പ്രിയങ്കാ ഗാന്ധി അസുഖ ബാധിത, ആശുപത്രിയിൽ; യു.പിയിലെ ഭാരത് ന്യായ് യാത്രക്കെത്തില്ല
|സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്
ന്യൂഡൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി അസുഖ ബാധിതയായി ആശുപത്രിയിൽ അഡ്മിറ്റായി. ഇതോടെ ഉത്തർപ്രദേശിലെ ചന്ദൗലിയിൽ ഇന്ന് നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ഇവർ പങ്കെടുക്കില്ല. ബിഹാറിയിൽ നിന്ന് യാത്ര യു.പിയിലെത്തുമ്പോൾ പ്രിയങ്ക ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാൽ തനിക്ക് അസുഖം ബാധിച്ചതായും അത് ഭേദമായ ശേഷം യാത്രയിൽ പങ്കെടുക്കുമെന്നും അവർ എക്‌സിലൂടെ അറിയിക്കുകയായിരുന്നു.
'ഭാരത് ജോഡോ ന്യായ് യാത്ര ഉത്തർപ്രദേശിലെത്തുന്നത് ഞാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. എന്നാൽ അസുഖം ബാധിച്ചതിനാൽ ഞാനിന്ന് ആശുപത്രിയിൽ അഡ്മിറ്റായി. അസുഖം മാറിയാൽ ഞാൻ യാത്രക്കൊപ്പം പെട്ടെന്ന് തന്നെ ചേരും. യാത്ര ചന്ദൗലിയിലെത്തുമ്പോൾ എല്ലാ യാത്രികർക്കും യാത്രക്കായി കഠിനമായി പ്രവർത്തിക്കുകയും ഒരുക്കം നടത്തുകയും ചെയ്ത യുപിയിലെ എന്റെ സഹപ്രവർത്തകർക്കും പ്രിയ സഹോദരനും എല്ലാ വിജയവും നേരുന്നു' പ്രിയങ്ക എക്‌സിൽ കുറിച്ചു.
കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചതോടെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മകൾ പ്രിയങ്കാ ഗാന്ധി മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായിരിക്കുകയാണ്. സോണിയയുടെ മണ്ഡലമായ റായ്ബറേലിയിൽനിന്നാകും പ്രിയങ്ക ജനവിധി തേടുക.
പ്രിയങ്കാ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം
പ്രിയങ്കാ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയപ്രവേശം കോൺഗ്രസുകാർ ഏറെക്കാലമായി കാത്തിരിക്കുന്നതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വാരാണസിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എതിരിടാൻ പ്രിയങ്ക ഒരുക്കമായിരുന്നുവെങ്കിലും പാർട്ടി നേതൃത്വം ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. തോൽവി പ്രിയങ്കയുടെ രാഷ്ട്രീയഭാവിയെ തന്നെ അപകടത്തിലാക്കും എന്ന വിലയിരുത്തലിലായിരുന്നു അന്ന് കോൺഗ്രസ്. സഹോദരൻ രാഹുലിനെ പോലെ നരേന്ദ്രമോദിയെ നിശിതമായി വിമർശിക്കാൻ മടി കാണിക്കാത്ത പ്രിയങ്ക യുപിയിൽ എന്തു ചലനമാണ് ഉണ്ടാക്കുക എന്നാണ് രാഷ്ട്രീയവിദഗ്ധർ ഉറ്റുനോക്കുന്നത്. മുൻവർഷത്തെ തോൽവികളിൽനിന്ന് കോൺഗ്രസ് എന്തു പാഠം പഠിച്ചു എന്ന് ഉരച്ചുനോക്കുന്ന തെരഞ്ഞെടുപ്പു കൂടിയാകും ഇത്തവണത്തേത്. ലോക്സഭാ-നിയമസഭാ തെരഞ്ഞെടുപ്പു വേളകളിൽ കോൺഗ്രസിനെ യുപിയിൽ പുനരുജ്ജീവിപ്പിക്കാനുള്ള ദൗത്യം പ്രിയങ്ക ഏറ്റെടുത്തിരുന്നുവെങ്കിലും വിജയിച്ചിരുന്നില്ല. നിലവിൽ ന്യായ് യാത്രയിലൂടെ ആ ശ്രമം തുടരാനുള്ള ശ്രമത്തിലായിരുന്നുവെങ്കിലും അസുഖ ബാധിതയായി.
റായ്ബറേലിയിൽ തുടങ്ങുമോ പ്രിയങ്ക?
