പാക് അനുകൂല മുദ്രാവാക്യം: കർണാടകയിൽ രണ്ട് ബിജെപി പ്രവർത്തകർ പിടിയിൽ
|ഹിന്ദിയിലുള്ള മുദ്രാവാക്യം വിളിച്ചപ്പോൾ ആശയക്കുഴപ്പം മൂലം 'മുർദാബാദി'ന് പകരം 'സിന്ദാബാദ്' വിളിച്ചുപോയതാണെന്നു പ്രതികൾ
ബെംഗളൂരു:പാകിസ്താന് അനുകൂലമായി മുദ്രാവാക്യം മുഴക്കിയ രണ്ട് ബിജെപി പ്രവർത്തകർ കർണാടകയിൽ പിടിയിൽ. 2022 ഡിസംബറിൽ മാണ്ഡ്യയിൽ നടന്ന പ്രതിഷേധത്തിൽ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയവരാണ് ഇന്ന് പിടിയിലായത്. സംഭവത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്ന് അഡ്വക്കേറ്റ് കണ്ണമ്പാടി കുമാർ നൽകിയ പരാതിയിലാണ് നടപടി. ധനായകപുര സ്വദേശിയായ രവിയും മാണ്ഡ്യയിൽനിന്നുള്ള ശിവകുമാർ ആരാധ്യയുമാണ് പിടിയിലായത്.
സംഭവം നടന്ന ഒന്നര വർഷത്തിന് ശേഷമാണ് പൊലീസ് നടപടി. എന്നാൽ കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെട്ട പാക് അനുകൂല മുദ്രാവാക്യ കേസ് വിവാദമായ സാഹചര്യത്തിൽ രാഷ്ട്രീയ പകപോക്കലാണ് ഈ കേസെന്ന് ചിലർ വിമർശനമുന്നയിക്കുന്നുണ്ട്. എന്നാൽ സംഭവം നടന്നത് ബിജെപി സർക്കാറിന്റെ കാലത്തായിരുന്നുവെന്നും മാണ്ഡ്യ എസ്പി എൻ യതീഷ് ഇപ്പോഴാണ് നടപടിയെടുത്തതെന്നും ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യക്തമാക്കി. ഇപ്പോൾ അറസ്റ്റ് നടന്നതിന് പിറകിലെ കാരണം ചോദിച്ചപ്പോൾ കേസിന്റെ വിശദാംശങ്ങൾ അറിയില്ലെന്നും ബിജെപി ഭരണകാലത്ത് നടന്ന സംഭവത്തിൽ അവരെന്ത് കൊണ്ട് നടപടിയെടുത്തില്ലെന്നുമായിരുന്നു മന്ത്രിയുടെ മറുപടി.
അതേസമയം, തങ്ങൾ കടുത്ത ബിജെപി-ആർഎസ്എസ് പ്രവർത്തകരാണെന്നും ചങ്കറുത്താലും പാകിസ്താൻ സിന്ദാബാദെന്ന് വിളിക്കില്ലെന്നും രവിയും ആരാധ്യയും പറഞ്ഞു. ഭാരത് മാതാ കീ ജയ് എന്ന് മാത്രമേ വിളിക്കൂവെന്നും പറഞ്ഞു. അന്ന് ഹിന്ദിയിലുള്ള മുദ്രാവാക്യം വിളിച്ചപ്പോൾ ആശയക്കുഴപ്പം മൂലം 'മുർദാബാദി'ന് പകരം സിന്ദാബാദ് വിളിച്ചുപോയതാണെന്നും പ്രതികൾ പറഞ്ഞു. സംഭവത്തിൽ ഇരുവരും ക്ഷമാപണം നടത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി നടത്തിയ പ്രസ്താവനക്കെതിരെയായിരുന്നു 2022 ഡിസംബറിൽ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചത്.
കോൺഗ്രസ് പ്രവർത്തകന്റെ പരാതിയിൽ മാണ്ഡ്യ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് രവി പിടിയിലായതെന്ന് മാണ്ഡ്യ എസ്പി അറിയിച്ചു. 2022 ഡിസംബർ 22 ന് മാണ്ഡ്യയിലെ സഞ്ജയ് സർക്കിളിലാണ് ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.
അതേസമയം, കർണാടക വിധാൻസഭയിൽ പാകിസ്താൻ അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന കുറ്റം ചുമത്തി ബെംഗളൂരു പൊലീസ് മൂന്നുപേരെ കഴിഞ്ഞ ദിവസം പിടികൂടി. ഹവേരി സ്വദേശി മുഹമ്മദ് ഷാഫി, ബെംഗളൂരു സ്വദേശി മുനവ്വർ, ഡൽഹി സ്വദേശി ഇൽതിയാസ് എന്നിവരെയാണ് പിടികൂടിയത്. ഡോ. സയ്യിദ് നസീർ ഹുസൈൻ രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ അദ്ദേഹത്തിന്റെ അനുയായികളായ ഇവർ പാക് അനുകൂല മുദ്രാവാക്യം മുഴക്കിയെന്ന് ബിജെപി ആരോപിച്ചതിനെ തുടർന്നാണ് നടപടി. പാകിസ്താൻ സിന്ദാബാദെന്ന മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിക്കപ്പെടുന്ന വീഡിയോ ഫെബ്രുവരി 28ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സമൂഹ മാധ്യമത്തിൽ പങ്കുവെച്ചിരുന്നത്. അതേസമയം, ഇവർ 'നസീർ സാബ് സിന്ദാബാദ്' എന്നാണ് മുദ്രാവാക്യം മുഴക്കിയതെന്ന് ഫാക്ട് ചെക്കറായ മുഹമ്മദ് സുബൈർ പറഞ്ഞു.