'സൂര്യനെയും ചന്ദ്രനെയും സത്യത്തെയും ഏറെക്കാലം മറച്ചുവെക്കാനാകില്ല'; സുപ്രിംകോടതിക്ക് നന്ദി പറഞ്ഞ് പ്രിയങ്കാ ഗാന്ധി
|വിധി വന്നതോടെ രാജ്യമെങ്ങുമുള്ള കോൺഗ്രസ് പ്രവർത്തകര്‍ ആഘോഷത്തിലാണ്
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സ്റ്റേ ചെയ്ത സുപ്രിംകോടതി വിധിയിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. സൂര്യനെയും ചന്ദ്രനെയും നീതിയെയും മൂടിവെക്കാൻ കഴിയില്ലെന്ന് ഗൗതമ ബുദ്ധന്റെ വാക്കുകളെ ഉദ്ധരിച്ച് പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്തു. നീതിയുക്തമായ തീരുമാനം എടുത്തതിന് സുപ്രീംകോടതിക്ക് നന്ദി..സത്യമേവ ജയതേ...പ്രിയങ്ക ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസിൽ പരമാവധി ശിക്ഷ സുപ്രിംകോടതി സ്റ്റേ ചെയ്തത്. ഇതോടെ രാഹുൽ ഗാന്ധിക്ക് എം.പിയായി തുടരാം. പരമാവധി ശിക്ഷ വിചാരണ കോടതി എന്തിന് നൽകിയെന്ന് വിധിയിൽ പറയുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. മണ്ഡലത്തിലെ ജനങ്ങളുടെ അവകാശം കൂടി കണക്കിലെടുക്കുന്നുവെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ ബി.ആർ ഗവായ്, പി.എസ് നരസിംഹ, സഞ്ജയ് കുമാർ എന്നിവരങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.
സുപ്രിംകോടതി വിധിയെ വന്നതോടെ രാജ്യമെങ്ങും കോൺഗ്രസ് പ്രവർത്തകര്‍ ആഘോഷത്തിലാണ്. നീതി നടപ്പായെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പ്രതികരിച്ചു.വെറുപ്പിനെതിരായ സ്നേഹത്തിന്റെ വിജയമെന്നും കോൺഗ്രസ് പ്രതികരിച്ചു. വിധി വന്നതോടെ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ വയനാട്ടിലെ ജനങ്ങളും ആഹ്ളാദത്തിലാണ്..'വയനാടിന്റെ രാജകുമാരനാണ് രാഹുൽ ഗാന്ധി. ആ രാജകുമാരൻ തിരിച്ചെത്തിയെന്നായിരുന്നു വിധി അറിഞ്ഞപ്പോൾ നാട്ടുകാരിലൊരാൾ പ്രതികരിച്ചത്. രാഹുലിനെ അയോഗ്യനാക്കിയതുമുതൽ പ്രാർഥനയിലായിരുന്നെന്നും രാഹുലിന്റെ തിരിച്ചുവരവിൽ ഏറെ സന്തോഷിക്കുന്നെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. വയനാട്ടിലെ നിരവധി പാവപ്പെട്ട കുടുംബങ്ങൾക്ക് രാഹുൽ ഗാന്ധി സഹായം ചെയ്തിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. രാഹുലിനെ അയോഗ്യനാക്കിയതിൽ ഗുജറാത്ത് ഹൈക്കോടതിയടക്കം കൈവിട്ടപ്പോൾ പരമോന്നത നീതിപീഠത്തിൽ വലിയ വിശ്വാസമായിരുന്നെന്നും ഇവർ പറയുന്നു. അടുത്ത തെരഞ്ഞെടുപ്പിൽ രാഹുലിന്റെ ഈ തിരിച്ചുവരവ് വലിയ ചലനം സൃഷ്ടിക്കുമെന്നുമായിരുന്നു ചിലരുടെ പ്രതികരണം.
മണ്ഡലത്തിൽ എം.പി ഇല്ലാതിരിക്കുന്നത് പ്രസക്തമായ കാര്യമാണെന്നും മണ്ഡലത്തിലെ വോട്ടർമാരുടെ അവകാശത്തെ ബാധിച്ചിരിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചിരുന്നു. രാഷ്ട്രീയക്കാർ മുമ്പ് സംസാരിച്ചത് എല്ലാം ഓർക്കാൻ കഴിയുന്നുണ്ടോയെന്നും പരാതിക്കാരനോട് കോടതി ആരാഞ്ഞു. എന്നാൽ പൊതുപ്രവർത്തകർ ഇത്തരം പരാമർശം നടത്തുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ആത്മസംയമനം പാലിക്കണമെന്നും രാഹുലിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.