India
ബ്ലൂസ്റ്റാർ ഓപ്പറേഷൻ വാർഷികം: സുവർണ ക്ഷേത്രത്തിന് മുന്നിൽ ഖാലിസ്ഥാൻ മുദ്രാവാക്യം
India

ബ്ലൂസ്റ്റാർ ഓപ്പറേഷൻ വാർഷികം: സുവർണ ക്ഷേത്രത്തിന് മുന്നിൽ ഖാലിസ്ഥാൻ മുദ്രാവാക്യം

Web Desk
|
7 Jun 2022 6:45 AM GMT

ഭിന്ദ്രൻവാലയുടെ പോസ്റ്ററുകളുമായാണ് ഒരുസംഘം സുവര്‍ണക്ഷേത്രത്തിന് മുന്‍പില്‍ തമ്പടിച്ചത്.

അമൃത്സര്‍: ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ വാര്‍ഷികത്തിനിടെ പഞ്ചാബില്‍ സുവര്‍ണക്ഷേത്രത്തിന് മുന്‍പില്‍ ഖാലിസ്ഥാന്‍ അനുകൂല മുദ്രാവാക്യവുമായി മാര്‍ച്ച്. വിഘടനവാദി നേതാവ് ഭിന്ദ്രൻവാലയുടെ ചിത്രങ്ങളുമായാണ് ഒരുസംഘം സുവര്‍ണക്ഷേത്രത്തിന് മുന്‍പില്‍ തമ്പടിച്ചത്.

ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്‍റെ മുപ്പത്തിയെട്ടാം വാർഷികത്തില്‍ ദല്‍ ഖല്‍സ എന്ന സംഘടനയാണ് ആസാദി മാര്‍ച്ച് സംഘടിപ്പിച്ചത്. സൈനിക നടപടിയിൽ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഭിന്ദ്രൻ വാലയുടെ പോസ്റ്ററുകളുമായി നടത്തിയ പ്രകടനത്തില്‍ ഖാലിസ്ഥാന് വേണ്ടിയുള്ള സമരം തുടരുമെന്ന മുദ്രാവാക്യങ്ങളും ഉയര്‍ന്നു. നാടുകടത്തപ്പെട്ട നേതാവ് ഗജീന്ദർ സിങിന്‍റെ ചിത്രങ്ങളും പ്രതിഷേധക്കാരുടെ കൈകളിലുണ്ടായിരുന്നു. പരംജിത് സിങ് മന്ദിന്‍റെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്.

മുൻ എംപി സിമ്രൻജിത് സിങ് മാന്‍റെ നേതൃത്വത്തിലുള്ള ശിരോമണി അകാലിദൾ (അമൃത്സർ) സംഘടനയുടെ പ്രവർത്തകരും ഖാലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ ഉയർത്തി. പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തില്‍ കുടുംബത്തിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

1982ല്‍ ഭിന്ദ്രൻവാല ആയുധധാരികളായ അനുയായികളുമായി സുവർണക്ഷേത്രത്തില്‍ പ്രവര്‍ത്തനം തുടങ്ങിയതോടെയാണ് ഖാലിസ്ഥാന്‍ വാദം ശക്തിപ്പെട്ടത്. സ്വതന്ത്ര പരമാധികാര സിഖ് രാഷ്ട്രം എന്നതായിരുന്നു ലക്ഷ്യം. ഇത് 1984ല്‍ സുവർണക്ഷേത്രത്തിലെ സൈനിക നടപടിയിലേക്ക് നയിച്ചു. 1984 ജൂൺ 6ന് ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ സൈനിക നടപടിക്കിടെ ഭിന്ദ്രൻവാലയെ സൈന്യം വധിച്ചു. നിരവധി പേര്‍ കൊല്ലപ്പെട്ടു. പിന്നാലെയാണ് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്.

Similar Posts