India
Pro-Palestine Speech: Gujarat Police Arrests Muslim preacher Salman Azhari in Hate Case
India

ഫലസ്തീൻ അനുകൂല പ്രസംഗം: മുസ്‌ലിം പ്രഭാഷകനെ വിദ്വേഷക്കേസിൽ അറസ്റ്റ്‌ചെയ്ത് ഗുജറാത്ത് പൊലീസ്

Web Desk
|
5 Feb 2024 12:45 PM GMT

മുംബൈയിൽ നിന്നുള്ള സുന്നി പണ്ഡിതനും പ്രഭാഷകനുമാണ് മുഫ്തി സൽമാൻ അസ്ഹരി

ജുനാഗഢ്: വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് മുംബൈയിൽനിന്നുള്ള ഇസ്‌ലാമിക പണ്ഡിതൻ മുഫ്തി സൽമാൻ അസ്ഹരിയെ ഗുജറാത്ത് പൊലീസ് (ആൻറി ടെററിസം സ്‌ക്വാഡ്) അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ജുനാഗഢ് നഗരത്തിൽ ബി ഡിവിഷൻ പൊലീസ് സ്‌റ്റേഷന് സമീപത്തെ പൊതുവേദിയിൽ ജനുവരി 31ന് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. പ്രസംഗത്തിന്റെ വീഡിയോ വൈറലായതിനെ തുടർന്നാണ് നടപടി. അസ്ഹരിയെ മുംബൈയിൽ നിന്ന് അഹമ്മദാബാദിലെ എടിഎസ് ഓഫീസിലേക്ക് കൊണ്ടുപോയി.

അസ്ഹരിക്കും പ്രാദേശിക സംഘാടകരായ മുഹമ്മദ് യൂസഫ് മാലിക്, അസിം ഹബീബ് ഒഡേദര എന്നിവർക്കുമെതിരെ ഐപിസിയുടെ 153 ബി (വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കുക) 505(2)(പൊതു ജനദ്രോഹകരമായ പ്രസ്താവനകൾ നടത്തുക) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. മാലികിനെയും ഹബീബിനെയും ഫെബ്രുവരി മൂന്നിന് അറസ്റ്റ് ചെയ്തിരുന്നു. അസ്ഹരിക്കായി അന്വേഷണം തുടർന്ന പൊലീസ് ഞായറാഴ്ചയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അസ്ഹരിയെ ചൊവ്വാഴ്ച ജുനാഗഢ് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, സാധാരണ വേഷം ധരിച്ച 30-40 പേരെത്തിയാണ് മുഫ്തിയെ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോയതെന്നും എന്തിനാണ് എത്തിയതെന്ന് പോലും അവർ വ്യക്തമാക്കിയില്ലെന്നും മുഫ്തിയുടെ അഭിഭാഷകൻ പറഞ്ഞു.

മതപരവും ലഹരി വിരുദ്ധവുമായ ഉള്ളടക്കം പ്രസംഗിക്കാൻ വേണ്ടിയാണ് അറസ്റ്റിലായവർ അനുമതി നേടിയതെങ്കിലും പ്രകോപനകരമായ പ്രസംഗം നടത്തിയെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ അസ്ഹരി ഫലസ്തീനെ കുറിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മുസ്‌ലിംകൾ പീഡിപ്പിക്കപ്പെടുന്നതിനെ കുറിച്ചുമാണ് പ്രസംഗിച്ചതെന്നാണ് മുസ്‌ലിം നെറ്റ്‌വർക്ക് ടിവി റിപ്പോർട്ട് ചെയ്യുന്നത്. ബിജെപി പ്രവർത്തകർ അദ്ദേഹത്തിന്റെ പ്രസംഗം എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറഞ്ഞു. അദ്ദേഹം ഹിന്ദു സമുദായത്തെ ഉന്നമിട്ടുവെന്നത് വ്യാജ ആരോപണമാണെന്നും പറഞ്ഞു.

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെ കുറിച്ചും ലോകത്തിന്റെ വിവിധ ഭാഗങ്ങൾ മുസ്‌ലിംകൾ നേരിടുന്ന പീഡനങ്ങളെ കുറിച്ചുമാണ് അസ്ഹരി പ്രസംഗിച്ചതെന്ന് സിയാസത്ത് ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. പ്രസംഗം പൂർണമായി കേട്ട ശേഷമാണ് ഈ റിപ്പോർട്ടെന്നും പറഞ്ഞു. 'ഓരോ ഖർബലക്കും ശേഷം ഇസ്‌ലാം ജീവിച്ചിരിക്കുക തന്നെ ചെയ്യും' എന്നിങ്ങനെയുള്ള അദ്ദേഹത്തിന്റെ പ്രസംഗഭാഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഫെബ്രുവരി മൂന്നു മുതലാണ് അസ്ഹരിയുടെ പ്രസംഗത്തിന്റെ ഒരു ഭാഗം വൈറലായത്. ഹിന്ദുത്വർ ട്രോളായും അല്ലാതെയും അവ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു.

മുംബൈയിൽ നിന്നുള്ള സുന്നി പണ്ഡിതനും പ്രഭാഷകനുമാണ് മുഫ്തി സൽമാൻ അസ്ഹരി. ജാമിഅ റിയാസുൽ ജന്ന, അൽ അമാൻ എഡ്യക്കേഷൻ ആൻഡ് വെൽഫെയർ ട്രസ്റ്റ്, ദാറുൽ അമാൻ എന്നിവയുടെ സ്ഥാപകനുമാണ്.

അതേസമയം, സൽമാൻ അസ്ഹരിയെ വെറുതെവിടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് സ്‌റ്റേഷന് മുമ്പിൽ അണികളുടെ പ്രതിഷേധം നടന്നു. വിഖ്‌റോളിയിലെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട അസ്ഹരിയെ ഘാട്ട്‌കോപർ പൊലീസ് സ്‌റ്റേഷനിലേക്കാണ് കൊണ്ടുവന്നത്. അറസ്റ്റിന് ശേഷം രാത്രി 11 മണിയോടെ വൻ ജനക്കൂട്ടം അവിടെ തടിച്ചുകൂടി. ഇതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തി. പൊതു ബസിന് കല്ലെറിഞ്ഞെന്ന് കുറ്റപ്പെടുത്തി അഞ്ച് പേരെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

ജനക്കൂട്ടത്തോടെ പിരിഞ്ഞുപോകാൻ പൊലീസിന്റെ ആവശ്യപ്രകാരം അസ്ഹരി പറഞ്ഞു. 'ഞാനൊരു കുറ്റവാളിയല്ല, എന്തെങ്കിലും തെറ്റ് ചെയ്തിട്ടല്ല എന്നെ ഇവിടെ കൊണ്ടുവന്നത്. അവർ ആവശ്യമായ അന്വേഷണം നടത്തുകയാണ്, ഞാൻ അതിനോട് സഹകരിക്കുകയും ചെയ്യുന്നു. എന്റെ വിധി അങ്ങനെയാണെങ്കിൽ ഞാൻ അറസ്റ്റിനും തയ്യാർ' അസ്ഹരി പറഞ്ഞു. നിരവധി യുവാക്കളാണ് അസ്ഹരിയുടെ അറസ്റ്റിനെ തുടർന്ന് പ്രദേശത്തെത്തിയത്.

Pro-Palestine Speech: Gujarat Police Arrests Muslim preacher Salman Azhari in Hate Case

Similar Posts