1999 മുതൽ തുടർച്ചയായി അഞ്ചു തവണ സോണിയ ലോക്‌സഭയിലേക്ക് വിജയിച്ച മണ്ഡലമാണ് റായ്ബറേലി. ഗാന്ധി കുടുംബത്തിൽനിന്ന് രാജ്യസഭയിലേക്ക് മത്സരിക്കുന്ന രണ്ടാമത്തെ അംഗമാണ് സോണിയ. മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ആദ്യത്തെയാൾ. 1964 മുതൽ 67 വരെയാണ് ഇന്ദിര ഉപരിസഭയിൽ അംഗമായിരുന്നത്. രാജ്യസഭാ സ്ഥാനാർത്ഥിത്വത്തോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് എഴുപത്തിയേഴുകാരിയായ സോണിയ വിരമിക്കുമെന്ന് ഏകദേശം ഉറപ്പായി. 2019ലെ പൊതുതെരഞ്ഞെടുപ്പിൽ കോൺഗ്രസ് യുപിയിൽ നിന്ന് ജയിച്ച ഏക ലോക്‌സഭാ മണ്ഡലമാണ് റായ്ബറേലി. കോൺഗ്രസിന്റെ പരമ്പരാഗത ശക്തികേന്ദ്രമായ ഇവിടെ മൂന്നു തവണ മാത്രമാണ് കോൺഗ്രസ് ഇതരസ്ഥാനാർത്ഥികൾ വിജയിച്ചിട്ടുള്ളത്. 1977, 1996, 1998 വർഷങ്ങളിൽ. 2004 മുതലാണ് സോണിയ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.
2019ൽ 1,67,178 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോണിയ ബിജെപി സ്ഥാനാർത്ഥി ദിനേശ് പ്രതാപ് സിങ്ങിനെ തോൽപ്പിച്ചത്. അയൽമണ്ഡലമായ അമേഠിയിൽ രാഹുൽഗാന്ധി 55,120 വോട്ടിന് തോറ്റ വേളയിലായിരുന്നു സോണിയയുടെ മിന്നുംജയം. പോൾ ചെയ്ത 55.80 ശതമാനം വോട്ടും സോണിയയാണ് നേടിയത്. മത്സരിച്ച എല്ലാ തെരഞ്ഞെടുപ്പിലും ലക്ഷത്തിലേറെ വോട്ടുകളാണ് അവരുടെ ഭൂരിപക്ഷം. ആദ്യം ജനവിധി തേടിയ 2004ൽ രണ്ടര ലക്ഷമായിരുന്നു ഭൂരിപക്ഷം. 2006ൽ 4.17 ലക്ഷവും. 2009ൽ ഭൂരിപക്ഷം 3.72 ലക്ഷമായി. ബിജെപി അധികാരത്തിലെത്തിയ 2014ൽ 3.52 ലക്ഷത്തിനാണ് സോണിയ സഭയിലെത്തിയത്. ഉത്തർപ്രദേശിലാകെ ആഞ്ഞുവീശിയ 2019ലെ ബിജെപി തരംഗത്തിലും റായ്ബറേലി ഇളകാത്ത കോട്ടയായി കോൺഗ്രസിനൊപ്പം നിന്നു. സോണിയയുടെ ജയം 1.67 ലക്ഷം വോട്ടുകൾക്ക്. സോണിയക്ക് പകരം പ്രിയങ്കയെത്തിയാൽ കോൺഗ്രസ് അണികൾക്ക് ആവേശമേറുമെന്ന് ഉറപ്പ്. എന്നാൽ അവ വോട്ടായി മാറിയാൽ പാർലമെൻറിൽ പ്രിയങ്കയെ കാണാം.
കോൺഗ്രസിന് ഉണർവായി ന്യായ് യാത്ര
മണിപ്പൂർ മുതൽ മുംബൈ വരെയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര സഞ്ചരിക്കുക. ഇപ്പോൾ ബിഹാറിലൂടെയാണ് യാത്ര നീങ്ങുന്നത്. ഇന്നലെ രാഹുലും കോൺഗ്രസ് പ്രസിഡൻറ് മല്ലികാർജുൻ ഖാർഗെയും ഔറംഗാബാദിൽ വൻ റാലിയെ അഭിസംബോധന ചെയ്തിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് യാത്ര യുപിയിൽ കടക്കുക. ഏറ്റവും കൂടുതൽ ലോക്‌സഭാ എംപിമാരെ നൽകുന്ന ഹിന്ദി ഹൃദയഭൂമിയിലെ യാത്ര പ്രാധാന്യത്തോടെയാണ് കോൺഗ്രസ് കാണുന്നത്. ഫെബ്രുവരി 16 മുതൽ 21 വരെയും പിന്നീട് 24,25 തിയ്യതികളിലുമാണ് യാത്ര യുപിയിൽ പര്യടനം നടത്തുക. 22, 23 ദിവസങ്ങളിൽ വിശ്രമമാണ്.
മണിപ്പൂർ മുതൽ മുംബൈ വരെയുള്ള ന്യായ് യാത്രയിൽ 6,700 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. 15 സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയുടെ മുദ്രാവാക്യം നീതിയാണ്.