഖാർഗെയുടെ വീട് അഗ്നിക്കിരയാക്കുകയും അദ്ദേഹത്തിന്റെ അമ്മയുടെയും സഹോദരിയുടെയും ജീവനെടുക്കുകയും ചെയ്തത്. അന്നു തലനാരിഴയ്ക്കാണ് അദ്ദേഹം രക്ഷപ്പെട്ടത്. ഇതിനുശേഷം ഒൻപതു തവണ എംഎൽഎയും രണ്ടു തവണ ലോക്സഭാ-രാജ്യസഭാ എംപിയും കേന്ദ്രമന്ത്രമന്ത്രിയും ലോക്സഭയിലും രാജ്യസഭയിലും പ്രതിപക്ഷ നേതാവുമെല്ലമായി അദ്ദേഹം. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. ഇങ്ങനെയൊരു ദുരന്തം നേരിട്ടിട്ടും അതു വച്ചു രാഷ്ട്രീയനേട്ടങ്ങൾക്കായി മുതലെടുപ്പ് നടത്തുകയോ ഇരവാദം ഉയർത്തുകയോ വിദ്വേഷം കൊണ്ടുനടക്കുകയോ ഒന്നും ചെയ്തില്ല അദ്ദേഹം. റസാക്കാർമാരാണ് അതു ചെയ്തത്. മുസ്ലിം സമുദായം ഒന്നായല്ല. എല്ലാ സമുദായത്തിലും മോശക്കാരും തെറ്റ് ചെയ്യുന്നവരുമുണ്ടാകും.'-പ്രിയങ്ക് ചൂണ്ടിക്കാട്ടി.
ഖാർഗെയെ തുല്യനായി കാണാനാത്ത, മനുഷ്യർക്കിടയിൽ വിവേചനം സൃഷ്ടിക്കുന്ന പ്രത്യയശാസ്ത്രമാണ് താങ്കളുടേത്. അങ്ങനെയെങ്കിൽ നിങ്ങളെല്ലാവരും മോശക്കാരാകുമോ? അതോ അതു പ്രയോഗവൽക്കിരിക്കുന്നവർ മാത്രമാണോ മോശക്കാർ? അദ്ദേഹത്തെ അയിത്തജാതിക്കാരനെന്നും ദലിതെന്നും ചാപ്പയടിച്ചവർ ആരാണ്? വിവേചനപരമായ പ്രത്യയശാസ്ത്രം നിലനിൽക്കുന്നതുകൊണ്ട് ഒരു സമുദായമൊന്നടങ്കം തെറ്റുകാരാകുമോ?-അദ്ദേഹം യോഗിയോട് ചോദിച്ചു.
ബുദ്ധന്റെയും ബസവണ്ണയുടെയും അംബേദ്കറുടെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും സ്വേച്ഛാധിപതികളിൽനിന്നും താങ്കളൊക്കെ കുത്തിവയ്ക്കുന്ന വിദ്വേഷത്തിൽനിന്നും ഭരണഘടനയെ സംരക്ഷിക്കാനുമാണ് ഈ 82-ാം വയസിലും ഖാർഗെ അക്ഷീണം പോരാടുന്നത്. ഉറച്ചബോധ്യത്തോടെ ആ പോരാട്ടം അദ്ദേഹം തുടരുകയും ചെയ്യും. അതുകൊണ്ട് യോഗീ, താങ്കളുടെ വിദ്വേഷം മറ്റെവിടെയെങ്കിലും ചെലവാക്കുക. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രത്തെയും തത്വശാസ്ത്രത്തെയും തകർക്കാൻ താങ്കൾക്കാകില്ല. രാഷ്ട്രീയനേട്ടങ്ങൾക്കു വേണ്ടി സമൂഹത്തിൽ വിദ്വേഷവിത്തുകൾ വിതക്കാതെ നരേന്ദ്ര മോദിയുടെ 'നേട്ടങ്ങൾ' ഉപയോഗിച്ച് തെരഞ്ഞെടുപ്പ് ജയിക്കാൻ നോക്കണമെന്നും പ്രിയങ്ക് ഖാർഗെ ആവശ്യപ്പെട്ടു.
'ബാഠേംഗേ തോ കാഠേംഗേ'(ഭിന്നിച്ചാൽ നശിച്ചുപോകും) എന്ന തെരഞ്ഞെടുപ്പ് പ്രചാരണവേദികളിലെ സ്ഥിരം മുദ്രാവാക്യം വിമർശിച്ചതിനായിരുന്നു യോഗി ആദിത്യനാഥ് മല്ലികാർജുൻ ഖാർഗെയ്ക്കെതിരെ തിരിഞ്ഞത്. വൃത്തികെട്ട ചിന്തകളുമായാണ് ബിജെപി നടക്കുന്നതെന്നും 'ബാഠേംഗേ തോ കാഠേംഗേ'യിലാണ് അവർ വിശ്വസിക്കുന്നതെന്നും ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽ നടന്ന തെരഞ്ഞെടുപ്പിൽ റാലിയിൽ ഖാർഗെ വിമർശിച്ചിരുന്നു.
Summary: ‘Yogi ji, take your hate elsewhere’: Karnataka minister Priyank Kharge shuts down UP CM Adityanath on Razakar remarks