India
ഫോൺ വിളിച്ച സ്മൃതി ഇറാനിയെ തിരിച്ചറിഞ്ഞില്ല; യുപി ഉദ്യോഗസ്ഥനെതിരെ അന്വേഷണം
India

ഫോൺ വിളിച്ച സ്മൃതി ഇറാനിയെ തിരിച്ചറിഞ്ഞില്ല; യുപി ഉദ്യോഗസ്ഥനെതിരെ അന്വേഷണം

Web Desk
|
30 Aug 2022 3:18 AM GMT

ക്ലർക്കായ ദീപക്കിന്റേത് അലസതയാണെന്നും അയാൾ തന്റെ ജോലി കൃത്യമായി നിർവഹിച്ചില്ലെന്നും അമേത്തി ചീഫ് ഡെവലപ്മെന്റ് ഓഫീസർ (സി.ഡി.ഒ) അങ്കുർ ലതാർ പറഞ്ഞു.

അമേത്തി: ബിജെപി നേതാവും കേന്ദ്രമന്ത്രിയും അമേത്തി എം.പിയുമായ സ്മൃതി ഇറാനി ഫോൺ വിളിച്ചപ്പോൾ തിരിച്ചറിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി യുപിയിലെ സർക്കാർ ഉദ്യോ​ഗസ്ഥനെതിരെ അന്വേഷണം. മുസാഫിർഖാന ലേഖ്പാൽ (ക്ലർക്ക്) ആയ ദീപക്കിനെതിരെയാണ് അന്വേഷണം പ്രഖ്യാപിച്ചത്. എംപിയായ കേന്ദ്രമന്ത്രിയെ തിരിച്ചറിയാത്തിനും ജോലി നിർവഹിക്കുന്നതിൽ വീഴ്ച വരുത്തിയതിനുമാണ് നടപടി.

പ​ഹൽവാൻ സ്വദേശിയായ 27കാരൻ കരുണേഷ് കഴിഞ്ഞദിവസം മന്ത്രിക്കൊരു പരാതി നൽകിയിരുന്നു. തന്റെ പിതാവിന്റെ മരണത്തിനു ശേഷം മാതാവ് സാവിത്രി ദേവി വിധവാ പെൻഷന് അപേക്ഷിച്ചിരുന്നെന്നും എന്നാൽ ക്ലർക്കായ ദീപക് വേരിഫിക്കേഷൻ പൂർത്തിയാക്കാത്തതിനാൽ അത് മുടങ്ങിയെന്നും കരുണേഷിന്റെ പരാതിയിൽ പറയുന്നു.

ഇതിനു പിന്നാലെയാണ് ഇതേക്കുറിച്ച് അന്വേഷിക്കാനായി ശനിയാഴ്ച സ്മൃതി ഇറാനി ദീപക്കിനെ വിളിച്ചത്. എന്നാൽ വിളിച്ചയാളെ ദീപക് തിരിച്ചറിഞ്ഞില്ല. ക്ലർക്കായ ദീപക്കിന്റേത് അലസതയാണെന്നും അയാൾ തന്റെ ജോലി കൃത്യമായി നിർവഹിച്ചില്ലെന്നും അമേത്തി ചീഫ് ഡെവലപ്മെന്റ് ഓഫീസർ (സി.ഡി.ഒ) അങ്കുർ ലാതർ പറഞ്ഞു.

സംഭവത്തിൽ അന്വേഷണത്തിന് മുസാഫിർഖാന സബ് ഡിവിഷനൽ മജിസ്ട്രേറ്റിനോട് ഉത്തരവിടുകയും തുടർന്ന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും ലാതർ വ്യക്തമാക്കി. സ്മൃതി ഇറാനി വിളിച്ചപ്പോൾ ദീപക് ആളെ തിരിച്ചറിയാതിരുന്നതോടെ മന്ത്രിയിൽ നിന്ന് സി.ഡി.ഒ ഫോൺ വാങ്ങുകയും ദീപക്കിനോട് തന്റെ ഓഫീസിൽ ഹാജരാവാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ​ഗൗതംപൂർ ​ഗ്രാമസഭയിലാണ് ദീപക്ക് ജോലി ചെയ്യുന്നത്.

Similar Posts