India
Priyanka Gandhis name in the ED charge sheet
India

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്ക കർണാടകയിലും തെലങ്കാനയിലും മത്സരിക്കുമെന്ന് റിപ്പോർട്ട്

Web Desk
|
13 Jan 2024 1:05 PM GMT

കർണാടകയിലെ കൊപ്പാൽ പാർലമെന്റ് മണ്ഡലത്തിലാവും പ്രിയങ്ക മത്സരിക്കുകയെന്നാണ് സൂചന.

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി കർണാടകയിലെയും തെലങ്കാനയിലെയും ഓരോ സീറ്റിൽ മത്സരിക്കുമെന്ന് സൂചന. കർണാടകയിലെ കൊപ്പാൽ മണ്ഡലത്തിലാവും പ്രിയങ്ക മത്സരിക്കുകയെന്നാണ് വിവരം. തെലങ്കാനയിലെ സീറ്റ് ഏതാവുമെന്ന് തീരുമാനിച്ചിട്ടില്ലെന്നും എ.ഐ.സി.സി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കർണാടകയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്ന ജില്ലകളിലൊന്നാണ് കൊപ്പാൽ. ഇവിടെയുള്ള എട്ട് നിയമസഭാ മണ്ഡലങ്ങളിൽ ആറിലും കോൺഗ്രസ് ആണ് വിജയിച്ചത്. പ്രിയങ്കക്ക് മത്സരിക്കാൻ ഏറ്റവും സുരക്ഷിതമായ മണ്ഡലമാണ് കൊപ്പാൽ എന്നാണ് എ.ഐ.സി.സി നടത്തിയ സർവേയിൽ കണ്ടെത്തിയത്. നിലവിൽ ബി.ജെ.പിയിലെ കാരാടി ശങ്കണ്ണയാണ് ഇവിടത്തെ എം.പി.

1978-ൽ ചിക്മംഗളൂരുവിൽനിന്ന് വിജയിച്ചതോടെയാണ് മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് ദേശീയ രാഷ്ട്രീയത്തിൽ തിരിച്ചുവരവുണ്ടായത്. നിലവിൽ കേന്ദ്ര കൃഷി മന്ത്രി ശോഭാ കരന്തലജെ ആണ് ചിക്മംഗളൂർ എം.പി. 1999-ൽ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ബെല്ലാരിയിൽ മുതിർന്ന ബി.ജെ.പി നേതാവ് സുഷമ സ്വരാജിനെ തോൽപ്പിച്ചിരുന്നു.

Similar Posts