India
priyanka gandhi

പ്രിയങ്ക ഗാന്ധി

India

'ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കണം'; ഇസ്രായേലിനെതിരെ പ്രിയങ്ക ഗാന്ധി

Web Desk
|
26 July 2024 1:25 PM GMT

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനും രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: ഗസ്സയില്‍ ഇസ്രായേല്‍ തുടരുന്ന ആസൂത്രിത വംശഹത്യയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഗസ്സയിലെ ആക്രമണം അംഗീകരിക്കാനാകില്ലെന്നും വംശഹത്യയാണ് അവിടെ നടക്കുന്നതെന്നും പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു. ഗസ്സയില്‍ ഇസ്രായേല്‍ നടത്തുന്ന സൈനിക ആക്രമണത്തെ അപലപിക്കാന്‍ ലോകത്തിലെ എല്ലാ സര്‍ക്കാറുകളോടും അവര്‍ ആഹ്വാനം ചെയ്തു.

'സാധാരണക്കാര്‍, അമ്മമാര്‍, അച്ഛന്‍മാര്‍, ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍, അധ്യാപകര്‍, എഴുത്തുകാര്‍, കവികള്‍, മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവരും ആയിരക്കണക്കിന് കുട്ടികളും ഗസ്സയില്‍ നടക്കുന്ന ഭയാനകമായ വംശഹത്യ കാരണം അനുദിനം തുടച്ചുനീക്കപ്പെടുകയാണ്. ഇവര്‍ക്കായി സംസാരിച്ചാല്‍ മാത്രം മതിയാകില്ല. വിദ്വേഷത്തിലും ആക്രമത്തിലും വിശ്വസിക്കാത്ത ഇസ്രായേലി പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ള ശരിയായ ചിന്താഗതിയുള്ള ജനങ്ങളും ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും സര്‍ക്കാറുകളും ഇതിനെ അപലപിക്കണം. കൂടാതെ ഇസ്രായേലിനെ യുദ്ധം നിര്‍ത്താന്‍ പ്രേരിപ്പിക്കുകയും ചെയ്യുക എന്നത് ഓരോരുത്തരുടെയും ധാര്‍മിക ഉത്തരവാദിത്തമാണ്' -പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ബുധനാഴ്ച യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് കയ്യടികള്‍ ഏറ്റുവാങ്ങിയ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചു. നാഗരികതയും ധാര്‍മികതയും ഊന്നിപ്പറയുന്ന ലോകത്ത് ഇസ്രായേലിന്റെ നടപടികളെ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് പ്രിയങ്ക വ്യക്തമാക്കി. എന്നാല്‍, ഇതിന് പകരം ഇസ്രായേല്‍ പ്രധാനമന്ത്രിയെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. അദ്ദേഹം ഇതിനെ പ്രാകൃതവും നാഗരികതയും തമ്മിലുള്ള ഏറ്റുമുട്ടല്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. അദ്ദേഹം തികച്ചും ശരിയാണ്. അയാളും അയാളുടെ സര്‍ക്കാറും ഏറെ പ്രാകൃതമാണ്. അവരുടെ പ്രാകൃത്വത്തിന് ഒട്ടുമിക്ക പാശ്ചാത്യ രാജ്യങ്ങളുടെയും നിര്‍ലോഭമായ പിന്തുണയാണ് ലഭിക്കുന്നത്. ഇത് കണ്ടുകൊണ്ടിരിക്കുന്നത് ഏറെ ലജ്ജാവഹമാണെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു.

നേരത്തെയും പ്രിയങ്ക ഗാന്ധി ഇസ്രായേലിന് ലോകം നല്‍കുന്ന പിന്തുണയെ വിമര്‍ശിച്ച് രംഗത്തുവന്നിരുന്നു. ഗസ്സയില്‍ നീതിയുടെയും മാനവികതയുടെയും അന്താരാഷ്ട്ര മര്യാദയുടെയും എല്ലാ നിയമങ്ങളും ലംഘിച്ചുവെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ അവര്‍ വ്യക്തമാക്കിയിരുന്നു. ഗസ്സയില്‍ നടക്കുന്ന വംശഹത്യയില്‍ ലോകം അന്ധരാണെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.

നീതിയുടെയും മാനവികതയുടെയും അന്താരാഷ്ട്ര മര്യാദയുടെയും എല്ലാ നിയമങ്ങളും ലംഘിക്കപ്പെട്ടു. മനുഷ്യത്വം ചോരയില്‍ മുങ്ങിയിരിക്കുന്നു. ഇന്ന് ശരിയോടൊപ്പം നിലനില്‍ക്കുകയും അതിന് വേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്നില്ലെങ്കില്‍ നമ്മള്‍ ഓരോരുത്തരും ഇതിന് സങ്കല്‍പ്പിക്കാനാവാത്ത വില നല്‍കേണ്ടി വരുമെന്നും അവര്‍ പറഞ്ഞിരുന്നു.

ഗസ്സയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ 39,175 പേരാണ് ഇതുവരെ ഗസ്സയിലെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കൂടാതെ 90,403 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പോഷകാഹരക്കുറവും പട്ടിണിയും കാരണം 3500ഓളം കുട്ടികള്‍ മരണമുനമ്പിലാണെന്ന് ഗസ്സയില്‍ സര്‍ക്കാര്‍ മീഡിയ ഓഫിസ് പറയുന്നു.


Similar Posts