India
ഹിമാചൽ മുഖ്യമന്ത്രി: അന്തിമതീരുമാനം പ്രിയങ്കയുടേതെന്ന് റിപ്പോർട്ടുകൾ
India

ഹിമാചൽ മുഖ്യമന്ത്രി: അന്തിമതീരുമാനം പ്രിയങ്കയുടേതെന്ന് റിപ്പോർട്ടുകൾ

Web Desk
|
10 Dec 2022 8:48 AM GMT

പ്രതിഭാ സിംഗും സുഖ് വിന്ദർ സിങ് സുഖുവുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി സജീവമായി രംഗത്തുള്ളത്

ഷിംല: ഹിമാചൽ പ്രദേശിലെ മുഖ്യമന്ത്രിക്കായി കോൺഗ്രസിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ഇതിനിടെ തെരഞ്ഞെടുപ്പ് വിജയത്തിന് നേതൃത്വം നൽകിയ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന.

ഹിമാചൽ പ്രദേശിൽ പാർട്ടിയുടെ പ്രചാരണത്തിന് മുൻനിരയിൽ പ്രിയങ്കാ ഗാന്ധി ഉണ്ടായിരുന്നു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്കൊപ്പം നിരവധി പ്രചാരണ റാലികളിൽ പ്രിയങ്ക പങ്കാളിയായി. കൂടാതെ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ആസൂത്രണം ചെയ്യുന്നതിലും സജീവ സാന്നിധ്യമായിരുന്നു പ്രിയങ്ക. കോൺഗ്രസിന് വിജയം ഉറപ്പാക്കുന്നതിലും ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം പരാജയപ്പെടുത്തുന്നതിലും പ്രിയങ്ക വഹിച്ച പങ്ക് വളരെ വലുതാണെന്നാണ് നേതൃത്വം പറയുന്നത്. പ്രിയങ്കയുടെ നേതൃത്വത്തെ അഭിനന്ദിച്ച് മുതിർന്ന നേതാക്കളടക്കം രംഗത്തെത്തിയിരുന്നു.

പ്രിയങ്കാ ഗാന്ധി പ്രചാരണ ചുമതല വഹിച്ച ആദ്യ തിരഞ്ഞെടുപ്പ് വിജയം കൂടിയാണിത്. ഈ വർഷം ആദ്യം ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രിയങ്ക തന്നെയായിരുന്നു പ്രചാരണത്തിന് നേതൃത്വം നൽകിയത്. എന്നാൽ, സംസ്ഥാനത്ത് കോൺഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങി. അഗ്നിപഥ്, വിലക്കയറ്റം, തൊഴിലില്ലായ്മ, പഴയ പെൻഷൻ പദ്ധതി തുടങ്ങിയ വിഷയങ്ങളാണ് ഹിമാചലിലെ പ്രചാരണ റാലികളിലുടനീളം പ്രിയങ്ക ഉയർത്തിക്കാട്ടിയത്. ഇത് ജനങ്ങളിൽ വലിയ സ്വാധീനം ഉണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ട്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനം സംബന്ധിച്ച് കേന്ദ്ര നിരീക്ഷകർ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തിവരികയാണ്. ഹൈക്കമാൻഡിന് റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് കൂടിക്കാഴ്ച. ഡൽഹി കേന്ദ്രീകരിച്ചാണ് ഇനി ചർച്ചകൾ നടക്കുക. സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന കേന്ദ്ര നിരീക്ഷകർ ഡൽഹിയിലെത്തി ചർച്ചകൾ നടത്തിയ ശേഷം പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് റിപ്പോർട്ട് സമർപ്പിക്കും. സംസ്ഥാനത്തെ സാഹചര്യം ഈ റിപ്പോർട്ടിൽ വ്യക്തമാക്കും.

ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷ പ്രതിഭാ സിംഗും സുഖ് വിന്ദർ സിങ് സുഖുവുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി സജീവമായി രംഗത്തുള്ളത്. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണ സുഖ് വിന്ദർ സിങ് സുഖുവിനാണുള്ളത്. അതിനാൽ ഇദ്ദേഹം തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോർട്ടുകൾ ശക്തമാണ്.

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിന് വലിയ ആത്മവിശ്വാസം പകരുന്ന വിജയമാണ് ഹിമാചൽ പ്രദേശിൽ ഉണ്ടായത്. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ ജൻമനാടായ ഹിമാചലിൽ ഭരണം പിടിക്കാനായത് തിരിച്ചുവരവിന്റെ സൂചനയായാണ് പല കോൺഗ്രസ് നേതാക്കളും വിശേഷിപ്പിക്കുന്നത്. പ്രതിഭാ സിംഗിന്റെ നേതൃത്വത്തിലാണ് വിജയം നേടിയതെന്നും ഹിമാചലിന്റെ അടുത്ത മുഖ്യമന്ത്രി ഇവരാകുമെന്നുമുള്ള റിപ്പോർട്ടുകളും നിലവിലുണ്ട്.

കോൺഗ്രസ് നേതാവും മുൻ ഹിമാചൽ മുഖ്യമന്ത്രിയും ആയിരുന്ന വീരഭദ്ര സിങ്ങിന്റെ ഭാര്യയാണ് പ്രതിഭാ സിങ്. ആറു തവണ ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയായിട്ടുള്ള നേതാവാണ് വീരഭദ്ര സിങ്. തന്റെ ഭർത്താവായിരുന്ന വീരഭദ്ര സിങ്ങിന്റെ ഓർമകൾക്ക് കൂടിയാണ് ഹിമാചൽ പ്രദേശിലെ ജനങ്ങൾ വോട്ട് ചെയ്തതെന്നായിരുന്നു തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം പ്രതിഭാ സിങ്ങിന്റെ പ്രതികരണം. മൂന്ന് തവണ എംഎൽഎയായ വ്യക്തിയാണ് സുഖ് വിന്ദർ സിങ് സുഖു. ഭൂരിഭാഗം എംഎൽഎമാരുടെയും പിന്തുണയും ഇദ്ദേഹത്തിന് ലഭിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ഹിമാചൽ പ്രദേശിൽ ഭൂരിപക്ഷം നേടിയെങ്കിലും സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് മുന്നിൽ കടമ്പകൾ ഏറെയാണ്. പ്രധാന വെല്ലുവിളി മുഖ്യമന്ത്രിയെ കണ്ടെത്തുകയാണ്. പ്രതിഭ സിംഗ്, സുഖ് വിന്ദർ സിങ് സുഖു എന്നിവർക്ക് ഒപ്പം പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രിയുടെ പേരും നേരത്തെ പരിഗണിച്ചിരുന്നു. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ ഹൈക്കമാൻഡിനെ ചുമതലപ്പെടുത്തി കഴിഞ്ഞ ദിവസമാണ് ഒറ്റവരി പ്രമേയം പാസാക്കിയത്. ഡൽഹി കേന്ദ്രീകരിച്ച് നടക്കുന്ന തുടർചർച്ചകൾക്ക് ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

Similar Posts